Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി; ഇതുവരെ ജയിക്കാത്ത ആന്ധ്രയോട് തോറ്റത് ആറ് വിക്കറ്റിന്; സീസണിലെ ആദ്യ തോൽവിക്ക് വഴിവച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി; ഇതുവരെ ജയിക്കാത്ത ആന്ധ്രയോട് തോറ്റത് ആറ് വിക്കറ്റിന്; സീസണിലെ ആദ്യ തോൽവിക്ക് വഴിവച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനം

സ്പോർട്സ് ഡെസ്ക്

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. കരുത്തരായ ഡൽഹി, മുംബൈ എന്നീ ടീമുകളെ കീഴടക്കിയെത്തിയ കേരളം, ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ആന്ധ്രപ്രദേശിനോടാണ് തോൽവി വഴങ്ങിയത്. മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു നയിച്ച ആന്ധ്ര, ആറു വിക്കറ്റിനാണ് കേരളത്തെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 112 റൺസ് മാത്രം. 17 പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ആന്ധ്ര അനായാസം വിജയലക്ഷ്യം മറികടന്നു.

46 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 48 റൺസെടുത്ത ഓപ്പണർ അശ്വിൻ ഹെബ്ബാറാണ് ആന്ധ്രയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ അമ്പാട്ടി റായുഡു 27 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 38 റൺസുമായി പുറത്താകാതെ നിന്നു. കെ.എസ്. ഭരത് (എട്ട് പന്തിൽ ഒൻപബത്), മനീഷ് ഗോലമാരു (ഏഴു പന്തിൽ അഞ്ച്), റിക്കി ഭുയി (ഏഴു പന്തിൽ ഒന്ന്), പ്രശാന്ത് കുമാർ (എട്ട് പന്തിൽ പുറത്താകാതെ ഒൻപത്) എന്നിവങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

കേരളത്തിനായി ജലജ് സക്‌സേന നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശ്രീശാന്ത് മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങിയും സച്ചിൻ ബേബി മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും സ്വന്തമാക്കി.

സീസണിൽ കേരളം ആദ്യമായാണ് പരാജയം നേരിടുന്നത്. ആദ്യ മൂന്നു മത്സരങ്ങളും വിഖ്യാതമായ വാങ്കഡെ സ്റ്റേഡിയത്തിൽ കളിച്ച കേരളം, ഇന്ന് ശരദ് പവാർ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിലാണ് ആന്ധ്രയ്ക്കെതിരെ കളിച്ചത്. ആദ്യ മൂന്നു മത്സരങ്ങളിലും രണ്ടാമത് ബാറ്റു ചെയ്ത കേരളത്തിന്, ഇത്തവണ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ നാലിന് 38 റൺസ് എന്ന നിലയിലായിരുന്ന കേരളത്തിന്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സച്ചിൻ ബേബി - ജലജ് സക്‌സേന സഖ്യമാണ് കരുത്തായത്.

കേരളത്തിനായി സച്ചിൻ ബേബി അർധസെഞ്ചുറി നേടി. 34 പന്തിൽ ഒരു ഫോറും നാലു സിക്‌സും സഹിതം 51 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോററും. ജലജ് സക്‌സേന 34 പന്തിൽ ഒരു ഫോർ സഹിതം 27 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകൾ ക്രീസിൽനിന്ന ഇവരുടെ സഖ്യം, 74 റൺസാണ് കേരള സ്‌കോർ ബോർഡിൽ ചേർത്തത്. ആന്ധ്രയ്ക്കായി മനീഷ് ഗോലമാരു നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

ഒന്നാം വിക്കറ്റിൽ ഉത്തപ്പ - അസ്ഹറുദ്ദീൻ സഖ്യം 4.2 ഓവറിൽ 21 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് കേരളം തകർന്നത്. അവിടുന്നങ്ങോട്ട് വെറും 17 റൺസിനിടെയാണ് കേരളം നാല് വിക്കറ്റ് നഷ്ടമാക്കിയത്. റോബിൻ ഉത്തപ്പ (17 പന്തിൽ എട്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (12 പന്തിൽ 12), ക്യാപ്റ്റൻ സഞ്ജു സാംസൺ (14 പന്തിൽ ഏഴ്), വിഷ്ണു വിനോദ് (ഒൻപത് പന്തിൽ നാല്) എന്നിവരാണ് 17 റൺസിന്റെ ഇടവേളയിൽ കൂടാരം കയറിയത്. ഇതിനു ശേഷമായിരുന്നു കേരളത്തെ താങ്ങിനിർത്തിയ സച്ചിൻ ബേബി - ജലജ് സക്‌സേന കൂട്ടുകെട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP