Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് പുതിയ അദ്ധ്യക്ഷനില്ല; പ്രഖ്യാപനം ജൂണിൽ മാത്രം; മെയ് മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്; പാർട്ടിയുടെ ശൈലി മാറണമെന്ന് മുതിർന്ന നേതാക്കൾ ; എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് മറുവിഭാഗം

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് പുതിയ അദ്ധ്യക്ഷനില്ല; പ്രഖ്യാപനം ജൂണിൽ മാത്രം; മെയ് മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്; പാർട്ടിയുടെ ശൈലി മാറണമെന്ന് മുതിർന്ന നേതാക്കൾ ; എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് മറുവിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി അധികം നാൾ കാത്തിരിക്കേണ്ട. ബിജെപിയുടെയും മറ്റും പരിഹാസ ശരങ്ങളും കേൾക്കേണ്ട. എഐസിസിസിയുടെ പുതിയ അദ്ധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുക. സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും പ്രവർത്തക സമിതി യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. അതേസമയം സംഘടന തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകൾ വാസ്‌നിക്, പി. ചിദംബരം എന്നിവർ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ശൈലി മാറണം. പലയിടത്തും കോൺഗ്രസിന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
കോൺഗ്രസിലെ എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് മറുവിഭാഗം നേതാക്കൾ പ്രവർത്തക സമിതിയിൽ അഭിപ്രായപ്പെട്ടു. പ്ലീനറി സമ്മേളനം മെയിൽ നടത്താൻ ഡൽഹിയിൽ തുടരുന്ന പ്രവർത്തക സമിതിയിൽ ധാരണയായിട്ടുണ്ട്.

അശോക് ഗെഹ്ലോട്ട്, അമരീന്ദർ സിങ്, എ.കെ. ആന്റണി, താരിഖ് അൻവർ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളാണ് കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ് ബംഗാൾ, തമിഴ്‌നാട്, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷം മതിയെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കാണ് പ്രഥമ പരിഗണന. അതിനുശേഷം പാർട്ടി തെരഞ്ഞെടുപ്പ് മതിയെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണെന്നും അതിനാൽ സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കി. ഇതോടെ ജൂണിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാമെന്ന് പ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ മെയ് മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി സംഘടനാ തെരഞ്ഞടുപ്പിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല പ്രസിഡന്റ് ആയ സോണിയ ഗാന്ധി അനാരോഗ്യം നിമിത്തം പ്രചാരണത്തിൽനിന്നു വിട്ടുനിൽക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോണിയ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കാൻ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്.

ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സോണിയ ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേറ്റത്. അനാരോഗ്യം മൂലം സോണിയയ്ക്കു സജീവമാവാനാവാത്തതിനാൽ രാഹുൽ തുടർന്നും പാർട്ടിയെ നയിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്ന നിലപാടിൽ രാഹുൽ മാറ്റം വരുത്തിയിട്ടില്ല.

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവർത്തക സമിതി ഇന്ന് വീണ്ടും ആവശ്യപ്പെട്ടു. സംഘടന തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രവർത്തക സമിതി പരിശോധിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ പാർലമെന്റ് യോഗം ചേരും. ബജറ്റ് സെഷൻ ആണെങ്കിലും പൊതുജനത്തിന് ആശങ്കയുള്ള ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സർക്കാർ അത് അംഗീകരിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. കർഷക സമരത്തോടുള്ള സർക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. കാർഷിക നിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നയം തുടക്കം മുതലേ വ്യക്തമായതാണ്. ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന, താങ്ങുവില ഇല്ലാതാക്കുന്ന, വിള സംഭരണം തടയുന്ന ഈ നിയമത്തെ പൂർണമായും തള്ളണമെന്നാണ് കോൺഗ്രസ് നിലപാട് എന്നും സോണിയാ ഗാന്ധി പറഞ്ഞു.

കർഷക സമരത്തിനുള്ള കോൺഗ്രസ് ഐക്യദാർഢ്യം തുടരാൻ തീരുമാനിച്ചെന്ന് കെ സി വേണുഗോപാൽ യോ?ഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കർഷകർക്ക് ഐക്യദാർഡ്യവുമായി പ്രവർത്തക സമിതി പ്രമേയം പാസാക്കി. കേന്ദ്രം കർഷകരെ അപമാനിക്കുകയാണ്. കോൺഗ്രസിന്റെ ബ്ലോക്ക് തലം മുതലുള്ള പ്രക്ഷോഭം ഫെബ്രുവരി പത്തിന് മുമ്പ് തുടങ്ങും. ജില്ലാ തലങ്ങളിൽ 20ന് മുമ്പ് ആരംഭിക്കും.സംസ്ഥാന തലത്തിൽ 28 ന് മുമ്പ് പ്രക്ഷോഭം ആരംഭിക്കും.

കോവിഡ് വാക്‌സിൻ ലഭ്യതയിൽ കേന്ദ്രത്തിന് വ്യക്തതയില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് എപ്പോൾ നൽകുമെന്ന് പറയുന്നില്ല. വാക്‌സിൻ വില സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ല. വാക്‌സിൻ എല്ലാവരും സ്വീകരിക്കണം. വാക്‌സിൻ നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്നും പ്രമേയം പാസാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP