Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചി സ്മാർട്ട് സിറ്റിയിൽ മാരിആപ്പ്‌സ് മറൈൻ സൊല്യൂഷൻസും; സിംഗപ്പൂർ ആസ്ഥാനമായ മുൻനിര കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി സ്മാർട്ട് സിറ്റിയിൽ മാരിആപ്പ്‌സ് മറൈൻ സൊല്യൂഷൻസും; സിംഗപ്പൂർ ആസ്ഥാനമായ മുൻനിര കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷുൾട്ടെ ഗ്രൂപ്പ് കമ്പനിയും മറൈൻ എന്റർപ്രൈസ് സൊല്യൂഷൻസിൽ മുൻനിര കമ്പനിയുമായ സിംഗപ്പൂർ ആസ്ഥാനമായ മാരിആപ്സ് മറൈൻ സൊല്യൂഷൻസിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാർട്സിറ്റി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തിൽ 1300 ജീവനക്കാരെ ഉൾകൊള്ളാനാകും.

കൊച്ചി സ്മാർട്സിറ്റിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജർമനി, സൈപ്രസ് എന്നിവിടങ്ങളിൽ ഓഫീസുള്ള മാരിആപ്സ്. 200 ജീവനക്കാരുമായി സ്മാർട്സിറ്റിയിലെ ആദ്യ ഐടി ടവറിൽ 18,000 ച.അടി ഓഫീസിൽ പ്രവർത്തനം തുടങ്ങിയ മാരിആപ്സ് 2018-ലാണ് കോ-ഡെവലപ്മെന്റിന് സ്മാർട്സിറ്റിയുമായി കരാറിലേർപ്പെടുന്നത്. സ്വന്തം കെട്ടിടം നിർമ്മിക്കാനായി കമ്പനിക്ക് 1.45 ഏക്കർ ഭൂമി 2018-ൽ കൈമാറുകയും രണ്ട് വർഷത്തിനുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

കമ്പനിയുടെ വികസന പദ്ധതികളിൽ ഇന്ത്യ എന്നും പരിഗണനയിൽ ഉണ്ടായിരുന്നുവെന്നും സിംഗപ്പൂരിന് പുറത്ത് കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ സ്വാഭാവികമായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മാരിആപ്സ് സിഇഒ ശങ്കർ രാഘവൻ അഭിപ്രായപ്പെട്ടു. ആരും ഇതേവരെ പരീക്ഷിക്കാത്ത ധാരാളം സാധ്യതകളുള്ള ഈ രാജ്യത്ത് മികച്ച യോഗ്യതകളുള്ള പ്രൊഫഷണലുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാർട്സിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഹരിത കെട്ടിടം ജീവനക്കാർക്ക് മികച്ച ഡിജിറ്റൽ സ്പേസ് ലഭ്യമാക്കുന്നതിന് പുറമേ സുരക്ഷിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷവും പ്രദാനം ചെയ്യും. മാരിആപ്സിന്റെ ജർമൻ മാതൃ കമ്പനിയായ ഷുൾട്ടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഫീസാണ് സ്മാർട്സിറ്റിയിലേതെന്നും ശങ്കർ രാഘവൻ കൂട്ടിച്ചേർത്തു.

മികച്ച അടിസ്ഥാനസൗകര്യം ഉൾപ്പെടെ മാസ്റ്റർ പ്ലാനിങ്ങിൽ ആഗോള നിലവാരത്തോട് കിടപിടിക്കുന്ന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നത് കാരണമാണ് ഇന്ത്യയിൽ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതിന് സ്മാർട്സിറ്റി തെരഞ്ഞെടുത്തതെന്ന് മാരിആപ്സ് ലീഡ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. സ്മാർട്സിറ്റിയിലെ ആദ്യ കെട്ടിടത്തിൽ വാടകക്കാരായി പ്രവർത്തനം തുടങ്ങിയ മാരിആപ്സ് കഴിഞ്ഞ കാലങ്ങളിൽ അവിടെ ഉരുത്തിരിഞ്ഞു വന്ന ബിസിനസ് അന്തരീക്ഷത്തിൽ ഏറെ സംതൃപ്തരായിരുന്നു. തുടർന്ന് സ്വന്തം ഐടി കെട്ടിടം നിർമ്മിക്കാനായി സ്മാർട്സിറ്റിയുമായി കൈകോർത്തു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ സ്മാർട്സിറ്റി കൊച്ചി നേതൃത്വവും മാനേജ്മെന്റും സജീവ പിന്തുണയാണ് നൽകിയതെന്നും തോമസ് ജോൺ പറഞ്ഞു.

ഐടി അനുബന്ധ സേവനങ്ങളുടെ സഹായത്തോടെ ഇന്ത്യ അടക്കം ലോകത്തുടനീളമുള്ള നാവികരുടെ വൈദഗ്ധ്യം ഉയർത്താനുള്ള മാരിടൈം ട്രെയിനിങ് സെന്ററും (എംടിസി), എംടിസിക്ക് ട്രെയിനിങ് പങ്കാളിയായി പ്രവർത്തിക്കുന്നതിനും പരിശീലനവും നിയമനകാര്യങ്ങളും ഏകോപിപ്പിക്കുന്നതിനും ക്രു സർവീസ് സെന്ററും സ്ഥാപിക്കുന്നതിന് മാരിആപ്സിന് പദ്ധതിയുണ്ട്.

സ്മാർട്സിറ്റിയിലെ ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളിൽ സന്തുഷ്ടരായതിന് പുറമേ സുസ്ഥിരവും കാലാതീതവുമായ ബന്ധം സ്ഥാപിക്കുന്നതിൽ യോജിച്ച സമീപനമെന്ന തങ്ങളുടെ അടിസ്ഥാന മൂല്യവും കാരണമാണ് കോ-ഡെവലപ്പറായി സ്മാർട്സിറ്റിയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ മാരിആപ്സ് തീരുമാനിച്ചതെന്ന് സ്മാർട്സിറ്റി കൊച്ചി സിഇഒ മനോജ് നായർ അഭിപ്രായപ്പെട്ടു. ഒരു കോ-ഡെവലപ്പർ എന്ന നിലയിൽ മാരിആപ്സുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിനിടയിലും കോർപ്പറേറ്റ് ഓഫീസിന്റെ നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ അവർക്കായെന്നും അദ്ദേഹം പറഞ്ഞു.

2017-ൽ നടന്ന മാനേജ്മെന്റ് പുനഃസംഘടനയ്ക്ക് ശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്മാർട്സിറ്റി കൊച്ചി നിർണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മനോജ് നായർ വ്യക്തമാക്കി. സാൻഡ്സ് ഇൻഫ്രാബിൽഡ്, പ്രസ്റ്റിജ്, മാറ്റ് പ്രോജക്ട്സ് തുടങ്ങിയ കോ-ഡെവലപ്പർമാരുടെ ഐടി ക്യാമ്പസുകളുടെ നിർമ്മാണം ആദ്യഘട്ടത്തിലെ ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ശേഷം ഏറെ കാലം അടിത്തറ നിർമ്മാണഘട്ടത്തിലോ അല്ലെങ്കിൽ സ്തംഭനാവസ്ഥയിലോ ആയിരുന്നു. എന്നാൽ സ്മാർട്സിറ്റി പദ്ധതിയിൽ കോ-ഡെവലപ്പർമാർ വിശ്വാസം അർപ്പിക്കുകയും ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയും ചെയ്യുന്നതിൽ ഏറെ അഭിമാനമുണ്ട്. ഇവ 2021-ന്റെ രണ്ടാം പാദം മുതൽ ഘട്ടങ്ങളായി 2023 വരെ പൂർത്തീകരിക്കാനാകുമെന്ന വിശ്വാസത്തിലാണ്. ഇവ പൂർത്തിയാകുന്നതോടെ 56 ലക്ഷം ച.അടി കൂടി പദ്ധതിയിൽ ചേർക്കപ്പെടും. ഇതോടെ പദ്ധതിക്കരാറിൽ വിഭാവനം ചെയ്തിട്ടുള്ള ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കുള്ള ബിൽറ്റപ്പ് ഏരിയയും നിക്ഷേപവും വർധിപ്പിക്കാനാകുമെന്നും മനോജ് നായർ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ സ്മാർട്സിറ്റിയുടെ ആദ്യ ഐടി കെട്ടിടം ഉൾപ്പെടെ മൊത്തം ഐടി ബിൽറ്റപ്പ് ഏരിയ 64 ലക്ഷം ച.അടി ആയിരിക്കുമെന്നും ഇത് 55,000 പ്രത്യക്ഷ ഐടി ജോലി അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ പുറമേ രണ്ട് ഘട്ടങ്ങളിലായുള്ള നിർമ്മാണം പൂർത്തീകരിച്ച് ജെംസ് ഇന്റർനാഷണൽ സ്‌കൂൾ 2018 നവംബറിൽ തന്നെ സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ രംഗത്ത് സ്മാർട്സിറ്റി ക്യാമ്പസിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് രണ്ട് 33 കെവി സബ്സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കമ്മിഷൻ ചെയ്തു. ക്യാമ്പസിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള 3 എംഎൽഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. സ്മാർട്സിറ്റി ക്യാമ്പസിന് ആവശ്യമായ റോഡ്, യൂട്ടിലിറ്റി ട്രെഞ്ചുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി പൂർണമായും പ്രവർത്തനക്ഷമമാണ്. ഈ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് മാത്രം ഏകദേശം 25 ഏക്കർ ഭൂമിയാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ടൗൺഷിപ്പിന്റെ വികസനത്തിൽ പങ്കാളികളാകാൻ പുതിയ കോ-ഡെവലപ്പർമാർക്ക് സഹായകമാകുകയും അതിലൂടെ കാക്കനാട്ടെ ഐടി ഹബ്ബിലെ ഐടി ജീവനക്കാരുടെ എണ്ണത്തിലുള്ള നിർദ്ദിഷ്ട വളർച്ചയിലും പങ്ക് നിർവഹിക്കാനാകും. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള ഇതര ഊർജോൽപാദന ലക്ഷ്യം കൈവരിക്കാനായി നിലവിലുള്ള സൗരോർജ പദ്ധതികൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാനായി സ്മാർട്സിറ്റിയും കോ-ഡെവലപ്പർമാരും യോജിച്ച പ്രവർത്തനം തുടരുമെന്നും മനോജ് നായർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP