Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിലെ മുഖം ഉമ്മൻ ചാണ്ടിയല്ല; പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയർത്തിക്കാട്ടൽ അല്ല; ഭരണം കിട്ടിയാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളയാൾ മുഖ്യമന്ത്രിയാകും; മുല്ലപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പുതിയ കെപിസിസി അധ്യക്ഷൻ വരും; ചെന്നിത്തലയെ തള്ളില്ലെന്ന് വ്യക്തമാക്കി താരിഖ് അൻവർ

തെരഞ്ഞെടുപ്പിലെ മുഖം ഉമ്മൻ ചാണ്ടിയല്ല; പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയർത്തിക്കാട്ടൽ അല്ല; ഭരണം കിട്ടിയാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളയാൾ മുഖ്യമന്ത്രിയാകും; മുല്ലപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പുതിയ കെപിസിസി അധ്യക്ഷൻ വരും; ചെന്നിത്തലയെ തള്ളില്ലെന്ന് വ്യക്തമാക്കി താരിഖ് അൻവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖം ഉമ്മൻ ചാണ്ടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഉമ്മൻ ചാണ്ടിക്ക് കാൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി അധ്യക്ഷ പദവി നൽകിയത് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടൽ അല്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയാൽ കൂടുതൽ എംഎൽഎമാർ പിന്തുണയ്ക്കുന്നയാൾ മുഖ്യമന്ത്രി ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും താരിഖ് അൻവർ സ്ഥിരീകരണം നൽകി. മുല്ലപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പടിസ്ഥാനത്തിൽ ആർക്കും സീറ്റ് നൽകില്ല. കെ. വി തോമസ് പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി

'തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാരോട് ആലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. വിജയസാധ്യത നോക്കിയേ സ്ഥാനാർത്ഥികളെ നിശ്ചയിക്കൂ. മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നു തീരുമാനിച്ചാൽ പാർട്ടി പുതിയ അധ്യക്ഷനെ കുറിച്ചാലോചിക്കും', ചോദ്യങ്ങൾക്ക് മറുപടിയായി താരിഖ് അൻവർ പറഞ്ഞു. കെ.വി. തോമസ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണ്. പാർട്ടിയിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ് അദ്ദേഹം. അദ്ദേഹത്തിനെങ്ങനെയാണ് പാർട്ടി വിടാനാവുകയെന്നും താരിഖ് അൻവർ ചോദിച്ചു.

ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നപ്പോൾ ചെന്നിത്തലയെ തഴഞ്ഞു എന്ന വികാരം ശക്തമായതോടെയാണ് താരിഖ് അൻവർ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ഗ്രൂപ്പ് എംഎൽഎമാരെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളും എ, ഐ ഗ്രൂപ്പുകൾ നടത്തുമെന്നും ഇതോടെ ഉറപ്പായി. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം ഈ ഘടകം കടുന്നവന്നാൽ വിജയസാധ്യത അവതാളത്തിലാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

നേരത്തെ ഉമ്മൻ ചാണ്ടി അദ്ധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി എ.ഐ.സി.സി പ്രഖ്യാപിച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ,കെ.സി വേണുഗോപാൽ, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.മുരളീധരൻ, വി എം. സുധീരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരാണ് സമിതി അംഗങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടവും തന്ത്രങ്ങൾ രൂപീകരിക്കലുമാണ് സമിതിയുടെ ചുമതല.

നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസിനെ സജ്ജമാക്കുന്നതിന് നടത്തിയ ഡൽഹി ചർച്ചകളിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച പാക്കേജിൽ മൗനം പാലിച്ചിച്ചിരിക്കയായിരുന്നു ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനാക്കി ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചപ്പോഴും അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിയാര് എന്നത് ചർച്ചയായിരുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമായി പങ്കിടണമെന്ന നിർദ്ദേശം അനൗപചാരിക ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഒരാളെ സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കേണ്ടെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. അധികാരം ലഭിക്കുമ്പോൾ അക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുത്താൽ മതിയാകുമെന്നാണ് നിലവിലെ ധാരണ.

തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഘടകകക്ഷികളും എൻ.എസ്.എസ്. ഉൾപ്പെടെയുള്ള സമുദായ നേതൃത്വവും ഉമ്മൻ ചാണ്ടിയെ മുന്നിൽനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് മുഖവിലയ്ക്കെടുത്തു. കോൺഗ്രസിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന ക്രൈസ്തവ വിഭാഗങ്ങളിൽ വന്ന വോട്ടുചോർച്ചയാണ് ഈ തീരുമാനത്തിലേക്ക് നയിച്ച മറ്റൊരു ഘടകം.

തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി പുതിയ സമിതിയുണ്ടാക്കി ഉമ്മൻ ചാണ്ടിയെ അതിന്റെ അധ്യക്ഷനാക്കുക വഴി അദ്ദേഹത്തിന് തുടർകാര്യങ്ങളിൽ മേൽൈക്ക ലഭിക്കും. കൂട്ടായ നേതൃത്വമാണെങ്കിലും ഉമ്മൻ ചാണ്ടിയെ കേന്ദ്രീകരിച്ചായിരിക്കും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് അച്ചുതണ്ട് ഇനി ചലിക്കുക. അധികാരം ലഭിച്ചാൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊക്കെ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാം.

മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച പാക്കേജുകളൊന്നും ചർച്ചാവിഷയമല്ലെന്ന് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. അഞ്ചുവർഷം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചയാൾ അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകുന്ന പതിവാണ് കേരളത്തിൽ കോൺഗ്രസിന്റേത്. കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ആ വഴിയിലൂടെ നടന്നു. പ്രതിപക്ഷ നേതാവാണെന്നതിന്റെ സ്വാഭാവിക ആനുകൂല്യം രമേശ് ചെന്നിത്തലയ്ക്കുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് കൂട്ടായ നേതൃത്വമെന്ന ചിന്തയ്ക്ക് കോൺഗ്രസിൽ ബലം കിട്ടിയത്.

ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതലക്കാരനായി നിയമിച്ചതിനെ ഐ ഗ്രൂപ്പ് പരസ്യമായി എതിർക്കില്ല. കൂട്ടായ നേതൃത്വമെന്ന പൊതുനിർദ്ദേശത്തോട് യോജിച്ചുപോകാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. എന്നാൽ പ്രതിപക്ഷ നേതാവ് അപ്രസക്തനാണെന്നും ചെന്നിത്തല നയിച്ചാൽ അധികാരത്തിലെത്താൻ കഴിയില്ലെന്നുമുള്ള പ്രചാരണത്തോട് എതിർപ്പുമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിച്ചേ മതിയാകൂ എന്നതിനാൽ പരസ്യമായി എതിർപ്പുകൾ ഉയർത്തേണ്ടെന്ന നിർദ്ദേശമാണ് ഐ ഗ്രൂപ്പ് നേതൃത്വം അണികൾക്ക് നൽകുന്നത്.

യു.ഡി.എഫ്. സർക്കാരിൽ ഭൂരിപക്ഷ സമുദായംഗത്തെ താക്കോൽസ്ഥാനത്തുകൊണ്ടുവരണമെന്ന എൻ.എസ്.എസ്. നേതൃത്വത്തിന്റെ നിലപാട് ഏറെ വിവാദമായിരുന്നു. കൂടാതെ സമീപ കാലങ്ങളിൽ ക്രിസ്ത്യൻ - മുസ്ലിം വിഭാഗങ്ങളിൽ വന്ന അകൽച്ച യു.ഡി.എഫിന്റെ സന്തുലനത്തെതന്നെ ബാധിക്കുന്ന നിലയിലായിട്ടുണ്ട്. സാമുദായിക സംവരണം, ലൗ ജിഹാദ്, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഹിതം എന്നിവയൊക്കെ ഈ അകൽച്ചയ്ക്ക് കാരണങ്ങളായെന്നാണ് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ പോയ പശ്ചാത്തലത്തിൽ പൊതുസമ്മതിയുള്ള നേതൃത്വത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. തുടർന്ന് അധികാരം ലഭിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാം എന്നതാണ് ഉചിതമെന്ന നിലയിരുത്തലിലാണ് ഹൈക്കമാൻഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP