Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിന്റെ വൻപട; എംഎസ്എഫ് നേതാവ്‌‌ ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?

'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിന്റെ വൻപട; എംഎസ്എഫ് നേതാവ്‌‌ ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?

ജംഷാദ് മലപ്പുറം

കോഴിക്കോട്: ലീഗിന്റെ വനിതാ വിദ്യാർത്ഥി നേതാവിനെ നിയമസഭാ സഥാനാർഥിയാക്കാൻ സമ്മർദം ചെലുത്തുന്നതിന് പിന്നിൽ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണെന്ന് ലീഗിനുള്ളിൽ ആരോപണം. വർഷങ്ങളുടെ പാരമ്പര്യമുള്ള വനിതാലീഗ് സ്ഥാനാർത്ഥികളെ മാറ്റി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്ലിയയെ മുസ്ലിംലീഗിന്റെ വനിതാ നിയമസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ വനിതാലീഗിൽനിന്നും കലാപക്കൊടി ഉയരും.

പക്വതയില്ലാത്ത രാഷ്ട്രീയമാണ് ഫാത്തിമ തഹ്ലിയക്കുള്ളതെന്നും സോഷ്യൽ മീഡിയയിലൂടെ ആളാകാൻ ശ്രമിക്കുകയും കയ്യടി നേടാനും മാത്രമെ ഇവർക്കുകഴിയുവെന്നുമാണ് ഇക്കൂട്ടർ ആരോപിക്കുന്നത്. തന്റെ പിതാവിനേക്കാൾ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ യാതൊരു ബഹുമാന്യതയുമില്ലാതെ സോഷ്യൽ മീഡിയയിലൂടെ അഭിസംബോധനചെയ്ത തഹ്ലിയയുടെ നിലപാട് ഒരു മുസ്ലിംലീഗ് വനിതക്കുചേർന്നതല്ലെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.

ഇത്തവണ മുസ്ലിംലീഗിൽനിന്നും ഒരു വനിതാനേതാവ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന ലഭിച്ചതോടെ നിരവധി വനിതാ ലീഗ് ഭാരവാഹികളാണ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്. വർഷങ്ങളുടെ പാർട്ടി പരമ്പര്യവും പ്രവർത്തനവുമുള്ള വനിതാലീഗ് ഭാരവാഹികളെ അവഗണിച്ച് എം.എസ്.എഫ് വനിതാ നേതാവിന് സീറ്റ് നൽകിയാൽ ഇത് പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയരാൻ കാരണമാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അതേ സമയം ഇതിനൊരു പരിഹാരമായി യു.ഡി.എഫിൽനിന്നും കൂടുതൽ സീറ്റ് ലഭിക്കുകയാണെങ്കിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ ഇരുകൂട്ടർക്കും തൃപ്തികരമായ തീരുമാനമെടുക്കാൻ പാർട്ടിക്ക് കഴിയും. രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുകയാണെങ്കിൽ ഒരു സീറ്റ് എം.എസ്.എഫിലെ വനിതക്ക് നൽകണമെന്ന് ലീഗ് വനിതാവിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു.

അതേ സമയം ഫാത്തിമ തഹ്ലിയക്കു പി.കെ ഫിറോസിന്റെ പരോക്ഷമായ പിന്തുണയുള്ളതായ ആരോപണം ലീഗിനുള്ളിൽനിന്നു തന്നെ ഉയർന്നിട്ടുണ്ട്. അതോടൊപ്പം സ്ഥാനാർത്ഥി ചർച്ചകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫാത്തിമ തഹ്ലിയ സ്വയം പി.ആർ വർക്ക് നടത്തുന്നതായും ലീഗിനുള്ളിൽ ആരോപണം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗിൽനിന്നു നേരത്തെ ഖമറുന്നീസ അൻവർ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. ഇവർ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

നിലവിലെ ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങൾ പരിശോധിക്കുബോൾ ഒരു വനിത സ്ഥാനാർത്ഥിയെ ഇത്തവണ ലീഗ് മലപ്പുറം ജില്ലയിൽ നിന്നോ കോഴിക്കോട് ജില്ലയിൽ നിന്നോ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഒരു യുവ പ്രതിഭയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. അടുത്ത കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ ലീഗിൽ പേര് എടുത്ത ഒരു വനിതകൂടിയാണ് ഫാത്തിമ തഹ്ലിയ.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായ ഒരു പുതുമുഖം കൂടിയാണവർ. അതുകൊണ്ടുതന്നെ ലീഗിനെ സംബന്ധിച്ചെടുത്തോളം തഹ്ലിയയെ പോലെയുള്ള ഒരു മികച്ച വനിതാ സ്ഥാനാർത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കുന്നത് ഒരു അഭിമാന മുഹൂർത്തം കുടിയാണെന്ന് വാദിക്കുന്നവരുമുണ്ട്.

എംഎസ്എഫ് ഹരിത തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് തഹ്ലിയായുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്. തന്റെ കഴിവുകൊണ്ടും മികച്ച സംസാരം ശൈലികൊണ്ടും ആളുകളെ കയ്യിലെടുക്കാനുള്ള തന്റെ സാമർത്ഥ്യം കൊണ്ടും ഉടൻ തന്നെ ഹരിത പോലെയുള്ള ലീഗ് വിദ്യാർത്ഥി സംഘടനയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. ശേഷം വിദ്യാർത്ഥി സംഘടനയിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തഹ്ലിയ ഹരിത യുടെയും എംഎസ്എഫിന്റെയും സംസ്ഥന തലപ്പത്തേക്ക് എത്തി. ഇതോടെ പിന്നീടങ്ങോട്ട് രാവും പകലും ഇല്ലാതെ മികച്ച പ്രവർത്തനം നടത്തുകയുംചെയ്തു.

പതിനായിരക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ തഹ്ലിയെയെ ഫോളോ ചെയ്യുന്നത് . സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ ഇത്രയേയും കൂടുതൽ അറിയപ്പെട്ട മറ്റൊരു ലീഗ് വനിതാ നേതാവ് വേറെയില്ല. മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഇതിന് മുബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ തഹ്ലിയ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ രാഷ്ട്രീയപ്രവർത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നുണ്ട് . അതേമയം കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ തഹ്ലിയയുടെ പോസ്റ്റുകളെല്ലാം വൈറലായായിരുന്നു. ഇതിനുപുറമെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടന്ന രാജ്യാന്തര സെമിനാറുകളിലും അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ പങ്കെടുത്തിട്ടുണ്ട്.

പിണറായിക്കെതിരെ വിമർശനം

യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയിരുന്നു. യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റർ പിണറായി വിജയൻ?' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായാണ് വിമർശിച്ചത്.

ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും 'മുസ്‌ലിം ലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്നും അഡ്വ. ഫാത്തിമ തഹ്‌ലിയ കുറ്റപ്പെടുത്തിയിരുന്നു. കേരള പൊലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടേണ്ടതെന്നും സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിച്ചിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നതെന്നും കുറിപ്പിൽ വിമർശിച്ചു.

ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആർഎസ്എസ് തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നതെന്നും ഫാത്തിമ തഹ്‌ലിയ കുറിപ്പിൽ കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമ തഹ്‌ലിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനമുന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP