Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് കൂടുതൽ പേർക്ക് വാക്‌സിൻ വിതരണം ചെയ്യും; വാക്സിനേഷൻ കേന്ദ്രങ്ങൾ 249 ആക്കും; ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ കഴിഞ്ഞാൽ അടുത്തത് കോവിഡ് മുന്നണി പോരാളികൾക്ക്

സംസ്ഥാനത്ത് കൂടുതൽ പേർക്ക് വാക്‌സിൻ വിതരണം ചെയ്യും; വാക്സിനേഷൻ കേന്ദ്രങ്ങൾ 249 ആക്കും; ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ കഴിഞ്ഞാൽ അടുത്തത് കോവിഡ് മുന്നണി പോരാളികൾക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ വർധിപ്പിക്കാനും തീരുമാനം. ഇതിനായി കൃത്യമായ ആക്ഷൻപ്ലാൻ തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ എത്രയും വേഗം വർധിപ്പിക്കുന്നതാണ്. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. എന്നാൽ കൂടുതൽ വാക്സിൻ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നു. ഇപ്പോൾ 141 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വർധിപ്പിച്ച് 249 വരെയാക്കാനാണ് ഈ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയിൽ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയിൽ 30 കേന്ദ്രങ്ങളും സജ്ജമാക്കുന്നതാണ്. ഒരു ജില്ലയിൽ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 13 ഓടെ ആദ്യം വാക്സിൻ എടുത്ത ആരോഗ്യ പ്രവർത്തകർക്ക് രണ്ടാം ഘട്ട വാക്സിനെടുക്കേണ്ട സമയമാകും. അതിനാൽ തന്നെ ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷൻ പൂർത്തിയാക്കി ഫെബ്രുവരി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയിൽ 4 ദിവസമാണ് ഇപ്പോൾ വാക്സിനേഷന് അനുവദിച്ചത്. എന്നാൽ വാക്സിനേഷൻ കൂട്ടാനായി ജില്ലയുടെ സൗകര്യമനുസരിച്ച് വാക്സിനേഷൻ ദിനങ്ങളിൽ മാറ്റം വരുത്താവുന്നതാണ്. പക്ഷെ ഒരു കാരണവശാലും കുട്ടികളുടെ വാക്സിനേഷൻ മുടങ്ങാൻ പാടില്ല. കുട്ടികളുടെ വാക്സിനേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രികൾക്കും പകരം സംവിധാനമുള്ള ആശുപത്രികൾക്കും ഇതിലൂടെ ബുധനാഴ്ചയും വാക്സിനേഷൻ നടത്താൻ സാധിക്കുന്നതാണ്. ജില്ലാ ടാക്സ് ഫോഴ്സ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്.

പലകാരണങ്ങളാൽ ആരോഗ്യ പ്രവർത്തകർക്ക് നിശ്ചയിച്ച സമയത്ത് വാക്സിനെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായതായി കണ്ടെത്തിയിരുന്നു. അതിനാൽ വാക്സിൻ എടുക്കുന്നവർക്ക് 48 മണിക്കൂർ മുമ്പ് അറിയിപ്പ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അന്നേ ദിവസം എത്തിച്ചേരാൻ കഴിയാത്ത ആരോഗ്യ പ്രവർത്തകർക്ക് പകരം രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് ആരോഗ്യ പ്രവർത്തകർക്ക് നൽകി ആ വിടവ് നികത്താനും അതത് കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ കഴിഞ്ഞാൽ അടുത്ത വാക്സിനേഷൻ നൽകുന്നത് കോവിഡ് മുന്നണി പോരാളികൾക്കാണ്. സംസ്ഥാനത്താകെ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടെ ആകെ 4,87,306 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉൾപ്പെടെ 3,93,345 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,572 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 8,824 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP