Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാവിയിലെ ധോണിയാകാൻ അസറിന് പിന്നാലെ വിഷ്ണുവും..... സഞ്ജു സാംസണും ലക്ഷ്യമിടുന്നത് ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനം; നാളെ ഹരിയാനെയെ തോൽപ്പിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പ്; ഐപിഎൽ ടീമുകളുടെ കണ്ണിലേക്ക് കൂടുതൽ മലയാളി താരങ്ങൾ; പേസ് ബൗളർമാർക്കൊപ്പം വിക്കറ്റ് കീപ്പർ ഓൾറൗണ്ടർമാർക്ക്‌ ക്ഷാമമില്ലാത്ത കേരളാ ക്രിക്കറ്റ്

ഭാവിയിലെ ധോണിയാകാൻ അസറിന് പിന്നാലെ വിഷ്ണുവും..... സഞ്ജു സാംസണും ലക്ഷ്യമിടുന്നത് ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനം; നാളെ ഹരിയാനെയെ തോൽപ്പിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പ്; ഐപിഎൽ ടീമുകളുടെ കണ്ണിലേക്ക് കൂടുതൽ മലയാളി താരങ്ങൾ; പേസ് ബൗളർമാർക്കൊപ്പം വിക്കറ്റ് കീപ്പർ ഓൾറൗണ്ടർമാർക്ക്‌ ക്ഷാമമില്ലാത്ത കേരളാ ക്രിക്കറ്റ്

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: ആദ്യം ടിനു യോഹന്നാൻ... പിന്നെ എസ് ശ്രീശാന്ത്, പിന്നാലെ സഞ്ജു സാംസൺ, ഇന്ത്യൻ ജഴ്സി അണിയുന്ന അടുത്ത കേരള താരം ആരായിരിക്കും? ഈ ചോദ്യം ക്രിക്കറ്റിനെ ആരാധിക്കുന്ന, നെഞ്ചേറ്റുന്ന മലയാളികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നിലേറെ പേരുകളാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തിൽ ആതിഥേയരായ മുംബൈയ്ക്കെതിരെ അതിവേഗ സെഞ്ചുറിയിലൂടെ ടീമിനെ ജയത്തിലെത്തിച്ച യുവതാരം മുഹമ്മദ് അസറുദ്ദീൻ, ഡൽഹിക്കെതിരെ തകർപ്പൻ ബാറ്റിങ് കാഴ്ചവച്ച വിഷ്ണു വിനോദ് എന്നിവർ പ്രതിഭ തെളിയിച്ചിരിക്കുന്നു.

അനന്തപത്മനാഭന്റെ ലെഗ് സ്പിന്നുകളാണ് കേരളത്തെ ആദ്യം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. ജൂനിയർ ഇന്ത്യ കളിച്ച ശ്രീകുമാർ നായരും സുരേഷ് കുമാറും റോഹൻ പ്രേമും റെയ്ഫിയും എല്ലാം പ്രതീക്ഷകളായി. എന്നാൽ ടിനുവും ശ്രീശാന്തുമായിരുന്നു ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാൻ മലയാളിക്ക് കഴിയുമെന്ന് കാട്ടിയത്. പേസ് ബൗളിങ്ങിൽ കേരളത്തിന്റെ കരുത്തും ചർച്ചയായി. ഇതിനിടെയാണ് സഞ്ജുവിന്റെ വരു്. ഇപ്പോൾ അസറുദ്ദീനും വിഷ്ണു വിനോദും ശ്രദ്ധേയ താരങ്ങളാകുന്നു. ഇതോടെ പേസ് മാത്രമല്ല ബാറ്റിംഗും വിക്കറ്റ് കീപ്പിങും മലയാളിക്ക് നന്നായി വഴങ്ങുമെന്ന ചർച്ചയും സജീവമാകുന്നു.

നായകൻ സഞ്ജുവിനെ പോലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ് ഇരുവരും. ചുരുക്കം പറഞ്ഞാൽ ഇപ്പോഴത്തെ കേരളാ ടീമിൽ നാല് വിക്കറ്റ് കീപ്പർ ബാറ്റ്മാന്മാരാണ് ഉള്ളത്. സഞ്ജുവിന് പുറമെ അസറുദ്ദീനും വിഷ്ണുവും. ഇവർക്കൊപ്പം അതിഥി താരമായെത്തിയ റോബിൻ ഉത്തപ്പയും ചേരുമ്പോൾ നാല് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ. എല്ലാവരും കൂറ്റൻ അടിക്ക് പ്രാപ്തരും. ക്ലാസിനൊപ്പം ഭാഗ്യം കൂടി എത്തിയാൽ എതിരാളികളെ തകർക്കാൻ കെൽപ്പുള്ള നാല് പേർ.

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി വിരമിച്ചതോടെ ഇന്ത്യൻ ടീമിൽ സ്ഥിരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ നിരയിലേക്ക് കേരളത്തിൽ നിന്നും സഞ്ജുവിന് പിന്നാലെ ഇനി അസറുദ്ദീന്റെയും വിഷ്ണു വിനോദിന്റെയും പേരുകളും ചർച്ചകളിൽ എത്താം. ഇതിന് സെയ്ദ് മുഷ്താഖ് അലി ട്രോഫിൽ ഇവർ ഇനി നടത്തുന്ന പ്രകടനങ്ങളും നിർണ്ണായകം. ഈ രണ്ട്ു പേരേയും പ്രമുഖ ഐപിഎൽ ടീമുകൾ നോട്ടമിട്ടിട്ടുണ്ട്.

പരിമിത ഓവർ മത്സരങ്ങളിലേക്ക് അനുയോജ്യരാണ് വിഷ്ണുവും അസറും. ട്വന്റി 20 ക്രിക്കറ്റ് ഫോർമാറ്റിലേക്ക് പരിഗണിക്കാൻ ഇരുവരും യോഗ്യരെന്ന് സയിദ് മുഷ്താഖലി ടൂർണമെന്റിലെ പ്രകടനങ്ങളിലൂടെ തെളിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് വലിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് നിർണായക ഇന്നിങ്സാണ് ഇരുവരും കാഴ്ചവച്ചത്. ബാറ്റിങ്ങിലെ പ്രകടനത്തിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലെ മികവ് കൂടി വിലയിരുത്തിലായാൽ സഞ്ജുവിനെക്കാൾ ഒരു പടി മുന്നിലാണ് മുഹമ്മദ് അസറുദ്ദീൻ എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

സഞ്ജുവിന്റെ ബാറ്റിംഗിലെ ക്ലാസ് ഇനിയും ആർജ്ജിക്കേണ്ടതുമുണ്ട്. കേരളാ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തിട്ടും സ്ഥിരം വിക്കറ്റ് കീപ്പർ എന്ന സ്ഥാനത്ത് സഞ്ജു തുടരുകയാണ്. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലെ മികവുകൂടി ഇന്ത്യൻ സെലക്ടർമാരെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാകും ഈ ശ്രമം എന്ന് കരുതേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് രണ്ട് യുവവിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരെ ടീമിൽ ലഭ്യമായിട്ടും വിക്കറ്റിന് പിന്നിലെ പ്രകടനം ലക്ഷ്യമിട്ടാണ് സഞ്ജുവിന്റെ യാത്ര.

ഗോഡ് ഫാദർമാരില്ലാതെ കേരളാ ക്രിക്കറ്റിൽ നിറഞ്ഞ താരമാണ് അസറുദ്ദീൻ. വിഷ്ണു വിനോദും സമാനമായ മികവ് അവകാശപ്പെടാം. ക്ലബ് ക്രിക്കറ്റിന്റെ വലിയ കരുത്തോടെയല്ല കേരളാ ടീമിലേക്ക് ചുവടുവച്ചതെങ്കിലും കിട്ടിയ അവസരത്തിൽ തന്റെ പ്രതിഭ തെളിയിക്കാൻ ഈ യുവതാരത്തിനും സാധിച്ചു കഴിഞ്ഞു. എസ് ബി ടിയുടെ ടീമിൽ ഗസ്റ്റായി കിട്ടിയ അവസരം മുതലെടുത്ത് ബാങ്കിന്റെ ദേശീയ ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് കേരളാ ടീമിലേക്കും ഐപിഎല്ലിലേക്കും അവസരം ഒരുങ്ങിയത്.

മുംബൈയ്ക്കെതിരെ പുറത്താകാതെ 54 പന്തിൽ 137 റൺസ് നേടിയ മിന്നും പ്രകടനം മുഹമ്മദ് അസറുദ്ദീന്റെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഐപിഎലിൽ കളിക്കണം, 2023 ലോകകപ്പ് കളിക്കണം, രഞ്ജി ട്രോഫിയിൽ 4 സെഞ്ചുറികളടിക്കണം എന്നീ ആഗ്രഹങ്ങളാണ് മുഹമ്മദ് അസറുദ്ദീൻ പങ്കുവയ്ക്കുന്നത്. മികച്ച സ്ട്രോക്ക് പ്ലെയറും ഓപ്പണറുമായ അസ്ഹറുദ്ദീൻ 9ാം വയസിലാണ് ക്രിക്കറ്റ് കളി ആരംഭിച്ചത്. ഇന്ത്യൻ ടീമിന്റെ ക്യാംപ്റ്റൻ അസ്ഹറുദ്ദീനോടുള്ള ആരാധനയും പ്രചോദനവുമായിരുന്നു കേരളത്തിന്റെ സ്വന്തം അസറുദ്ദീനും ആ പേര് ലഭിക്കാൻ വഴിവച്ചത്.

ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഡൽഹിക്കെതിരെ 38 പന്തുകളിൽ നിന്നും അഞ്ച് സിക്‌സുകളുടെയും 3 ഫോറുകളുടെയും സഹായത്തിൽ 71 റൺസെടുത്ത വിഷ്ണുവിന്റെ പ്രകടനം തന്നെയാണ് മത്സരം കേരളത്തിന് അനുകൂലമാക്കിയത്. ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം ജയത്തോടെ 12 പോയന്റുകളുമായി ഗ്രൂപ്പ് ഇ യിൽ കേരളം മുന്നിട്ടുനിൽക്കുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഹരിയാനയെ കീഴടക്കിയാൽ കേരളം ക്വാർട്ടറിലേക്ക് മുന്നേറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP