Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ; അൽപ്പം കൂടി വളർച്ച കാണിക്കാം; പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് സ്പീക്കറുടെ മറുപടി പ്രസംഗം; ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി; ഊരാളുങ്കലിനായി പ്രതിപക്ഷ നേതാക്കളുടെ ശുപാർശ കത്തും സഭയിൽ വായിച്ചു; പ്രമേയം തള്ളി സഭ

രമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ; അൽപ്പം കൂടി വളർച്ച കാണിക്കാം; പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് സ്പീക്കറുടെ മറുപടി പ്രസംഗം; ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി; ഊരാളുങ്കലിനായി പ്രതിപക്ഷ നേതാക്കളുടെ ശുപാർശ കത്തും സഭയിൽ വായിച്ചു; പ്രമേയം തള്ളി സഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ പ്രമേയം തള്ളി നിയമസഭ. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടു രംഗത്തുവന്നെങ്കിലും ചർച്ചയുടെ അവസാനത്തോടെ വോട്ടെടുപ്പിന് നിൽക്കാതെ പ്രമേയം തള്ളുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി പി ശ്രീരാമകൃഷ്ണൻ. സഭയിൽ രാഷ്ട്രീയം പറയാനുള്ള അവസരം ഉപയോഗിച്ചു കൊണ്ട് പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സ്പീക്കറുടെ മറുപടി പ്രസംഗം.

നിയമസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്തതിൽ താൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. വിയോപ്പിന്റെ ശബ്ദത്തെ കേരള നിയമസഭ ആഘോഷിക്കുകയാണ്. ഈ ചർച്ച നടക്കട്ടെയെന്നാണ് താൻ ആഗ്രഹിച്ചതെന്നും സ്പീക്കർ പറഞ്ഞു.രമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന് വിമർശനവും ആക്ഷേപവും ഉന്നയിക്കാം. പക്ഷേ അൽപ്പം കൂടി വളർച്ച കാണിക്കാം.

ഇ എം എസ് സമൃതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം തെറ്റാണ്. ഒരു രൂപ താൻ അഴിമതി കാണിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഈ പണി നിർത്താമെന്നും ശ്രീരാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.മുനീറിന് നന്നായി പകർന്നാട്ടം അറിയാം. ഒരു വശത്ത് കത്തിയും മറ്റൊരു വശത്തും മിനുക്കും ആയി ആടാൻ മുനീറിന് അറിയാം. ഏതെങ്കിലും പത്രലേഖകരുടെ മനോബുദ്ധിക്ക് അനുസരിച്ച് എഴുതുന്ന വാർത്തകളോട് പ്രതികരിക്കാൻ തന്നെ കിട്ടില്ല. പത്ര വാർത്തകൾ ഉപയോഗിച്ച് പലതും ആസൂത്രണം ചെയ്ത പാരമ്പര്യം പ്രതിപക്ഷത്തിനുണ്ടാകും. കൈയിലുള്ള ചാനലിനെ വച്ചും പലതും ചെയ്യും.

കേട്ടുകേൾവിയുടെ പേരിൽ ഇന്ത്യയിലാദ്യമായി സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷ നേതാവാണ് ഇവിടെയുള്ളതെന്നും അദ്ദേഹം ആക്ഷേപിച്ചു.അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് ഇവിടെ. സർക്കാരിനെതിരെ അടിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് സ്പീക്കറെ അടിച്ചത്. ഗോഡ്ഫാദർ സിനിമയിലെ ഇന്നസെന്റിന്റെ പണിയാണ് ഉമ്മർ ഇവിടെ കാണിച്ചത്. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന്റെ പിറ്റേ ദിവസം ഉമ്മറിന്റെ സീറ്റ് പോയി. ഉമ്മറിന് ഇനി നിയമസഭയിൽ മത്സരിക്കാനാകില്ലെന്നും സ്പീക്കർ പറഞ്ഞു.കഴിഞ്ഞ നാലേമുക്കാൽ വർഷത്തെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രസംഗം.

പരമ്പരാഗത ചുമതലകൾ അല്ലാതെ നിയമസഭയ്ക്ക് പലതും ചെയ്യാൻ കഴിയും. അതൊന്നും അൽപ്പം പോലും പ്രതിപക്ഷം പരിഗണിച്ചില്ല. ഒരു കട താൻ ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അതിന്റെ ഉടമസ്ഥനെപ്പറ്റി അന്വേഷിച്ചില്ല എന്നത് തന്റെ തെറ്റാണ്. അത് വച്ച് ഊഹാപോഹങ്ങൾ പരത്തരുത്.പ്രതിപക്ഷം പറയുന്നത് കാലം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ഥാനത്ത് നിന്ന് മാറിനിൽക്കാത്ത സ്പീക്കറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം നിയമസഭ തള്ളി. സ്പീക്കറുടെ സ്ഥാനത്ത് നിന്ന് പി.ശ്രീരാമകൃഷ്ണൻ മാറിനിൽക്കുമെന്ന് പറയുമെന്നാണ് തങ്ങൾ കരുതിയതെന്നും അത് പറയാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

17വർഷങ്ങൾക്ക് ശേഷമാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം ചർച്ചയ്ക്ക് വരുന്നത്. രണ്ടുമണിക്കൂറായിരുന്നു പ്രമേയത്തിന്മേലുള്ള ചർച്ചക്കായി അനുവദിച്ചത്. എന്നാൽ ചർച്ച മൂന്നേമുക്കാൽ മണിക്കൂറോളം നീണ്ടു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്കുള്ള ബന്ധം സംശയകരമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷം പറഞ്ഞു. സഭയുടെ അന്തസ്സും മാന്യതയും കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനായ സ്പീക്കർ തന്നെ അത് ലംഘിച്ചിരിക്കുന്നു. ഇത് സഭയോടുള്ള അനാദരവാണ്. സഭയുടെ അന്തസ്സും ഔന്നിത്യവും കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാൽ ഭരണപക്ഷത്ത് നിന്ന് സംസാരിച്ചവർ ഇത്തരമൊരു പ്രമേയം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസികൾ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതിന് പ്രതിപക്ഷവും കൂട്ടുനില്ക്കുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു. സ്പീക്കർ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.

തന്നെ തെറ്റുകാരനായി ചിത്രീകരിക്കാൻ സാധിക്കില്ലെന്നും ഒരുകാലത്തും തന്റെ തല കുനിയില്ലെന്നും സ്പീക്കർ സഭയിലും ആവർത്തിച്ചു. ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രമേയം ചർച്ച ചെയ്തതിൽ സന്തോഷമുണ്ട്. തനിക്ക് മറുപടി പറയാൻ സാധിച്ചു അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നുപറഞ്ഞുകൊണ്ടായിരുന്നു സ്പീക്കർ മറുപടി നൽകിയത്. പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP