Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറികൾ പൊതുമേഖലയിലാക്കിയാൽ ഖജനാവിലേക്കെത്തുക വർഷം ആയിരം കോടി രൂപ; സാമ്പത്തികമായി സംസ്ഥാനത്തിന് ​ഗുണം ചെയ്യും എങ്കിലും രാഷ്‌ട്രീയമായി പാർട്ടിക്ക് തിരിച്ചട‌ിയാകും; പ്രകടന പത്രികയിലും ബജറ്റ് ചർച്ചകളിലും ഇടംപിടിച്ചിട്ടും ക്വാറികൾ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കാൻ ധൈര്യമില്ലാതെ തോമസ് ഐസക്ക്

ക്വാറികൾ പൊതുമേഖലയിലാക്കിയാൽ ഖജനാവിലേക്കെത്തുക വർഷം ആയിരം കോടി രൂപ; സാമ്പത്തികമായി സംസ്ഥാനത്തിന് ​ഗുണം ചെയ്യും എങ്കിലും രാഷ്‌ട്രീയമായി പാർട്ടിക്ക് തിരിച്ചട‌ിയാകും; പ്രകടന പത്രികയിലും ബജറ്റ് ചർച്ചകളിലും ഇടംപിടിച്ചിട്ടും ക്വാറികൾ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കാൻ ധൈര്യമില്ലാതെ തോമസ് ഐസക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ക്വാറികളെ പൊതുമേഖലയിലാക്കാൻ ധൈര്യമില്ലാതെ ഇ‌ടത് സർക്കാർ. സംസ്ഥാനത്ത് രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ എന്ന നിലയിലായിരുന്നു ധനവകുപ്പിന്റെ ചർച്ചകളിൽ ക്വാറികളുടെ പൊതുമേഖലാവത്ക്കരണം ഇടംപിടിച്ചിരുന്നത്. ക്വാറികൾ പൊതുമേഖലയിലാക്കിയാൽ വർഷംതോറും ആയിരം കോടിരൂപ അധികവരുമാനമുണ്ടാക്കാനാവുമെന്നായിരുന്നു ധനവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ക്വാറികളെ സർക്കാർ ഏറ്റെടുക്കുന്നത് സാമ്പത്തികമായി സംസ്ഥാനത്തിന് ​ഗുണം ചെയ്യും എങ്കിലും രാഷ്‌ട്രീയമായി പാർട്ടിക്ക് തിരിച്ചട‌ിയാകും എന്ന ഭയം ക്വാറികൾ പൊതുമേഖലയിലാക്കുമെന്ന പ്രഖ്യാപനം ബജറ്റിൽ ഇടംപിടിക്കാതെ പോകുകയായിരുന്നു.

ക്വാറികൾ പൊതുമേഖലയിലാക്കുമെന്നും ശക്തമായ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിൽനിന്ന്‌ പിന്നാക്കം പോവുകയാണ് സർക്കാർ. നിർദ്ദേശം ധനവകുപ്പിന്റെ ചർച്ചകളിൽ വന്നെങ്കിലും ബജറ്റിൽ ഇടംപിടിച്ചില്ല. ബജറ്റിനു മുന്നോടിയായി ഔദ്യോഗികമായും അല്ലാതെയും നടന്ന ചർച്ചകളിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ക്വാറികൾ പൊതുമേഖലയിലാക്കുന്നതിലൂടെ വരുമാനം കണ്ടെത്താമെന്ന നിർദ്ദേശം വെച്ചിരുന്നു. ഇതിലൂടെ വർഷം ആയിരം കോടി രൂപവരെ പ്രതീക്ഷിക്കാം. കുറഞ്ഞത് അഞ്ഞൂറ് കോടി.

സ്വകാര്യമേഖലയിലെ ക്വാറികളെല്ലാം നിർത്തി, പാറഖനനം സർക്കാർ മേഖലയിൽ മാത്രമാക്കണം. പാറ ആവശ്യപ്പെടുന്നവർക്ക് സർക്കാർതന്നെ അത്‌ ലഭ്യമാക്കണം. ഇതിനായി ഓൺലൈൻ സംവിധാനം വേണം. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെംഡെൽ) എന്ന പൊതുമേഖലാ സ്ഥാപനത്തെ വിപുലമായി പുനഃസംഘടിപ്പിച്ച് ഖനനത്തിന്റെയും വിതരണത്തിന്റെയും ചുമതലയേൽപ്പിക്കണം. പരിസ്ഥിതിക്ക് അധികം ദോഷമുണ്ടാകാത്ത തരത്തിലും ജനജീവിതത്തിനു ഹാനികരമല്ലാത്ത തരത്തിലും ശാസ്ത്രീയമായി പ്രദേശങ്ങൾ കണ്ടെത്തി ക്വാറികൾ സ്ഥാപിക്കണമെന്നായിരുന്നു നിർദ്ദേശം.

ക്വാറികൾ പൊതുമേഖലയിലാക്കിയാൽ സർക്കാരിന് വരുമാനം കിട്ടുമെന്നു മാത്രമല്ല, പശ്ചിമഘട്ടത്തെ കാർന്നുതിന്നുന്ന അശാസ്ത്രീയ ഖനനം ഭാവിയിലെങ്കിലും ഒഴിവാക്കാനുമാവും. എന്നാൽ, രാഷ്ട്രീയസമവായമില്ലാത്തതിനാലും സർക്കാരിന്റെ അവസാനകാലമായതിനാലും ഇത്തരമൊരു നിർദ്ദേശം ഇപ്പോൾ പ്രായോഗികമല്ലെന്ന സമീപനമാണ് പൊതുവേയുണ്ടായതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബജറ്റിൽ ആ നിർദ്ദേശം ഇടംപിടിച്ചതുമില്ല.

ശരിക്കും സർക്കാർ ക്വാറി മാഫിയ 

ഉരുൾപൊട്ടലും പ്രകൃതിദുരന്തവും കേരളത്തിൽ കണ്ണുനീർ പ്രളയം തീർക്കുമ്പോഴും സംസ്ഥാനമാകെ കൈപ്പിടിയിലൊതുക്കുകയാണ് ക്വാറി മാഫിയ. ചട്ടങ്ങളും നിയമങ്ങളും ക്വാറിമാഫിയയുടെ കയ്യിലെ കാശിന് മുന്നിൽ തൊഴുത് മാറി നിൽക്കുമ്പോൾ കേരളത്തിലെ ധാതു സമ്പത്ത് തികച്ചും അശാസ്ത്രീയമായ രീതിയിൽ കൊള്ളയടിച്ച് കീശവീർപ്പിക്കുകയാണ് ഒരു സംഘം ആളുകൾ.

2017ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നടത്തിയ പരിശോധനയിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്നായിരുന്നു സംസ്ഥാനത്തെ അനധികൃത ഖനനം തടയാനുള്ള ജില്ലാതല സമിതികൾ പ്രവർത്തനക്ഷമമല്ല എന്നത്. ക്വാറികളെ തുടർച്ചയായി നിരീക്ഷിക്കാനോ വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനോ മലിനീകരണ നിയന്ത്രണ ബോർഡിനും പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിക്കും സംവിധാനമില്ല എന്നും, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കൃത്യമായ പരിശോധന നടത്തുന്നില്ല എന്നും സിഎജി കണ്ടെത്തിയിരുന്നു.

സർക്കാർഭൂമി ലേലത്തിലൂടെ ഖനനത്തിനു നൽകണമെന്ന് 2010ൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും നടപ്പാക്കാത്തതു കാരണം കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണ് പൊതുഖജനാവിനെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൈനിങ് ആൻഡ് ജിയോളജിയുടെ മേഖലാ സ്‌ക്വാഡുകളുടെ പരിശോധന പലയിടത്തും നടക്കുന്നില്ല എന്നും സിഎജി വിളിച്ച് പറഞ്ഞു. ഇത്തരം അപാകതകളെല്ലാം സർക്കാർ സംവിധാനത്തിന്റെ ദൗർബല്യമല്ല, മറിച്ച് ക്വാറി ഉടമകളുടെ പണത്തിന്റെ ശക്തിയാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളിലെയും വർത്തമാനകാലത്തെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സമാന്തര തൊഴിൽ ദാതാവ്

സംസ്ഥാനത്തെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സമാന്തര ഭരണസംവിധാനമായാണ് ക്വാറി മാഫിയ പ്രവർത്തിക്കുന്നത്. അനധികൃത ക്വാറി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതിപ്പണത്തിന്റെ ഏറിയ പങ്കും എത്തുന്നതും ഈ വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ്. തിരുവനന്തപുരത്തു തുടങ്ങി ജില്ലാ ഓഫിസുകളിൽ വരെ പടി കൃത്യമായി എത്താനുള്ള സംവിധാനമുണ്ട്. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥർക്ക് ഓഫീസിൽ തുടരാനാകാത്ത അവസ്ഥയാണുള്ളത്.

2010ൽ ആലപ്പുഴയിൽ ജില്ലാ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസിൽ ഒരു ഉദ്യോഗസ്ഥനായി വിജിലൻസ് ഒരുക്കിയ 'കെണി'യിൽ അന്ന് വീണത് ആ ഓഫീസിലെ മുഴുവൻ ജീവനക്കാരുമായിരുന്നു. ഒരു ഉദ്യോഗസ്ഥനെ പിടിക്കാനായിരുന്നു പൊടി പുരട്ടിയ നോട്ടുകൾ നൽകിയത്. എന്നാൽ കോഴപണം ആദ്യം വാങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ എല്ലാവർക്കും വീതംവച്ച് നൽകുകയായിരുന്നു. പത്തനംതിട്ടയിൽ അടുത്തകാലത്ത് ഒരു ജിയോളജിസ്റ്റിനെ ലക്ഷക്കണക്കിനു രൂപയുമായി വിജിലൻസ് പിടികൂടിയത് ഓഫിസിനടുത്ത ഹോട്ടൽ മുറിയിൽ നിന്നാണ്.

ക്വാറികളും ഖനനവുമായി ബന്ധപ്പെട്ട തലസ്ഥാനത്തെ ഇടപാടുകളുടെ നിയന്ത്രണം മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ, ഭരണകക്ഷിയിലെ ഉന്നത ജില്ലാ നേതാവ്, ജിയോളജി വകുപ്പിൽ ജോലിചെയ്യുന്ന ഒരു വ്യക്തി എന്നിവരടങ്ങുന്ന സംഘത്തിനാണ്. അനധികൃതമായത് അടക്കം ജില്ലയിലെ എല്ലാ ക്വാറികളുടെയും ഇടപാടുകൾ ഇവർ വഴിയാണ്. നേതാവിന്റെ നാട്ടിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ. ജിയോളജി ആസ്ഥാനത്ത് എന്തു ചലനമുണ്ടായാലും വകുപ്പിലുള്ള ആൾ നേതാവിനെ അറിയിക്കും.

വിവരം ചോർത്തുന്ന വ്യക്തിയെ രണ്ടുവട്ടം സ്ഥലംമാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങും മുൻപേ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ ഫയൽ നീക്കം ചോർത്തി നൽകിയതിനാൽ സ്റ്റേ സമ്പാദിച്ചു. ഈയിടെ ഒരു മന്ത്രിയുടെ ജീവനക്കാരന്റെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതിൽ കൂടുതലും ക്വാറി ഉടമകളും ജിയോളജിസ്റ്റുകളുമായിരുന്നു.

സർക്കാർ ജോലി സ്വയം ഉപേക്ഷിച്ച് ക്വാറി മാഫിയയുടെ ആശ്രിതരാകുന്നവരും ധാരാളമാണ്. മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥൻ 1.10 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ഉന്നതപദവിയിൽ നിന്നു 2017ൽ സ്വയം വിരമിച്ചാണ് പൊതുവേദികളിൽ ക്വാറികൾക്കായി സംസാരിക്കുന്ന പ്രധാന വിദഗ്ധനായത്. കേരള പൊലീസിലെ ഒരു എഎസ്‌ഐ ലീവെടുത്താണ് തലസ്ഥാനത്തെ ഒരു ക്വാറിയിൽ 4 വർഷത്തിലേറെയായി മാനേജരായി ജോലി ചെയ്യുന്നത്. വിരമിച്ച ശേഷം കുറെ ജിയോളജിസ്റ്റുകളുടെയെങ്കിലും പ്രധാന തട്ടകം ക്വാറി മേഖലയാണ്.

പണം സൂക്ഷിക്കാനും സംവിധാനം

വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന കള്ളപ്പണം സൂക്ഷിക്കുന്നതിനും ക്വാറി മാഫിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ ക്വാറി ഉടമയുടെ ചിട്ടിക്കമ്പനിയാണ് അഴിമതിപണം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്. ഇതിലെ നിക്ഷേപകരിൽ 90% പേരും ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യു ജീവനക്കാരാണ്. കൈക്കൂലിപ്പണം സുരക്ഷിതമായി സൂക്ഷിക്കാൻ ഉദ്യോഗസ്ഥരുടെ ആശ്രയമാണ് ഈ സ്ഥാപനം. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ പോലും പണം നിക്ഷേപിക്കാൻ രഹസ്യമായി തൃശൂരിലെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഒരു മാസം ഏറ്റവും കുറഞ്ഞത് 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ശരാശരി ക്വാറി ഉടമകൾ വിവിധ വകുപ്പുകൾക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലിയായി നൽകുന്നത്. ഭരണകക്ഷി ഉന്നതർക്കും മന്ത്രിമാരുടെ ഓഫിസുകളിലും മാസപ്പടി എത്തും. പ്രദേശത്തെ ഛോട്ടാ നേതാവിന് മുതൽ മന്ത്രിയാപ്പീസിൽ വരെ കൈക്കൂലി കൊടുത്താലും ക്വാറി ഉടമകൾക്ക് ലാഭമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP