Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തലയെ തഴഞ്ഞു എന്ന വികാരം ഉണ്ടാകാതിരിക്കാൻ സ്വന്തം ഗ്രൂപ്പുകാരോട് അകലം പാലിച്ചു ഉമ്മൻ ചാണ്ടി; എയർപോർട്ടിൽ സ്വീകരണം ഒരുക്കിയവരോടും മുഖം തിരിച്ചു; എഐസിസിയുടെ തീരുമാനം ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമല്ലെന്ന് തുറന്നു പറഞ്ഞ ഉമ്മൻ ചാണ്ടി നൽകുന്നത് തെരഞ്ഞെടുപ്പിൽ എടുക്കുക കൂട്ടായ തീരുമാനങ്ങളെന്ന്

ചെന്നിത്തലയെ തഴഞ്ഞു എന്ന വികാരം ഉണ്ടാകാതിരിക്കാൻ സ്വന്തം ഗ്രൂപ്പുകാരോട് അകലം പാലിച്ചു ഉമ്മൻ ചാണ്ടി; എയർപോർട്ടിൽ സ്വീകരണം ഒരുക്കിയവരോടും മുഖം തിരിച്ചു; എഐസിസിയുടെ തീരുമാനം ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമല്ലെന്ന് തുറന്നു പറഞ്ഞ ഉമ്മൻ ചാണ്ടി നൽകുന്നത് തെരഞ്ഞെടുപ്പിൽ എടുക്കുക കൂട്ടായ തീരുമാനങ്ങളെന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എഐസിസി നിയമിച്ചപ്പോൾ രമേശ് ചെന്നിത്തലയെ തഴഞ്ഞുവെന്ന വികാരം ഐ ഗ്രൂപ്പിനുള്ളിൽ ശക്തമാകുകയാണ്. എന്നാൽ, തെരഞ്ഞെടുപ്പു വിജയം മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞ് വിവാദങ്ങളെ തള്ളിക്കളയുകയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, എംപിമാരായ കെ.മുരളീധരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഫലത്തിൽ തെരഞ്ഞെടുപ്പിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം ഇവിടെ നിന്നാകും എത്തുക. അതേസമയം ഉമ്മൻ ചാണ്ടിയുടെ കടന്നുവരവ് ചെന്നിത്തലയുടെ പ്രാധാന്യം കുറയ്ക്കുമെന്ന വിലയിരുത്തലുകൾ വരുമ്പോൾ സ്വന്തം ഗ്രൂപ്പുകാരാടും കുറച്ചു അകലം പാലിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. പ്രചരണ സമിതി അധ്യക്ഷനായ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോൾ എ ഗ്രൂപ്പുകാർ ഒരുക്കിയ സ്വീകരണത്തിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. പ്രവർത്തകർ പോയ ശേഷമേ വരുന്നുള്ളൂവെന്നും അദ്ദേഹം വാശി പിടിക്കുയായിരുന്നു.

എഐസിസിയുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരം അല്ലെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു. കൂട്ടായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്. കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം മാത്രമാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി സർക്കാരിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചുവരുന്നതിന്റെ തുടക്കം കേരളത്തിൽ നിന്നായിരിക്കണം. അതിനുള്ള അവസരമായി നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണം. എൽഡിഎഫ് സർക്കാർ 5 വർഷം പൂർത്തിയാകാറായപ്പോഴല്ലേ സൗജന്യ റേഷനും മറ്റും നൽകിയതെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. കിറ്റ് കൊടുക്കലല്ല ദാരിദ്ര്യ നിർമ്മാർജനം.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യമായി അരി വിതരണം ചെയ്തു. ഇടതുസർക്കാർ അതു നിർത്തലാക്കി. എപിഎൽ കുടുംബങ്ങൾക്കു കേന്ദ്രസർക്കാർ നൽകുന്ന അരിയുടെ വിലയിൽ നിന്ന് ഇപ്പോൾ 2 രൂപ കൂട്ടിയാണ് ഇവിടെ വാങ്ങുന്നത്. ലൈഫ് മിഷന്റെ പേരിൽ ഇടതുമുന്നണി സർക്കാർ 2 ലക്ഷം വീടു നിർമ്മിച്ചപ്പോൾ യുഡിഎഫിന്റെ കാലഘട്ടത്തിൽ വിവിധ വകുപ്പുകളിലൂടെ 4,21,000 വീടുകളാണ് നിർമ്മിച്ചത്. സംസ്ഥാനത്തെ എല്ലാ സമുദായ നേതാക്കളുമായും കോൺഗ്രസിനു നല്ല ബന്ധമാണുള്ളതെന്ന് ഉമ്മൻ ചാണ്ടി കോട്ടയത്തു പറഞ്ഞു.

കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള സമിതിയാണ് ഉമ്മൻ ചാണ്ടി അധ്യക്ഷനായി വരുന്നത് എഐസിസിയുടെ ഉത്തരവിൽ വ്യക്തമക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി സമിതി തുടർച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്ഥാനാർത്ഥി നിർണയം പ്രസ്തുത സമിതിയുടെ ചുമതലയിൽ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കണ്ടെത്താനായി കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്രീനിങ് കമ്മിറ്റിക്ക് എഐസിസി ഉടനെ രൂപം നൽകുമെന്നാണ് സൂചന. സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ വിലയിരുത്തും. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്കും ഈ സമിതിയാണ് നേതൃത്വം നൽകുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി, തിരഞ്ഞെടുപ്പ് സമിതി, സ്ഥാനാർത്ഥി നിർണയ സമിതി, പ്രചാരണ സമിതി എന്നിവയും ഉടൻതന്നെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.

യുവാക്കൾക്കും സ്ത്രീകൾക്കും അവശ, ദുർബല വിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതുകൂടിയാവും ഇത്തവണ കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടികയെന്നാണ് സൂചന. ജയസാധ്യതയ്ക്കും ജനബന്ധത്തിനും സാമുദായിക പ്രാതിനിധ്യത്തിനുമാകണം മുഖ്യപരിഗണനയെന്നും നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം എംഎൽഎ.മാരുമായി കൂടിയാലോചിച്ചാവും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.

ഉമ്മൻ ചാണ്ടിയുടെ സജീവ പ്രവർത്തനം നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യ ഘടമാണെന്ന് ഹൈക്കമാൻഡ് ഇന്നലെ വിലയിരുത്തിയിരുന്നു. പാർട്ടിക്കുള്ളിലും മുന്നണിക്കകത്തും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ ഉമ്മൻ ചാണ്ടിയാണെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിനൊടുവിൽ തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ അദ്ദേഹത്തെ പാർട്ടി നിയോഗിക്കുകയായിരുന്നു. കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ കേരളത്തിൽ ഭരണം പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികൾ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ ഇക്കുറി ഭരണത്തിലേറേണ്ടത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ജനബന്ധവും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കാനും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകാനും നിർദ്ദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താത്കാലികമായുള്ള വിഷമത്തിൽ അകന്നു നിൽക്കുന്ന, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP