Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്'; 'അവൻ രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നത് അഭിമാനം'; മഞ്ജുളയെന്ന ആ അമ്മയുടെ വാക്കുകൾ ഹൃദയത്തിലേറ്റി രാജ്യം; ഗൽവൻ താഴ് വരയിൽ ചൈനയുടെ അധിനിവേശത്തെ വീറോടെ ചെറുത്ത് വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന് മഹാവീർചക്ര

'ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്'; 'അവൻ രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നത് അഭിമാനം'; മഞ്ജുളയെന്ന ആ അമ്മയുടെ വാക്കുകൾ ഹൃദയത്തിലേറ്റി രാജ്യം; ഗൽവൻ താഴ് വരയിൽ ചൈനയുടെ അധിനിവേശത്തെ വീറോടെ ചെറുത്ത് വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന് മഹാവീർചക്ര

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് അതിക്രമങ്ങളെ ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസർ . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ധീരതയ്ക്കുള്ള ബഹുമതിയായ മഹാവീർ ചക്ര രാഷ്ട്രപതി പ്രഖ്യാപിച്ചത്.

ചൈനീസ് സേനയ്‌ക്കെതിരെ മണിക്കൂറുകളോളം ചെറുത്തുനിൽപ്പ് നടത്തിയാണ് സന്തോഷ് ബാബു ജന്മനാടിനെ കാത്തത്. പരമോന്നത ബഹുമതിയായ പരമവീർ ചക്രയ്ക്ക് ശേഷം സൈനിക തലത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് മഹാവീർ ചക്ര. സന്തോഷ് ബാബുവിനെക്കൂടാതെ ഗാൽവാൻ താഴ്‌വരയിൽ ചൈനയോട് പോരാടിയ സൈനികർക്കും ധീരതയ്ക്കുള്ള മെഡൽ സമ്മാനിക്കും.

2020 ഏപ്രിൽ മുതൽ അതിർത്തിയിൽ ഇന്ത്യക്കെതിരെ ചൈനീസ് പ്രകോപനങ്ങൾ തുടരവെ ജൂണിലാണ് ഗാൽവാനിൽ ചൈന അക്രമം അഴിച്ചുവിട്ടത്. ഇരുപതോളം ഇന്ത്യൻ സൈനികരാണ് അന്ന് ഗാൽവാനിൽ രക്തസാക്ഷിത്വം വഹിച്ചത്. കേണൽ സന്തോഷ് ബാബുവായിരുന്നു അന്ന് കമാൻഡിങ് ഓഫീസർ. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അതിർത്തി പ്രദേശമായ പാംഗോംങ്തടാകം കൈയേറാൻ ചൈന ശ്രമിച്ചത്. ഇതാണ് പിന്നീട് വൻ സൈനിക നീക്കത്തിന് വഴിവച്ചത്.

ഗാൽവാനിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കുന്നതറിഞ്ഞ് സംഘർഷ മേഖലയിലേക്ക് പാഞ്ഞെത്തിയ കേണൽ സന്തോഷ് ബാബു വീരോചിതമായി പോരാടിയാണ് വീരമൃത്യു വരിച്ചത്. അന്ന് ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ ഭാഗത്ത് എത്രപേർ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കുകൾ ചൈനീസ് സൈന്യം പുറത്തു വിട്ടിരുന്നില്ല.

കേണൽ സന്തോഷ് ബാബു. ഒന്നരവർഷമായി ഇന്ത്യ-ചൈന അതിർത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലമാറ്റം ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്.

2004 ൽ കരസേനയിൽ ചേർന്ന തെലങ്കാന സൂര്യാപേട്ട് സ്വദേശിയായ കേണൽ സന്തോഷ് ബാബു കഴിഞ്ഞ ഡിസംബറിലാണ് കരസേനയുടെ 16 ബിഹാർ ബറ്റാലിയന്റെ ചുമതല ഏറ്റെടുത്തത്. ലഫ്റ്റനന്റ് കേണലിൽ നിന്ന് കേണലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് ഫെബ്രുവരിയിൽ അദേഹത്തിന് ഹൈദരാബാദിലേക്ക് മാറ്റം ലഭിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ കാരണം ലഡാക്കിൽ തുടരുകയായിരുന്നു. ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിൾസിൽ കാലാവധി പൂർത്തിയാക്കിയ കേണൽ സന്തോഷ് ബാബു കോംഗോയിലെ യു . എൻ സമാധാന സേനയുടെ ഇന്ത്യൻ സംഘത്തിന്റെ ഭാഗമായിരുന്നു.

മാതൃരാജ്യത്തിന് ജീവൻ വെടിഞ്ഞ മകനെ ഓർത്ത് അഭിമാനമുണ്ടെന്ന് ബി.സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുള നേരത്തെ പ്രതികരിച്ചിരുന്നു. ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്, അതേസമയം, അവൻ രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നത് അഭിമാനം നൽകുന്ന കാര്യമാണെന്ന് മഞ്ജുള അന്ന് പറഞ്ഞിരുന്നു.

'ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് സന്തോഷ് സൈനിക് സ്‌കൂളിൽ ചേർന്നത്. എനിക്കും സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം. എന്നാൽ അത് പൂർത്തീകരിക്കാൻ സാധിച്ചില്ല. മകനിലൂടെ ഈ ആഗ്രഹം സഫലമാക്കുകയായിരുന്നു. സന്തോഷ് വളരെ കഴിവുള്ളവനും 15 വർഷത്തെ സർവീസിനിടെ കേണൽ റാങ്ക് വരെയുള്ള സ്ഥാനക്കയറ്റങ്ങൾ സ്വന്തമാക്കിയ സൈനികനുമായിരുന്നു'- കേണൽ സന്തോഷിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് കേണൽ സന്തോഷിന്റെ പിതാവ് ഉപേന്ദർ പ്രതികരിച്ചിരുന്നു.

ഗാൽവാനിൽ ചൈനീസ് സൈനികരെ നേരിട്ട ഇന്ത്യൻ സൈനികർക്ക് യുദ്ധസമയത്തെ ധീരതയ്ക്കുള്ള ബഹുമതികൾ നൽകണമെന്ന് സൈന്യം ശുപാർശ ചെയ്തിരുന്നു. സാധാരണ സമാധാന കാലത്ത് നടക്കുന്ന സംഘർഷങ്ങളിൽ വീരമൃത്യു വരിക്കുന്നവർക്ക് മഹാവീർ ചക്ര പോലുള്ള ബഹുമതികൾ നൽകാറില്ല. കാർഗിൽ യുദ്ധസമയത്തിനു ശേഷമുള്ള ആദ്യ മഹാവീർ ചക്രയാണ് കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി ലഭിക്കുന്നത്.

വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കലക്ടറായി നേരത്തെ നിയമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് സന്തോഷി ബാബുവിന് നിയമന കത്ത് കൈമാറിയത്. സന്തോഷിക്കും കുടുംബത്തിനും വാഗ്ദാനം ചെയ്ത വീടിന്റെ രേഖകൾ കലക്ടർ ശ്വേത മൊഹന്തി സന്തോഷിക്ക് കൈമാറിയിട്ടുണ്ട്. 39 കാരനായ സന്തോഷ് ബാബുവിന് നാലുവയസായ മകനും എട്ടുവയസുകാരിയായ മകളുമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP