Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം പിടിക്കാനുറച്ച് കോൺ​ഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ​ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ

കേരളം പിടിക്കാനുറച്ച് കോൺ​ഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ​ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ ഭരണം പിടിക്കാൻ ഉറച്ച് കോൺ​ഗ്രസ്. ഇതിനായി തിരുവനന്തപുരം എംപി ശശി തരൂരിനെ സംസ്ഥാനത്ത് സജീവമാക്കാനാണ് ഇന്നു ചേർന്ന പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ പ്രധാന തീരുമാനം. തരൂരിന് വിദ്യാർത്ഥി- യുവജനങ്ങൾക്കിടയിലും മധ്യവർ​ഗത്തിനിടയിലുമുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാണ് നേതൃത്വത്തിന്റെ നടപടി. അതുകൊണ്ട് ഉടൻ തന്നെ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതൃത്വം ശശി തരൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനവികാരം പ്രതിഫലിക്കുന്ന ഒരു തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുകയാണ് തരൂരിന്റെ പ്രാഥമിക കർത്തവ്യം. ശശി തരൂർ സംസ്ഥാനത്തെ വിവിധ ജനവിഭാ​ഗങ്ങളുമായി ചർച്ച നടത്തി പ്രകടന പത്രികയിലേക്ക് വേണ്ട നിർദ്ദേശങ്ങൾ സമാഹരിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം,കോഴിക്കോട് പാലക്കാട് ജില്ലകളിൽ ഇതിനായി തരൂർ എത്തും. പ്രകടന പത്രിക കോൺ​ഗ്രസ് കാഴ്‌ച്ചപ്പാടിൽ മാത്രമാവരുതെന്നും ജനഹിതം കൂടി ഉൾക്കൊള്ളുന്നതാവണമെന്നുമാണ് യോ​ഗ തീരുമാനം. യുഡിഎഫിന്റെ പ്രകടന പത്രിക സമിതിയുമായും ചർച്ച നടത്തിയ ശേഷമാകും അന്തിമ പത്രിക തയ്യാറാക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗമായിരുന്നു ഇന്ന് തിരുവനന്തപുരത്ത് ചേർന്നത്. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധികളായ അശോക് ഗെഹ്ലോത്ത്, ജി പരമേശ്വര എന്നിവരും പങ്കെടുത്തു.വിജയ സാധ്യതയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും അവർ നിർദ്ദേശിച്ചു.

ആരോ​ഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലായതിനാൽ വി എം.സുധീരനും മണ്ഡലത്തിൽ മേൽപ്പാലം ഉദ്​ഘാടനം അടക്കമുള്ള പരിപാടികളുള്ളതിനാൽ കെ.മുരളീധരനും ഇന്നത്തെ യോ​ഗത്തിന് എത്തിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട്, ക‍ർണാടകയിൽ നിന്നുള്ള ജി.പരമേശ്വര, മുൻ ​ഗോവ മുഖ്യമന്ത്രി ഡിസൂസ എന്നിവരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോ​ഗം ചേർന്നത്. പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യകേരള യാത്ര വലിയ വിജയമാക്കി തീ‍ർക്കാനും തീരുമാനിച്ചു. കോട്ടയത്ത് ഉമ്മൻ ചാണ്ടിയും മലപ്പുറത്ത് ടി സിദ്ധീഖും വയനാട്ടിലും ആലപ്പുഴയിലും കെസി വേണു​ഗോപാലും മറ്റിടങ്ങളിൽ സിറ്റിം​ഗ് എംപിമാരും ഐശ്വര്യ കേരളയാത്രയുടെ ചുമതല വഹിക്കും.

കെവി തോമസ് കോൺ​​ഗ്രസിന്റെ സമുന്നതനായ നേതാവാണ് അദ്ദേഹം കോൺ​ഗ്രസിൽ തന്നെ തുടരുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കോൺ​ഗ്രസിൽ പാർട്ടിയിൽപ്പെട്ട ആർക്കെന്ത് പ്രശ്നമുണ്ടായാലും ചർച്ച ചെയ്യും. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്യും. വിഴിഞ്ഞം കേസിൽ അഴിമതി വന്നാൽ ഒരു നഷ്ടപരിഹാരവും നൽകാതെ കരാർ റദ്ദാക്കാൻ വ്യവസ്ഥയുണ്ട്. 30 ശതമാനം പണി കഴിയുന്നത് വരെ ഈ വ്യവസ്ഥ ബാധകമാണ്. സർക്കാരിന് എന്തു നടപടിയും സ്വീകരിക്കാം. തെരഞ്ഞെടുപ്പിന് മേൽനോട്ടവും തന്ത്രരൂപീകരണവുമാണ് മേൽനോട്ടസമിതിയുടെ ചുമതല. മേൽനോട്ടസമിതിക്ക് ജില്ലാ തലത്തിലും സമിതികളുണ്ടാവുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് ​ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തി തീരുമാനം അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അനൗദ്യോ​ഗിക ചർച്ചകൾ തുടരുകയാണ്. ഈ പ്രാവശ്യം പരസ്യമായ സീറ്റ് ച‍ർച്ചകൾ ഉണ്ടാവില്ല. പാലക്കാട് ​ഗുജറാത്ത് പോലെയാണെന്ന രാജ​ഗോപാലിന്റെ പ്രസ്താവന നേമത്തുകാരെ അപമാനിക്കുന്നതിന് തുല്യമാണ്. നേമത്ത് ഞങ്ങൾക്ക് വിജയപ്രതീക്ഷയുണ്ട്. ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിക്കും. അധ്യക്ഷനായി കെപിസിസി അധ്യക്ഷൻ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ വി എം.സുധീരനും കെ.മുരളീധരനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയും യോഗം ചർച്ച ചെയ്തു. പ്രകടന പത്രിക രൂപീകരണത്തിനായി കോൺ​ഗ്രസ് എംപി ശശി തരൂർ പൊതുജനങ്ങളിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും. ഇതിനായി അദ്ദേഹം നാല് ജില്ലകളിൽ സന്ദർശനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP