Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചു; അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമെന്ന് ടീച്ചർ

ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചു; അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമെന്ന് ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം ഡോ. എം.ലീലാവതിക്കു സമർപ്പിച്ചു. ലീലാവതി ടീച്ചറിന്റെ കളമശ്ശേരിയിലെ വസതിയിലായിരുന്നു പുരസ്കാരദാന ച‌ടങ്ങ് സംഘടിപ്പിച്ചത്. ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം നൽകി. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പൊതു നിരൂപണരംഗത്തു തന്നെ കുലപർവത സമാനമായ വ്യക്തിത്വമാണ് ലീലാവതി ടീച്ചറിന്റേതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിരൂപണരംഗത്ത് സ്ത്രീ സാന്നിധ്യം അധികമില്ല. ഉള്ളവർ പൊതുവെ മിന്നിപ്പൊലിഞ്ഞു മായുകയാണ്. ലീലാവതി ടീച്ചർ ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നിൽക്കുന്നു. ഒരു ഏകാന്ത ദ്വീപു പോലെ എന്നു പറയാം. സമാനമായതെന്നു പറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടീച്ചർ ഈ സ്ഥാനം നേടിയത് സ്ത്രീയെന്ന പ്രത്യേക പരിഗണനയിലൂടെയല്ല. അതിപ്രഗത്ഭരായ പുരുഷ കേസരികളോട് മത്സരിച്ചു തന്നെയാണ്. അവർക്കിടയിൽ സ്വന്തമായൊരു കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു അവർ. അതാകട്ടെ പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണ്. ടീച്ചർ നമുക്ക് തന്നത് മലയാള കവിതാ സാഹിത്യ ചരിത്രം തന്നെയാണ്. പുതിയ തലമുറയെ ടീച്ചർ സാഹിത്യ ആസ്വാദനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് നയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാലത്തിനു നേർക്ക് കണ്ണടച്ചിരുന്നു കൊണ്ട് സാഹിത്യമെഴുതിയ കവിയല്ല ഒ.എൻ.വി. കുറുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ ജ്വലിക്കുന്ന, പൊള്ളിക്കുന്ന സത്യങ്ങളെ അദ്ദേഹം സാഹിത്യത്തിൽ പ്രതിഫലിപ്പിച്ചു. കെട്ടകാലത്തെപ്പറ്റിയുള്ള സാഹിത്യ കൃതികൾ ഇന്ത്യയിൽ ഉണ്ടാകേണ്ട കാലമാണിത്. നിഷ്പക്ഷ നിരീക്ഷകരായി ഇരുന്നു കൂടായെന്ന് സാഹിത്യകാരന്മാരോട് കാലം നിർദ്ദേശിക്കുന്ന ഒരു ചരിത്ര ഘട്ടവും ഇതാണ്. മതരാഷ്ട്രീയം രാഷ്ട്രത്തിനു മേൽ പിടിമുറുക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്കണ്ഠയിൽനിന്ന് ഇന്ത്യയിലെ സാഹിത്യകാരന്മാർക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. ഒ.എൻ.വി ഒരിക്കലും തന്റെ കാലത്തെ ജ്വലിക്കുന്ന സംഭവങ്ങളിൽ നിന്നും പുറംതിരിഞ്ഞു നടന്ന ആളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്കു ലഭിച്ച പുരസ്‌കാരം അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം ലീലാവതി ടീച്ചർ അഭിപ്രായപ്പെട്ടു. വയസുകാലത്ത് കിട്ടുന്ന പുരസ്‌കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാൾ താഴെ പ്രായമുള്ളവരുടെ പുരസ്‌കാരം എന്നു പറയുന്നത് ദീർഘായുസ്സിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി ടീച്ചർ പറഞ്ഞു.

ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. അക്കാദമി ഉപദേശക സമിതി ചെയർമാൻ ജി.രാജ് മോഹൻ പ്രശസ്തിപത്ര പാരായണം നടത്തി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ഒ.എൻ.വി. കൾച്ചറൽ അക്കാദമി സെക്രട്ടറി എം.ബി. സനിൽ കുമാർ, ഒ.എൻ.വി. കുറുപ്പിന്റെ മകൻ ഒ.എൻ.വി. രാജീവ്, മകൾ ഡോ.മായ, മരുമകൾ ദേവിക എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സി. രാധാകൃഷ്ണൻ അധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. അദ്ധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവർത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളിൽ ഡോ.എം ലീലാവതി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വർണരാജി, അമൃതമശ്നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവർത്തനം തുടങ്ങിയവയാണ് പ്രധാന കൃതികൾ. സുഗതകുമാരി, എം ടി വാസുദേവൻ നായർ, അക്കിത്തം എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP