Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുക്കണം; തീരുമാനം എടുക്കേണ്ടത് ഡൽഹി പൊലീസെന്ന് സുപ്രീം കോടതി; നിയമം റദ്ദാക്കണമെന്നതിന് പകരമുള്ള നിർദേശങ്ങൾ അടുത്ത ചർച്ചയിൽ കർഷകർ ഉന്നയിക്കണമെന്ന് നരേന്ദ്ര സിങ് തോമർ

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുക്കണം; തീരുമാനം എടുക്കേണ്ടത് ഡൽഹി പൊലീസെന്ന് സുപ്രീം കോടതി;  നിയമം റദ്ദാക്കണമെന്നതിന് പകരമുള്ള നിർദേശങ്ങൾ അടുത്ത ചർച്ചയിൽ കർഷകർ ഉന്നയിക്കണമെന്ന് നരേന്ദ്ര സിങ് തോമർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കർഷകർ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി ക്രമസമാധാന വിഷയമാണെന്നും ഇക്കാര്യത്തിൽ ഡൽഹി പൊലീസാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി. കർഷകരുടെ ട്രാക്ടർ റാലിയിൽ ഇടപെടില്ലെന്നും പ്രതിഷേധത്തിൽ പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടർ റാലിക്കെതിരായി ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിലാണു സുപ്രീം കോടതി നിലപാട് അറിയിച്ചത്. കർഷകരെ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡൽഹി പൊലീസാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഏത് വ്യവസ്ഥയിൽ, എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് പൊലീസിന് തീരുമാനിക്കാമെന്നും ബഞ്ച് കൂട്ടിച്ചേർത്തു. ഇതിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

നിങ്ങൾ എന്തുചെയ്യണമെന്ന് ഞങ്ങൾ പറയില്ലെന്ന് കേന്ദ്ര സർക്കാരിനോട് കോടതി പറഞ്ഞു. പൊലീസ് ആക്റ്റ് പ്രകാരം നിങ്ങൾക്ക് എന്ത് അധികാരങ്ങളുണ്ടെന്ന് സുപ്രീം കോടതി പറയണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ ജനുവരി 20-ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്തഘട്ട ചർച്ചകൾക്കു മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ നിലപാട് ശക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ രംഗത്തെത്തി. പുതിയ കൃഷി നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിനു പകരമുള്ള നിർദേശങ്ങളുമായി വരണമെന്നു കർഷക സംഘടനകളോടു മന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം കൃഷിക്കാരും വിദഗ്ധരും ശാസ്ത്രജ്ഞരും മറ്റും പുതിയ നിയമങ്ങളെ അനുകൂലിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

'സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉറച്ചുനിൽക്കുന്നതിൽ അർത്ഥമില്ല. കർഷക യൂണിയനുകൾ അൽപംപോലും മാറാൻ തയാറല്ല. ജനുവരി 19ന് കർഷകർ നിയമങ്ങൾ വിശദമായി ചർച്ചചെയ്യുമെന്നും മറ്റ് നിർദേശങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. എതിർപ്പ് സാധുതയുള്ളതാണെങ്കിൽ സർക്കാർ അവ പരിഗണിച്ച് ഭേദഗതികൾ വരുത്തും'- തോമർ പറഞ്ഞു. പ്രധാന ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നില്ല എന്നാണു മന്ത്രിയുടെ വാക്കുകളിൽനിന്നു മനസ്സിലാകുന്നതെന്നു കർഷകർ പ്രതികരിച്ചു.

സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച വ്യക്തികൾക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നോട്ടിസ് നൽകിയതിനെയും കർഷകർ അപലപിച്ചു. എൻഐഎ നടപടികളെ നിയമപരമായി നേരിടുമെന്നു സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. 'മന്ത്രി മനഃപൂർവം ഇത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ സമരക്കാരുടെ മുഖ്യ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ കേട്ട് ഞങ്ങൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് സർക്കാർ കരുതുന്നു. എന്നാൽ ഞങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി ലഭിക്കാൻ തീർച്ചയായും ചർച്ചകൾക്കു പോകും'- ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി യുധ്‌വിർ സിങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP