Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിതത്തിലേറ്റ തിരിച്ചടികളിൽ വീറോടെ പൊരുതിക്കയറിയ നേതാവ്; സെനറ്റംഗമായതിന് പിന്നാലെ ഭാര്യയുടേയും മകളുടേയും വേർപാട്; മക്കൾക്ക് കരുതലായി ജിൽ എത്തിയതോടെ കരുത്താർജിച്ച പൊതുജീവിതം; ഹൃദയം തൊട്ടത് കാറും കവിതയും പിന്നെ ഐസ്‌ക്രീമും; അമേരിക്കയ്ക്ക് ഇനി ബൈഡന്റെ ശാന്തഗൗരവ ഭരണം

ജീവിതത്തിലേറ്റ തിരിച്ചടികളിൽ വീറോടെ പൊരുതിക്കയറിയ നേതാവ്;  സെനറ്റംഗമായതിന് പിന്നാലെ ഭാര്യയുടേയും മകളുടേയും വേർപാട്; മക്കൾക്ക് കരുതലായി ജിൽ എത്തിയതോടെ കരുത്താർജിച്ച പൊതുജീവിതം; ഹൃദയം തൊട്ടത് കാറും കവിതയും പിന്നെ ഐസ്‌ക്രീമും; അമേരിക്കയ്ക്ക്  ഇനി ബൈഡന്റെ ശാന്തഗൗരവ ഭരണം

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൻ: ഉറ്റവരുടെ വേർപ്പാടും സങ്കടങ്ങളും ഉള്ളിലൊതുക്കി നിറപുഞ്ചിരിയുമായൊരു നേതാവ്. കുടുംബത്തെ അത്രമേൽ സ്‌നേഹിക്കുകയും ഒപ്പംനിർത്തുകയും ചെയ്യുന്നയാൾ. മക്കളെ ശുശ്രൂഷിക്കാൻ സെനറ്റ് അംഗത്വം പോലും വേണ്ടന്ന് വയ്ക്കാനൊരുങ്ങിയ അച്ഛൻ. യുഎസ് പ്രസിഡന്റായി ജോ ബൈഡൻ ബുധനാഴ്ച സ്ഥാനമേൽക്കുമ്പോൾ, ഏറെയൊന്നും അറിയപ്പെടാത്ത അദ്ദേഹത്തിന്റെ കുടുംബവും അരങ്ങിലേക്ക് എത്തുകയാണ്. ജനകീയനായ നേതാവിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി മുന്നേറുമ്പോഴും ബൈഡൻ, തന്റെ ഊർജസ്രോതസ്സായി കാണുന്നതും ഇവരെത്തന്നെ.

ഡോണൾഡ് ട്രംപിനെപ്പോലെ വിജയാരവങ്ങളുടെ കൊടിക്കൂറ കണ്ട, ലോകത്തുടനീളം വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ പണക്കൊഴുപ്പൊന്നുമില്ലാതെ നാട്യങ്ങളില്ലാത്ത ഒരു ലോകനേതാവ്. ജീവിതം പറഞ്ഞാൽ ഏതൊരു മനുഷ്യന്റെയും കഥ പോലെ.

ജോ ബൈഡൻ, ജിൽ ബൈഡൻ
ഇനി ലോകമാകെ അമേരിക്കയുടെ പ്രഥമ പൗരനും പൗരയുമായി അറിയപ്പെടുക ബൈഡനും പത്‌നി ജില്ലുമാണ്. യുഎസിന്റെ പ്രഥമ കുടുംബം വൈറ്റ് ഹൗസിലേക്കു താമസം മാറ്റും. കരിയറിൽ ഉടനീളം കുടുംബത്തെ വിട്ടൊരു കളിക്കു ബൈഡൻ നിന്നിട്ടില്ല. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടുംബവും അവരെക്കുറിച്ചുള്ള പരാമർശങ്ങളും ഏവരുടെയും ശ്രദ്ധയാകർഷിച്ചു. യുഎസിന്റെ പുതിയ 'പ്രഥമ കുടുംബത്തിലെ' അംഗങ്ങളെ പരിചയപ്പെടാം.

ഇംഗ്ലിഷ് പ്രഫസറാണു ജിൽ ബൈഡൻ. വിദ്യാർത്ഥികൾ 'ഡോ. ബി' എന്നാണു വിളിക്കുന്നത്. വൈറ്റ് ഹൗസിൽ പുതിയ റോൾ എന്തായിരിക്കുമെന്നു തീരുമാനിച്ചിട്ടില്ല. പ്രഥമ വനിതകൾ പരമ്പരാഗതമായി ഔപചാരിക ചുമതലകൾ മാത്രമാണു നിർവഹിക്കാറുള്ളത്. മുഴുവൻ സമയ അദ്ധ്യാപനം തുടരമെന്നാണു ജില്ലിന്റെ ആഗ്രഹം. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന. മുൻഗാമിയായ മിഷേൽ ഒബാമ 2011ൽ ആരംഭിച്ച, സൈനിക കുടുംബങ്ങൾക്കായുള്ള 'ജോയിനിങ് ഫോഴ്‌സസ്' പുനരുദ്ധരിക്കാനും പദ്ധതിയുണ്ട്.

ബൈഡന്റെ ആദ്യ പ്രണയം, വിവാഹം

കോളജ് കാലത്തു ഹൃദയം കവർന്ന നെയ്ലിയയായിരുന്നു ബൈഡന്റെ ആദ്യപ്രണയം. 1966 ലാണു സിറാക്യൂസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്ന നെയ്ലിയയെ ബൈഡൻ വിവാഹം കഴിച്ചത്. ബ്യൂ, ഹണ്ടർ, നവോമി എന്നിങ്ങനെ മൂന്നു മക്കളുമുണ്ടായി.

1972 ൽ ബൈഡൻ സെനറ്റിലേക്കു വിജയിച്ച് ഏതാനും ആഴ്ച കഴിഞ്ഞപ്പോഴായിരുന്നു ദുരന്തമെത്തിയത്. ഡെലവറിൽ നെയ്‌ലിയയും മക്കളും ക്രിസ്മസ് ഷോപ്പിങ്ങിനു പോകുന്നതിനിടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി. നെയ്ലിയയും മകൾ നവോമിയും കൊല്ലപ്പെട്ടു. ബ്യൂവും ഹണ്ടറും പരുക്കുകളോടെ രക്ഷപ്പെട്ടു. 'ദൈവം എന്റെ ജീവിതത്തിൽ ഭയാനകമായൊരു ചതി നടത്തിയെന്നു കരുതി' ദുരന്തത്തെപ്പറ്റി പിൽക്കാലത്ത് ബൈഡൻ എഴുതി. ഡെലവെയർ സർവകലാശാലയിലെ വിദ്യാർത്ഥിനി ജിൽ ട്രേസി ജേക്കബ്‌സിനെ ബൈഡനു പരിചയപ്പെടുത്തിയത് സഹോദരൻ ഫ്രാങ്ക് ബൈഡനാണ്, 1975ൽ. ജിൽ അപ്പോഴേക്കും ഭർത്താവ് ബിൽ സ്റ്റീവൻസണുമായി പിരിഞ്ഞിരുന്നു. കോളജിലെ ഫുട്‌ബോൾ താരമായിരുന്നു സ്റ്റീവൻസൺ. വിവാഹമോചന നടപടികൾ നടക്കുന്നതിനിടെയാണു ബൈഡനെ കണ്ടുമുട്ടുന്നത്.

ജിൽ ജീവിതത്തിലേക്ക്

ആദ്യ ഡേറ്റിന് എത്തിയ ബൈഡനെ കണ്ടപ്പോൾ, ഇയാൾ ശരിയാവില്ലെന്നാണു തോന്നിയതെന്നു ജിൽ പറഞ്ഞിട്ടുണ്ട്. 'ഞാൻ അതുവരെ ഡേറ്റ് ചെയ്തതു ജീൻസും ടീഷർട്ടുമിട്ട ചെറുപ്പക്കാരുമായാണ്. പക്ഷേ ഒരു സ്‌പോർട് കോട്ടും ലോഫേഴ്‌സും ധരിച്ചെത്തിയ ബൈഡനെ കണ്ടപ്പോൾ തോന്നിയത്, ദൈവമേ ഇതു ശരിയാവാൻ പോകുന്നില്ല എന്നായിരുന്നു. എന്നെക്കാൾ ഒൻപതു വയസ്സു മുതിർന്നതായിരുന്നു അദ്ദേഹം' 2016ൽ വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ ജിൽ പറഞ്ഞു.

'ഞങ്ങൾ സിനിമയ്ക്കു പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്കു കൈ തന്ന് അദ്ദേഹം ഗുഡ്‌നൈറ്റ് പറഞ്ഞു. ഞാൻ മുകളിലത്തെ മുറിയിലെത്തി എന്റെ അമ്മയെ വിളിച്ചു, രാത്രി ഒരു മണിക്ക്. എന്നിട്ടു പറഞ്ഞു: അമ്മേ, ഒടുവിൽ ഞാനൊരു ജന്റിൽമാനെ കണ്ടുമുട്ടി!' പതിയെപ്പതിയെ ബൈഡനുമായും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുമായും ജിൽ അടുപ്പമായി. അക്കാലത്ത് ജില്ലിന്റെ സാന്നിധ്യത്തിൽ തനിക്ക് കുടുംബത്തെ തിരികെ ലഭിച്ചെന്നു തോന്നിയതായി ബൈഡൻ 'പ്രോമിസസ് ടു കീപ്പ്' എന്ന ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.

മക്കൾക്ക് ആറും ഏഴും വയസ്സുള്ളപ്പോഴാണു ജില്ലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി ബൈഡൻ ചിന്തിക്കുന്നത്. മക്കളാണ് അതിനെപ്പറ്റി ആദ്യം പറഞ്ഞതെന്നു ബൈഡൻ ഓർക്കുന്നു. അപ്പോഴൊന്നും ജിൽ വിവാഹത്തിന് ഒരുക്കമല്ലായിരുന്നു. അഞ്ചു പ്രാവശ്യം വിവാഹാഭ്യർഥന നടത്തിയ ശേഷമായിരുന്നു സമ്മതം മൂളിയത്. 1977 ജൂൺ 17ന് മക്കളെയും 40 അതിഥികളെയും സാക്ഷിയാക്കി ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചു.

1981 ൽ ജോജിൽ ദമ്പതികൾക്ക് ഒരു മകൾ പിറന്നു. ബൈഡന്റെ ആദ്യ ബന്ധത്തിലെ മക്കൾ പുന്നാരപ്പെങ്ങൾക്ക് ആഷ്ലി എന്നു പേരിട്ടു. തന്റെ രണ്ടാംഭാര്യയാണു ഞങ്ങളെയെല്ലാം ഒരുമിച്ച് നിർത്തുന്നതെന്നു ബൈഡൻ എപ്പോഴും പറയും. ഇക്കാലത്തിലനിടെ 69 കാരിയായ ജിൽ രണ്ടു മാസ്റ്റർ ബിരുദങ്ങൾ നേടി, വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കി. ബൈഡൻ തന്റെ വിജയ പ്രഖ്യാപന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സ്വയം പരിചയപ്പെടുത്തിയതിങ്ങനെ: 'ഞാൻ ജില്ലിന്റെ ഭർത്താവാണ്'!

മക്കൾക്ക് പ്രിയപ്പെട്ട അച്ഛൻ

തന്റെ രാഷ്ട്രീയ ജീവിതവും രണ്ടാം വിവാഹതീരുമാനവും ഉൾപ്പെടെയുള്ള കാര്യങ്ങളുള്ളപ്പോഴും ദുഃഖങ്ങളെ നേരിടാൻ മക്കളുമായുള്ള ബന്ധം സഹായിച്ചതിനെക്കുറിച്ചു ബൈഡൻ പറയാറുണ്ട്. ദുരന്തത്തിൽ തകർന്നുപോയ ബൈഡൻ മക്കളെ ശുശ്രൂഷിക്കാനായി സെനറ്റ് അംഗത്വം രാജിവയ്ക്കാനൊരുങ്ങി. പാർട്ടി നേതൃത്വമാണു പിന്തിരിപ്പിച്ചത്. മക്കൾക്കൊപ്പമുണ്ടാകാൻ വേണ്ടി ബൈഡൻ ഡെലവെയർ വാഷിങ്ടൻ ഡിസി ട്രെയിൻ യാത്ര പതിവാക്കി.

ദിവസവും മൂന്നു മണിക്കൂറായിരുന്നു യാത്ര. സെനറ്റ് അംഗമായിരുന്ന 36 വർഷവും ഇതു തുടർന്നു. ഭാര്യയെയും മകളെയും നഷ്ടമായ ദുരന്തത്തിനുശേഷം ബൈഡന്റെ സ്വഭാവംതന്നെ മാറി. നിസാര കാര്യങ്ങൾക്കു പൊട്ടിത്തെറിക്കുന്ന, ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ട ആളുമായി അദ്ദേഹം. പിതാവിന്റെ പൊതുസേവന ശീലവും രാഷ്ട്രീയ വൈദഗ്ധ്യവും ബ്യൂവിനാണു കിട്ടിയത്. ഇറാഖിൽ സൈനിക സേവനമനുഷ്ഠിച്ച ബ്യൂ, ഡെലവെയറിന്റെ അറ്റോർണി ജനറലായി.

എന്നാൽ, മസ്തിഷ്‌കാർബുദം ബാധിച്ച് 2015ൽ 46ാം വയസ്സിൽ മരിച്ചു. അകാലത്തിൽ വിടവാങ്ങിയ മകൻ ബ്യൂവിനെ കുറിച്ചു രാഷ്ട്രീയ പ്രസംഗങ്ങളിൽ ബൈഡൻ പരാമർശിക്കാറുണ്ട്. പതിവായി ആദ്യഭാര്യയുടെയും മകളുടെയും ബ്യൂവിന്റെയും ശവകുടീരങ്ങൾ സന്ദർശിക്കാറുമുണ്ട്. മറ്റൊരു മകൻ ഹണ്ടർ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. ഇദ്ദേഹത്തെ 2014ൽ ആണു നേവി റിസർവിൽനിന്നു കൊക്കെയ്ൻ പോസിറ്റീവ് പരിശോധനയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തത്.

യുക്രെയ്‌നിലും ചൈനയിലുമുള്ള ബിസിനസ്സ് ഇടപാടുകളെ ചൂണ്ടിക്കാട്ടി ഡോണാൾഡ് ട്രംപിനെ സ്ഥിരമായി ആക്രമിച്ച് ഹണ്ടർ ശ്രദ്ധേയനായി. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 50കാരനായ ഹണ്ടർ ഇപ്പോൾ കലാകാരൻ കൂടിയാണ്. ബിസിനസ് ഇടപാടുകളിൽ മോശം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ഹണ്ടർ പറയുന്നു. ഹണ്ടറിന്റെ കൊക്കെയ്ൻ ഉപയോഗത്തെ ട്രംപ് പരിഹസിച്ചപ്പോൾ, 'എന്റെ മകനെക്കുറിച്ച് അഭിമാനിക്കുന്നു' എന്നായിരുന്നു ബൈഡന്റെ മറുപടി.

പഠിക്കുന്ന കാലത്ത് ഫുട്‌ബോളായിരുന്നു പ്രിയങ്കരം. ഹൈസ്‌കൂൾ ഫുട്‌ബോൾ ടീമിലെ അംഗമായിരുന്ന ബൈഡൻ, വൈഡ് റിസീവറും ഹാഫ്ബാക്കും ആയി കളിച്ചിട്ടുണ്ട്. കാറുകളോടും ഡ്രൈവിങ്ങിനോടും പ്രണയം തുടങ്ങിയതും ചെറുപ്പകാലത്ത്. പിതാവിൽനിന്ന് ലഭിച്ച '67 മോഡൽ കൊർവെറ്റ് സ്റ്റിങ്രേ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം എഴുതുകയും നടപ്പാക്കുകയും ചെയ്തു. വാഹനാപകടത്തിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ബൈഡൻ, ആൺമക്കളുടെ കൂടെ ആശുപത്രിയിലാണു സെനറ്റിലേക്കു സത്യപ്രതിജ്ഞ ചെയ്തത്.

ചെറുപ്പത്തിൽ വിക്കുണ്ടായിരുന്നു. യീറ്റ്‌സിനെയും എമേഴ്‌സണെയും വായിച്ചാണു വിക്ക് മറികടന്നു പൊതുപ്രസംഗങ്ങൾ നടത്തിയത്. 29-ാം വയസ്സിൽ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോഴേക്കും ഭരണഘടനാ പ്രായപരിധിയായ മുപ്പതിലെത്തി. ഒബാമ സർക്കാരിൽ വൈസ് പ്രസിഡന്റായി എട്ടുവർഷക്കാലം ഉണ്ടായിരുന്നപ്പോൾ, തിരക്കു മാറ്റിവച്ച് ആഴ്ചതോറുമുള്ള ഉച്ചഭക്ഷണ നേരത്ത് ഇരുവരും ഒരുമിച്ചു സമയം ചെലവിട്ടിരുന്നു.

പ്രശസ്ത ഐറിഷ് കവി ഷീമസ് ഹീനി ഉൾപ്പെടെയുള്ളരുടെ കവിതകൾ ചൊല്ലുന്നയാളാണ് ഇനി യുഎസിനെ നയിക്കുക. ഹീനി കഴിഞ്ഞാൽ ഗ്രീക്ക് നാടകകൃത്ത് ഐസ്‌കലസിനെയാണ് ഇഷ്ടം. അമേരിക്കൻ കവികളായ ലാങ്സ്റ്റൺ ഹഗ്‌സ്, റോബർട് ഹെയ്ഡൻ എന്നിവരുടെ കവിതകളും ആവർത്തിച്ചു വായിക്കാറുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് എന്ന വലിയ പദവിയാണെങ്കിലും ഐസ്‌ക്രീം കൊതി മാറ്റിവയ്ക്കാനൊന്നും ബൈഡൻ ഒരുക്കമല്ല. ചോക്ലേറ്റ് ചിപ്പ് നുണയുന്നതാണ് ഏറ്റവുമിഷ്ടം.

വർഷങ്ങളായി പൊതുയിടത്തിൽ ഉണ്ടെങ്കിലും സ്വകാര്യ വ്യക്തിത്വം മറ്റുള്ളവർ അറിയണമെന്നില്ലെന്നു ബൈഡൻ സമ്മതിക്കുന്നു. തന്നെക്കുറിച്ചുള്ള അറിയപ്പെടാത്ത ചില കാര്യങ്ങൾ സമൂഹമാധ്യമത്തിൽ ബൈഡൻ തന്നെ പങ്കുവച്ചു. ചില സമയങ്ങളിൽ നിങ്ങൾ എന്നെ ടിവിയിൽ കണ്ടേക്കാം, മറ്റു ചിലപ്പോൾ സമൂഹമാധ്യമങ്ങളിൽ. പക്ഷേ എന്റെ യഥാർഥ ജീവിതം കാണാൻ അവസരമുണ്ടായെന്നു വരില്ല എന്ന ആമുഖത്തോടെയായിരുന്നു വിവരണം. ശബ്ദമുഖരിതമായ ട്രംപിന്റെ കാലത്തിനു പകരം ഇനി ബൈഡന്റെ ശാന്തഗൗരവ ഭരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP