Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ

ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുരാജ് വെഞ്ഞാടമൂടും നിമിഷാ സജയനും പ്രധാന വേഷങ്ങളിൽ എത്തിയ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയെക്കുറിച്ചാണ് ഫേസ്‌ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിൽ ചർച്ചകൾ നിറയുന്നത്. എന്നാൽ മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ എന്ന ചോദ്യം ഉയർത്തി, ഇസ്ലാമിലടക്കം നിലനിൽക്കുന്ന പുരുഷ മോധാവിത്വത്തിനെതിരെ വിരൽ ചൂണ്ടുകയാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ. സ്ത്രീയെ പുരുഷന്റെ പാതി മാത്രമായി കണക്കാക്കുന്ന ഇസ്ലാമിന്റെ അടുക്കളയിൽ സ്ത്രീയുടെ ജീവിതം ഇതിലും ദുരിതമയമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

നവമാധ്യമങ്ങളിൽ വൈറലായ കുറിപ്പ് ഇങ്ങനെയാണ്

മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ ?? ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ ?? ഞങ്ങൾക്കുമുണ്ട് സാറേ അടുക്കളകൾ

വിവാഹപ്രായം ഗവൺമെന്റിന്റെ പേനത്തുമ്പിലായതുകൊണ്ട് മാത്രം പതിനെട്ടിൽ (ഇല്ലേൽ 16/17) തുടങ്ങുന്ന ഞങ്ങളുടെ അടുക്കള ജീവിതം കൂടി കാണിക്കണം .സുബ്ഹിക്ക് എഴുന്നേറ്റ് കുളിച്ച് നിസ്‌കരിച്ച് അടുക്കളയിലേക്ക് വരുന്ന നവവധു...

പണിയെടുക്കുമ്പോൾ അതൊന്ന് ഫ്രീയായി ചെയ്യാൻ പോലും കഴിയാത്തവിധം അലോസരപ്പെടുത്തുന്ന ഷോൾ കൂടിയുണ്ടാകും അവൾക്ക്. ഭർത്താവല്ലാത്ത മറ്റു പുരുഷന്മാർ ആ വീട്ടിൽ ഉള്ളതുകൊണ്ട് നനഞ്ഞ മുടിയൊന്ന് അഴിച്ചിട്ട് ഉണക്കാൻ പോലും നിവൃത്തിയില്ല. (ബെഡ് റൂമിൽ ഷോൾ നിർബന്ധമില്ല കേട്ടോ )

അങ്ങനെ ...പച്ചക്കറി അരിയലും , പ്ലേറ്റ് കഴുകലുമായി പോയിക്കൊണ്ടിരിക്കെ അമ്മായുമ്മ മകളുടെ അടുത്തേക്ക് പറക്കുന്നു...മണ്ഡല കാലത്തിന് പകരം നമുക്ക് റമളാൻ മാസം എടുക്കാം. വൃതശുദ്ധിയുടെ മുന്തിരിച്ചാറ് നുണയുന്ന മാസം.വരൂ... ക്യാമറ ഞമ്മന്റെ അടുക്കളയിലേക്ക് ഫോക്കസ് ചെയ്യൂ...രാവിലെ വീട് വൃത്തിയാക്കലും വസ്ത്രങ്ങൾ കഴുകലും മറ്റും കഴിഞ്ഞ് ളുഹർ നിസ്‌ക്കാരത്തിന് ശേഷം നായിക പാചകത്തിന് കയറുന്നു.

മഗ്രിബ് ബാങ്ക് കൊടുക്കുന്നത് വരെ പൊരിഞ്ഞ യുദ്ധമാണ്.ഇതിനിടയിൽ അസർ നിസ്‌കരിക്കാൻ അഞ്ച് മിനിറ്റ് പാചകത്തിന് ബ്രേക്ക് കൊടുത്തിരുന്നുട്ടോ (അത് പറയാതിരിക്കരുത് ) ബാങ്കിന് പത്ത് മിനിറ്റ് മുൻപ് ഭർത്താവും അവന്റെ ഉപ്പയും ''കഴിഞ്ഞില്ലേ ?'' എന്നും ചോദിച്ച് രംഗ പ്രവേശനം ചെയ്യും.

ഈ സമയം അവസാനത്തെ സ്റ്റെപ്പായ ജ്യൂസ് അടിക്കുന്ന നായിക... അങ്ങനെ ടേബിളിൽ ഉന്നക്കായ , കട്ലറ്റ് , ബ്രഡ് പോള , സമൂസ എന്നീ സ്നാക്കുകളും വത്തക്ക ജ്യൂസും ലെമൺ ജ്യൂസും മാങ്ങ, ആപ്പിൾ , പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്സ് അരിഞ്ഞതും കൊണ്ട് വെച്ച് നായിക ഒന്ന് ശ്വാസം വിടുന്നു.

അപ്പോഴാണ് അമ്മായപ്പന്റെ വളരെ സൗമ്യമായ ചോദ്യം '' തരിക്കഞ്ഞിയില്ലേ മോളേ ?'' നായിക ഞെട്ടുന്നു. ഓൾടെ ഉപ്പ ഗൾഫിലായതുകൊണ്ട് ഉമ്മയും അനിയത്തിനും അനിയനും മാത്രമുള്ള വീടായതുകൊണ്ട് നോമ്പിന് തരിക്കഞ്ഞി അവരുടെ മെനുവിൽ ഉണ്ടാകാറില്ലായിരുന്നു.

''നാളെ മുതൽ ഉണ്ടാക്കാം ഉപ്പാ ''

ഉപ്പാക്ക് സന്തോഷമാകുന്നു.

കഴിച്ച് കഴിഞ്ഞ് ബാപ്പയും മകനും നിസ്‌കരിക്കാൻ പോകുന്നു. ടേബിളിലെ പാത്രങ്ങളെടുത്ത് (ഒറ്റ ട്രിപ്പിൽ പറ്റില്ല. മൂന്നാല് വട്ടമെങ്കിലും നടക്കണം ) നായിക വീണ്ടും അടുക്കളയിലേക്ക് ...പരത്തി വെച്ച പത്തിരിയിൽ കുറച്ച് കൂടി ചുട്ടെടുക്കാനുണ്ട്. നിസ്‌കാരം കഴിഞ്ഞ ഭർത്താവ് നായികയോട് '' ജ്ജ് നിസ്‌ക്കരിച്ചോ ? അടുക്കളയിൽ താളം ചവിട്ടിയിട്ട് മഗ്രിബ് കളാആക്കോ?'' എന്ന് റൂമിൽ നിന്ന് ഉറക്കെ ചോദിക്കുന്നു.

നായിക പത്തിരി വെച്ച കാസ്റ്രോൾ മൂടി വെച്ചിട്ട് നിസ്‌കരിക്കാൻ ഓടുന്നു.
നിസ്‌കാരം കഴിഞ്ഞ് പത്തിരിയും ചിക്കൻ കറിയും ചായയും വിളമ്പി വീണ്ടും ഡൈനിങ് ടേബിൾ സീൻ. (ഈ സീനിൽ വേസ്റ്റ് ടേബിളിലിട്ട് ചിക്കൻ പീസുകൾ കടിച്ച് വലിക്കുന്ന ഭർത്താവിനെയും വാപ്പാനെയും കാണിക്കാം )

കഴിച്ച് കഴിഞ്ഞ് നായിക വീണ്ടും അടുക്കളയിലേക്ക് . ഭർത്താവും ബാപ്പയും തറാവീഹിനായി പള്ളിയിലേക്ക്.. പള്ളിയിൽ നിന്ന് വന്ന പുരുഷൂസ് 'പൂമുഖത്തേക്കൊരു ബ്ലാക് ടീ യേ'... നായിക ഏലയ്ക്കയിട്ട ബ്ലാക്ക് ടീ കൊടുക്കുന്നു(ഇതൊന്നും ഞങ്ങൾക്ക് ഏതെങ്കിലും ഗസ്റ്റ് പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നറിയാമല്ലോ)

ചായ വാങ്ങി കൊണ്ട് ബാപ്പ 'മോളേ.. ജീരക കഞ്ഞി ടേബിളിൽ വെച്ചിട്ട് മോള് പോയി കിടന്നോട്ടാ. ബാപ്പ കുറച്ച് കഴിഞ്ഞിട്ട് കുടിച്ചോളാം ''ജീരക കഞ്ഞി വിളമ്പി വെച്ചിട്ട് കിടക്കാൻ പോകുന്ന നായിക.

വീണ്ടും നാല് മണിക്ക് എണീറ്റ് അത്താഴത്തിന് വേണ്ടത് ഒരുക്കുന്നു. അങ്ങനെ നോമ്പും നോറ്റ് ആ വീട്ടിലെ പണി മുഴുവൻ എടുക്കുന്ന നായിക

ഇടയിൽ ഒരു ഇഫ്ത്താർ വിരുന്ന് കാണിക്കാം. ഡൈനിങ് ടേബിളിൽ പുരുഷൂസും , രാവിലെ മുതൽ നോമ്പ് നോറ്റ് പണിയെടുക്കുന്ന സ്ത്രീകൾ അടുക്കളയിലോ പിറകിലെ വരാന്തയിലോ ഇരുന്ന് നോമ്പ് തുറക്കുന്ന നയന മനോഹര സീൻ കാണാം.

സിങ്കിലെ പൈപ്പ് പൊട്ടലും ജോലിക്ക് വിടാതിരിക്കലുമൊക്കെ ഈ കഥയിലും ഉണ്ട്ട്ടോ...ചെറിയ ഒരു വത്യാസം മാത്രം. ആർത്തവം തുടങ്ങിയാൽ ''പ്രാർത്ഥനകൾക്ക് മാത്രമേ'' അവൾക്ക് അയിത്തമുള്ളു. ആ വീട്ടിലെ പണി മുഴുവൻ എടുക്കുന്നതിലോ അവളുണ്ടാക്കിയത് കഴിക്കുന്നതിലോ അവളെ തൊടുന്നതിലോ അയിത്തമില്ല !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP