Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്നത് വിവാദമാക്കിയ മന്ത്രി; ആലപ്പുഴയിൽ വി ഫോർ കൊച്ചി മാതൃകയിൽ ബൈപാസ് തുറക്കാൻ മുമ്പിൽ നിൽക്കുന്നത് മന്ത്രി ജി സുധാകരൻ; പ്രധാനമന്ത്രിക്കായി കാത്ത് നിൽക്കില്ല; മുഖ്യം തെരഞ്ഞെടുപ്പിന് മുമ്പുള്ള ഉദ്ഘാടനം; ആലപ്പുഴ ബൈപ്പാസിൽ അന്ത്യശാസനവുമായി രംഗത്തുള്ളത് നിപുണിനെ ജയിലിൽ അടച്ചവർ

വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്നത് വിവാദമാക്കിയ മന്ത്രി; ആലപ്പുഴയിൽ വി ഫോർ കൊച്ചി മാതൃകയിൽ ബൈപാസ് തുറക്കാൻ മുമ്പിൽ നിൽക്കുന്നത് മന്ത്രി ജി സുധാകരൻ; പ്രധാനമന്ത്രിക്കായി കാത്ത് നിൽക്കില്ല; മുഖ്യം തെരഞ്ഞെടുപ്പിന് മുമ്പുള്ള ഉദ്ഘാടനം; ആലപ്പുഴ ബൈപ്പാസിൽ അന്ത്യശാസനവുമായി രംഗത്തുള്ളത് നിപുണിനെ ജയിലിൽ അടച്ചവർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ : ആലപ്പുഴയിൽ വി ഫോർ കൊച്ചിയുടെ പതിപ്പാകാൻ പൊതു മരാമത്ത് മന്ത്രി ജി സുധാകരൻ. ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാവില്ലെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.

ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താതപര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാൽ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല. ഒരു മാസം കൂടിയേ ഇനി കാക്കാനാവൂവെന്നും ഇല്ലെങ്കിൽ ബൈപ്പാസ് സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു. അതായത് കേന്ദ്ര സർക്കാർ പദ്ധതി അവരുടെ അനുമതിയില്ലാതെ മന്ത്രി തുറന്നു കൊടുക്കുമെന്ന് സാരം. ഇതാണ് വെറ്റില മേൽപാലത്തിൽ വി ഫോർ കൊച്ചിക്കാരും ചെയ്യാൻ ശ്രമിച്ചത്. ഇതിന്റെ പേരിൽ വി ഫോർ കൊച്ചി ഭാരവാഹികളെ ജയിലിൽ അടച്ചിരുന്നു.

40 വർഷത്തിലധികമുള്ള കാത്തിരിപ്പുണ്ട് ഈ ബൈപ്പാസിനായി. തടസങ്ങൾ പലതും തട്ടിനീക്കി ഒടുവിൽ ഓവർ ബ്രിഡ്ജ് നിർമ്മാണം ഈ ഘട്ടത്തിലെത്തിയിട്ട് കാലം കുറച്ചധികമായി. റെയിൽവേയ്ക്ക് മുകളിലുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയും പൊതുമരാമത്ത് വകുപ്പും തമ്മിൽ നിലനിന്ന തർക്കമാണ് ഈ വൈകലിന് കാരണമായത്. 6.8 കിലോമീറ്റർ നീളമുള്ള ബൈപാസിൽ 3.2 കിലോമീറ്റർ എലവേറ്റഡ് ഹൈവേയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ പാതയിലൂടെ ആദ്യ യാത്ര നടത്തി മന്ത്രി ജി സുധാകരൻ നിർമ്മാണ പുരോഗതി നേരിട്ട് നേരത്തെ വിലയിരുത്തിയിരുന്നു. അവസാന ഘട്ട മിനുക്ക് പണികൾ മാത്രമാണ് ഇനി ബൈപ്പാസിൽ ബാക്കിയുള്ളത്. ഈ പദ്ധതിയെ ചൊല്ലിയാണ് തർക്കം.

'നവംബർ 20 ആയപ്പോൾ മിനിസ്ട്രി ഓഫ് സർഫസ് ട്രാൻസ്പോർട്ടിൽ നിന്ന് കത്ത് കിട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്ഘാടനം ചെയ്യാൻ താത്പര്യമുണ്ടെന്നറിയിച്ചു. തിരിച്ച് വിളിച്ച് സന്തോഷമെന്നറിയിച്ചു. പിന്നീട് ഒരു വിവരവുമില്ല. 55 ദിവസമായി ഒരനക്കവുമില്ല. എത്രയും വേഗം ഉദ്ഘാടന തീയതി അറിയിക്കണമെന്ന് ഇന്നലെ നിതിൻ ഗഡ്കരിജിക്ക് കത്തെഴുതിയിട്ടുണ്ട്. ഒരുമാസം കൂടി കാക്കും. ഏപ്രിൽ അവസാനമാണ് ഇലക്ഷനെങ്കിൽ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തേണ്ടി വരും', ജി. സുധാകരൻ പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടക്കരുതെന്ന് ചില കുബുദ്ധികൾ ശ്രമിക്കുന്നു എന്ന സംശയം സർക്കാരിനുണ്ട്. അതിനാൽ തന്നെ ഇനിയും നീട്ടിക്കൊണ്ടുപോവുകയാണെങ്കിൽ ഉദാഘടനം സംസ്ഥാന സർക്കാർ തന്നെ നിർവ്വഹിക്കുമെന്നാണ് സുധാകരൻ നൽകുന്ന സൂചന.ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത 'വി ഫോർ കൊച്ചി' നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി സുധാകരൻ രംഗത്ത് വന്നിരുന്നു. മൂന്ന് നാല് കോമാളികൾ കാണിച്ചതിന് ജനങ്ങളുടെ പിന്തുണയില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

'' വി ഫോർ കൊച്ചിയെന്നും പറഞ്ഞ് ഓരോ ബാനറുകൾ ഉയർത്തുകയാണ്. പിന്നെ, നമ്മളൊക്കെ അമേരിക്കയ്ക്ക് വേണ്ടിയാണോ ? ആഫ്രിക്കയ്ക്ക് വേണ്ടിയോ ചെയ്യുന്നത് ? വി ആർ കൊച്ചിൻ പീപ്പിൾ. '' അറസ്റ്റ് ചെയ്തപ്പോൾ ഇവർ പറഞ്ഞത് തങ്ങളല്ല ഇത് ചെയ്തതെന്നാണ്. ചെയ്ത കാര്യം ചെയ്തു എന്ന് സമ്മതിക്കാൻ പോലും കഴിയാത്തവർ. വെറും ഭീരുക്കളാണ്. ഇവരാണോ നാട് നന്നാക്കാൻ പോകുന്നത് ? ' ഇങ്ങനെ എല്ലാം മന്ത്രി ചോദിച്ചിരുന്നു. പാലം നിർമ്മിക്കുന്നവർക്ക അത് ഉദ്ഘാടനം ചെയ്യാൻ അവസരം നൽകണമെന്നും അത് കീഴ് വഴക്കമാണെന്നും പറഞ്ഞു വയ്ക്കുകയായിരുന്നു മന്ത്രി. എന്നാൽ ആലപ്പുഴ ബൈപ്പാസിൽ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം വേണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നു.

ഉദ്ഘാടനത്തിനുമുമ്പേ വൈറ്റില മേൽപ്പാലം തുറന്ന് പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ വി ഫോർ കൊച്ചി കോ-ഓർഡിനേറ്റർ നിപുൺ ചെറിയാൻ അടക്കം നാലുപേരെ റിമാൻഡ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചെന്ന പൊതുമരാമത്തുവകുപ്പിന്റെ പരാതിയെ തുടർന്നാണ് ഇവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നിപുണിനുപുറമെ ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരാണ് റിമാൻഡിലായത്. പാലത്തിലെ കേബിളുകൾ തകരാറിലായെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു.

ഉദ്ഘാടനത്തിനുമുന്നോടിയായി ക്രമീകരിച്ച അലങ്കാരബൾബുകൾ, ബാരിക്കേഡുകൾ, വയറിങ്, റോഡിന്റെ മധ്യഭാഗത്ത് വരച്ച പെയിന്റുകൾ തുടങ്ങിയവ നശിപ്പിച്ചു. അതിക്രമിച്ചുകയറൽ, പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേരൽ, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം തുടങ്ങിയ വകുപ്പുകൾപ്രകാരം കേസെടുക്കുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചെത്തിയ വി ഫോർ കൊച്ചി പ്രവർത്തകർതന്നെയാണ് ബാരിക്കേഡ് മാറ്റിയത്.

പിന്നീട് മുൻകൂട്ടി നിശ്ചയിച്ചതുപോലെ ഇവരുടെതന്നെ വാഹനം ആദ്യം പാലത്തിൽ കയറി. പിന്നാലെ വന്ന വാഹനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാലത്തിനുമുകളിലൂടെ കയറ്റിവിടുകയും ചെയ്തു എന്നും പൊലീസ് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP