Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ ഷോട്ടുകഴിയുമ്പോഴും മോഹൻലാലിനും ശോഭനക്കും പാലും പഴവും കൊണ്ടുകൊടുക്കും; വേണ്ടെങ്കിൽ അവർ തട്ടിക്കളയും; കുട്ടിക്കാലത്ത് വിശ്വസിച്ച് പോയ 'സിനിമാ ബഡായി'കൾ തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

ഓരോ ഷോട്ടുകഴിയുമ്പോഴും മോഹൻലാലിനും ശോഭനക്കും പാലും പഴവും കൊണ്ടുകൊടുക്കും; വേണ്ടെങ്കിൽ അവർ തട്ടിക്കളയും; കുട്ടിക്കാലത്ത് വിശ്വസിച്ച് പോയ 'സിനിമാ ബഡായി'കൾ തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

മറുനാടൻ ഡെസ്‌ക്‌

മലയാളികൾക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് രമേഷ് പിഷാരടി എന്ന കോട്ടയംകാരൻ. മിമിക്രി കലാകാരൻ, അവതാരകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ ബഹുമുഖപതിഭയാണ് രമേഷ് പിഷാരടി. കൗണ്ടറുകളാണ് രമേശ് പിഷാരടിയുടെ ഹൈലൈറ്റ്. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും, കുറിക്ക് കൊള്ളുന്ന മറുചോദ്യങ്ങളുമായി മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരം ചെറുപ്പം മുതൽ തന്നെ സിനിമകളോട് അടുപ്പം തോന്നിയിരുന്നു എന്ന് തുറന്നു പറയുകയാണ്. കുട്ടിക്കാലത്ത് പരിചയക്കാർ പലരും സിനിമാലോകത്തെ കുറിച്ച് പറഞ്ഞിരുന്ന ബഡായികൾ വിശ്വസിച്ച് വർഷങ്ങളോളം താൻ ജീവിച്ചു എന്ന് തുറന്ന് പറയുകയാണ് താരം. സ്റ്റാർ ആൻഡ് സ്റ്റൈലിൽ എഴുതിയ അനുഭവക്കുറിപ്പിലാണ് താരം തന്റെ കുട്ടിക്കാല സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നത്.

‘ ഞങ്ങളുടെ വീടിന്റെ പത്തുകിലോമീറ്റർ ചുറ്റളവിൽ ആദ്യം വന്ന ഷൂട്ടിങ് ‘പവിത്രം’ എന്ന ലാലേട്ടൻ സിനിമയുടേതാണ്. പിറവം പാഴൂരിൽ. സ്‌കൂളിൽ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിന് തൊട്ടടുത്തല്ലാത്തതിനാലും എന്നെ ഷൂട്ടിങ് കാണാൻ പോകാൻ അനുവദിച്ചില്ല. ചെറുപ്പക്കാരെല്ലാവരും ഷൂട്ടിങ് കാണാൻ പോയി. തിരിച്ചുവന്ന അവരോട് കൗതുകത്തോടെ വിശേഷങ്ങൾ തിരക്കി.

അതിലൊരാൾ പറഞ്ഞു. ” മോഹൻലാലിനേയും ശോഭനയയേയും ഒക്കെ ഒന്നു കാണണം …സിനിമാക്കാരൊന്നും നമ്മൾ കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ടുകഴിയുമ്പോഴും പാലും പഴവും കൊണ്ടുകൊടുക്കും. അവർക്ക് വേണമെങ്കിൽ അവരത് എടുക്കും. ഇല്ലെങ്കിൽ തട്ടിക്കളയും. ‘വേണ്ട’ എന്ന് പറഞ്ഞാൽ പോരെ എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്ക് തോന്നി”. ലൊക്കേഷന്റെ ഗേറ്റിനകത്തുപോലും കടക്കാൻ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും ഇല്ലായിരുന്നു. തള്ള് എന്ന വാക്ക് ആ കാലത്ത് നിലവിലില്ലായിരുന്നു. പിഷാരടി പറയുന്നു.

ഇതിനൊപ്പം കോളേജ് കാലത്ത് ഷൂട്ടിങ് കാണാൻ പോയപ്പോഴുണ്ടായ ഒരു രസകരമായ സംഭവവും പിഷാരടി പറയുന്നുണ്ട്. ‘ കോളേജിൽ പഠിക്കുമ്പോൾ ഉദയംപേരൂർ ചെറുപുഷ്പം സ്റ്റുഡിയോയിൽ ‘ രാക്ഷസരാജാവ് ‘ എന്ന മമ്മൂക്ക ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ ഞങ്ങൾ സുഹൃത്തുക്കൾ ക്ലാസ് കട്ട് ചെയ്ത് പോയി. കയറുകെട്ടി തിരിച്ചിരിക്കുന്നതിനാൽ ദൂരെ നിന്ന് മാത്രമേ കാണാൻ സാധിക്കൂ. ലൊക്കേഷനിൽ ചായയ്ക്ക് സമയമായി. സ്റ്റീൽ ബേസിനിൽ ബിസ്‌ക്കറ്റുകൾ വിതരണം ചെയ്യുന്നു. കയറിനടിയിലൂടെ നൂണ്ടുകയറിയ കൂട്ടുകാരൻ സുജിത്തിന് ഒരു ബിസ്‌ക്കറ്റ് കിട്ടി. തിരിച്ചുപോരുന്ന വഴി അവൻ പറഞ്ഞു’ നമ്മൾ കഴിക്കുന്ന ബിസ്‌ക്കറ്റ് ഒന്നും അല്ലാ ട്ടോ അത്. എന്തോ ഒരു പോഷക ബിസ്‌ക്കറ്റാണ്, എനിക്ക് ഒരു ഉന്മേഷം ഒക്കെ തോന്നുന്നു’.

കാലം കടന്നുപോയി. നസ്രാണി എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ഞാൻ പോയപ്പോൾ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീൽ ബേസിൻ. അതിൽ നിറയെ ബിസ്‌ക്കറ്റുകൾ. അർഹതയോടെ ആദ്യമായി സിനിമാ ഭക്ഷണം കഴിക്കാൻ പോകുകയാണ്. അതും പോഷക ബിസ്‌ക്കറ്റ്. എനിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി. അത് കഴിക്കാതെ തന്നെ ഉള്ളിൽ ആകെ ഒരു ഉന്മേഷം. അപ്പോ അത് കഴിച്ചാൽ എന്തായിരിക്കും. എടുത്തു കഴിച്ചു. സാധാരണ ബിസ്‌ക്കറ്റ്. കുറച്ചുകൂടി ലോകപരിചയമായ ഞാൻ ഒന്നും സംഭവിക്കാത്തതുപോലെ അതുകഴിച്ചു. ഈ ബിസ്‌ക്കറ്റിന് ഒരു പ്രത്യേകതയും ഇല്ലല്ലോ എന്ന് ചോദിക്കാൻ പഴയ പവിത്രത്തിന്റെ ലൊക്കേഷനിൽ പോകാൻ പറ്റാത്ത കുട്ടിയല്ലല്ലോ ഞാൻ.

ഇന്ന് ഭൂരിപക്ഷം ആളുകൾക്കും സിനിമയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും,’ പിഷാരടി പറയുന്നു. ഏത് തിരക്കിട്ട യാത്രയിലായാലും വഴിയരികിൽ ഒരു ഷൂട്ടിങ് സംഘത്തെ കണ്ടാൽ ഇപ്പോഴും ഒന്നുനോക്കിപ്പോകുമെന്നും പിഷാരടി സ്റ്റാർ ആൻഡ് സ്റ്റൈലിൽ എഴുതിയ അനുഭവക്കുറിപ്പിൽ പറയുന്നുണ്ട്. ഒപ്പം രസകരമായ പഴയകാല അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP