Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്‌സിൻ ഉപയോഗിക്കുന്നതിൽ എതിർപ്പ്; ഫലപ്രാപ്തി തെളിയിക്കാത്ത വാക്‌സിനെതിരെ വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും; വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്‌നം നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് അനുമതി പത്രത്തിൽ മരുന്ന് കമ്പനി; വിതരണം തുടങ്ങിയിട്ടും കോവാക്‌സിനിൽ ആശങ്കകൾക്ക് വിരാമമില്ല

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്‌സിൻ ഉപയോഗിക്കുന്നതിൽ എതിർപ്പ്; ഫലപ്രാപ്തി തെളിയിക്കാത്ത വാക്‌സിനെതിരെ വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും; വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്‌നം നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് അനുമതി പത്രത്തിൽ മരുന്ന് കമ്പനി; വിതരണം തുടങ്ങിയിട്ടും കോവാക്‌സിനിൽ ആശങ്കകൾക്ക് വിരാമമില്ല

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകർക്കായി കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചെങ്കിലും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്‌സിൻ ജനങ്ങൾക്ക് നൽകുന്നതിൽ ആശങ്ക. ഫലപ്രാപ്തി തെളിയിക്കാത്ത വാക്‌സിൻ നൽകുന്നതിനെതിരെ ഒരു വിഭാഗം വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

എന്നാൽ കേന്ദ്രസർക്കാർ ഈ വാദങ്ങൾ അംഗീകരിച്ചിട്ടില്ല. തെറ്റായ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതു വാക്‌സിൻ വേണമെന്ന് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് തീരുമാനിക്കാനില്ലെന്നിരിക്കെയാണ് എതിർപ്പ് ശക്തമാകുന്നത്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാൻ രണ്ട് മാസം ബാക്കി നിൽക്കുന്ന കൊവാക്‌സിന് ഡിസിജിഐ അനുമതി നൽകിയത് അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് എന്ന വാക്‌സിൻ നിർമ്മാതാവാണ് കൊവാക്‌സിൻ നിർമ്മിക്കുന്നത്. സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന രണ്ട് വാക്‌സിനുകളിൽ ഏതു വാക്‌സിൻ വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാനാകില്ല. കൊവക്‌സിൻ കുത്തിവെയ്‌പ്പ് എടുക്കുന്നവർക്ക് ഒരു അനുമപതി പത്രവും ഒപ്പിട്ടു കൊടുക്കേണ്ടതുണ്ട്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിൻ വിതരണം ചെയ്യുന്നതു കൊണ്ടാണ് ഇത്തരത്തിൽ ഒരു അനുമതി പത്രത്തിന്റെ ആവശ്യം. എന്നാൽ കേരളത്തിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡിന് ഇതിന്റെ ആവശ്യമില്ല.

വാക്‌സിൻ സ്വീകരിച്ചതിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും വാക്‌സിൻ നിർമ്മിച്ച കമ്പനിക്കാണെന്ന് വ്യക്തമാക്കുന്ന രേഖയിലാണ് കുത്തിവെയ്‌പ്പ് സ്വീകരിക്കുന്നവർ ഒപ്പിടേണ്ടത്. എന്നാൽ ആദ്യ രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലവും മൂന്നാം ഘട്ടത്തിൽ കുത്തിവെയ്‌പ്പ് സ്വീകരിച്ചവരുടെ വിവരങ്ങളും പരിഗണിച്ച് വാക്‌സിൻ സുരക്ഷിതമാണെന്നാണ് ഭാരത് ബയോടെക് വാദിക്കുന്നത്. ഇക്കാര്യം വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയ ഡിസിജിഐ അംഗീകരിച്ചിട്ടുമുണ്ട്.

അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിതമായ ഉപയോഗത്തിനാണ് അനുമതി നൽകുന്നതെന്നും പൊതുനന്മയ്ക്കായി വാക്‌സിൻ ഉപയോഗിക്കുമ്പോൾ അതീവജാഗ്രത വേണമെന്നും കമ്പനിക്ക് നൽകിയ അനുമതി പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുമ്പോൾ മാത്രമേ എത്ര ഡോസ് വാക്‌സിൻ വേണ്ടി വരുമെന്നും വാക്‌സിൻ കുത്തിവച്ചാൽ എത്ര ശതമാനം ഫലപ്രാപ്തിയുണ്ടെന്നും തെളിയൂ. വളരെ കുറഞ്ഞ ഫലപ്രാപ്തി മാത്രമുള്ള വാക്‌സിനുകൾക്ക് പൊതുവെ അംഗീകാരം നൽകാറില്ല.

വാക്‌സിൻ സ്വീകരിച്ചതിന്റെഫലമായി എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ നടപടിക്രമങ്ങൾ അനുസരിച്ച് സർക്കാർ നിശ്ചിക്കുന്ന ആശുപത്രിയിൽ ചികിത്സ നൽകുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കമ്പനി നഷ്ടപരിഹാരം നൽകുമെന്നും അനുമതി പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ നൽകുന്നതിനു മുൻപ് സ്വീകരിക്കുന്നയാൾ ബോധിപ്പിച്ചിട്ടുള്ള കാര്യങ്ങൾ സർക്കാർ രേഖയായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ രേഖപ്പെടുത്താനായി ഒരു ഫാക്ട് ഷീറ്റും വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകും. പനി, വേദന തുടങ്ങിയ പാർശ്വഫലങ്ങളെല്ലാം ഇതിൽ രേഖപ്പെടുത്തണം. വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്.

ഡൽഹിയിലെ ആറ് സർക്കാർ ആശുപത്രികളിൽ കൊവാക്‌സിൻ മാത്രമാണ് വിതരണത്തിന് എത്തിച്ചിട്ടുള്ളത്. ശേഷിക്കുന്ന 75 കേന്ദ്രങ്ങളിൽ കൊവിഷീൽഡ് വാക്‌സിനും വിതരണം ചെയ്യും. എന്നാൽ കൊവാക്‌സിൻ കുത്തിവെയ്‌പ്പിനായി തെരഞ്ഞെടുത്ത ആർഎംഎൽ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കൊവാക്‌സിൻ ഫലപ്രദമാണെന്ന് തെളിയിക്കാനുള്ള ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ ലഭ്യമല്ലെന്നും അതുകൊണ്ട് ഫലപ്രാപ്തി തെളിഞ്ഞ കൊവിഷീൽഡ് മതിയെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ക്ലിനിക്കൽ പരീക്ഷണമെന്ന പേരിൽ വൻതോതിൽ ആളുകൾക്ക് വാക്‌സിൻ കുത്തിവെക്കുന്നത് വാക്‌സിനേഷന്റെ ഉദ്ദേശത്തെ അട്ടിമറിക്കുന്നുണ്ടെന്നുമാണ് ഡോക്ടർമാരുടെ ആരോപണം.

എയിംസ് തലവൻ ഡോ. രൺദീപ് ഗുലേറിയ, വാക്‌സിൻ വിതരണ സമിതി തലവനും നീതി ആയോഗ് അംഗവുമായ വി കെ പോളും ഭാര്യയും, ശാസ്ത്രജ്ഞനായ ഡോ. ശശി പോൾ തുടങ്ങിയവർ കൊവാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി വാക്‌സിൻ സ്വീകരിച്ചയാളായ മനീഷ് കുമാറിനു കുത്തിവെച്ചതും കൊവാക്‌സിനാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP