Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെയിൽ നിന്നും ബാംഗ്‌ളൂരിലെത്തിയ നടി ലെനയ്ക്ക് കോവിഡ്ന്നു വ്യാജ പ്രചാരണം; താൻ സുരക്ഷിതയെന്നു ലെന മറുനാടൻ മലയാളിയോട്; ആരാധകർ നടിക്ക് രോഗവിമുക്തി ആശംസിച്ചു തുടങ്ങിയതോടെ രക്ഷ തേടി നെഗറ്റീവ് റിപ്പോർട്ടുമായി ലെന ഇൻസ്റ്റാഗ്രാമിൽ

യുകെയിൽ നിന്നും ബാംഗ്‌ളൂരിലെത്തിയ നടി ലെനയ്ക്ക് കോവിഡ്ന്നു വ്യാജ പ്രചാരണം; താൻ സുരക്ഷിതയെന്നു ലെന മറുനാടൻ മലയാളിയോട്; ആരാധകർ നടിക്ക് രോഗവിമുക്തി ആശംസിച്ചു തുടങ്ങിയതോടെ രക്ഷ തേടി നെഗറ്റീവ് റിപ്പോർട്ടുമായി ലെന ഇൻസ്റ്റാഗ്രാമിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്നലെ രാവിലെ മുതൽ നടി ലെനയുടെ ഫോണിൽ സുഹൃത്തുക്കളുടെയും മറ്റും നിരന്തര സന്ദേശങ്ങളാണ് എത്തികൊണ്ടിരുന്നത് . കാരണം ആരോ പടച്ചു വിട്ട ഒരു വ്യജ വാർത്തയുടെ ഇരയാകുക ആയിരുന്നു നടി . യുകെയിൽ നിന്നും ബാംഗ്ലൂരിൽ മടങ്ങി എത്തിയ നടിക്ക് കോവിഡ് പോസിറ്റീവ് ആയെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം .

യുകെയിൽ ഇപ്പോൾ സ്വഭാവ വ്യതിയാനം സംഭവിച്ച വൈറസ് പടരുന്നതിനാൽ ലെനയ്ക്കും കോവിഡ് ബാധിച്ചു എന്ന വിശ്വാസത്തിലാണ് ഓൺലൈൻ മാധ്യമങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി വാർത്ത നിർമ്മിക്കലുമായി ഇറങ്ങി തിരിച്ചത് . ഇക്കഴിഞ്ഞ ഞായറാഴ്ച യുകെയിൽ നിന്നും ബാംഗ്ലൂരിൽ എത്തിയ നടി ലെന കോവിഡ് മാനദണ്ഡം അനുസരിച്ചു 14 ദിവസത്തേക്ക് ക്വറന്റീനിൽ ആയതും വാർത്ത പ്രചരിപ്പിച്ചവർക്ക് സഹായകമാകുന്ന കാര്യം ആയിരുന്നു .

എന്നാൽ ഇതേക്കുറിച്ചു അന്വേഷിക്കാൻ മറുനാടൻ മലയാളിയിൽ നിന്നും രാവിലെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജ വാർത്തയുടെ തീവ്രത ലെനയ്ക്ക് ബോധ്യപ്പെട്ടത് . ചുരുക്കം സുഹൃത്തുക്കൾ മാത്രം അറിഞ്ഞ കാര്യം ആണെന്നായിരുന്നു ലെനയുടെ ധാരണ . വാർത്ത ഇത്ര വേഗം യുകെ വരെ എത്തിയെങ്കിലും ഇനി ലോകത്താരും അറിയാൻ ബാക്കി കാണില്ലല്ലോ എന്നാണ് ലെന ചിന്തിച്ചത് .

ഇതേതുടർന്ന് തനിക്കു കോവിഡ് ഇല്ലെന്നും താൻ നെഗറ്റീവ് ആയി തന്നെയാണ് ക്വറന്റീനിൽ കഴിയുന്നത് എന്നുമാണ് ലെന പ്രതികരിച്ചത് . ആളുകളെ വിശ്വസിപ്പിക്കാൻ തുടർന്ന് നടിക്ക് നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്യേണ്ടിയും വന്നു . ഇതോടെ വാർത്ത നൽകിയ മാധ്യമങ്ങളിൽ പലതും അത് മുക്കി മുഖം രക്ഷിക്കുക ആയിരുന്നു .

ലെന പോസറ്റീവ് ആയി എന്നറിഞ്ഞാൽ യുകെയിൽ നിന്നും നാട്ടിൽ എത്തിയ മലയാളികളുടെ കാര്യം കൂടുതൽ കഷ്ടത്തിലാകും എന്ന ബ്രിട്ടീഷ് മലയാളിയുടെ ആശങ്കയും അതേവിധത്തിൽ നടി ഉൾക്കൊള്ളുക ആയിരുന്നു . യുകെയിൽ വന്നു പോകുന്നവരെല്ലാം കോവിഡ് ബാധിതരായി മാറുന്നു എന്ന ചിന്ത രൂപമെടുക്കാൻ ലെനയുടെ കോവിഡ് വ്യാജ വാർത്തയും ഒരു പരിധി വരെ കരണമാകുമായിരുന്നു . അമേരിക്കയിൽ ജൂലൈ മാസത്തിൽ ഹോളിവുഡ് നടിയായ ലെന കോവിഡ് ബാധിത ആയതിനെ തുടർന്ന് എഴുതിയ കോവിഡ് അനുഭവങ്ങൾ ഒട്ടേറെ മാധ്യമങ്ങൾ വാർത്ത ആക്കിയിരുന്നു . ഈ വാർത്തയുടെ ലിങ്കുകൾ മലയാള നടി ലെന ആണെന്ന് കരുതും വിധം പ്രചരിച്ചതാണ് ഓൺലൈൻ മാധ്യമങ്ങളെ കുടുക്കിലാക്കിയത് .

സർക്കാർ നിബന്ധന അനുസരിച്ചു ബാംഗ്ലൂരിൽ വിമാനമിറങ്ങിയ ലെന വീട്ടിൽ പോകാതെ സർക്കാർ ആശുപത്രിയിൽ ക്വറന്റീനിൽ പോയതും കോവിഡ് പോസിറ്റീവ് ആണെന്ന് പ്രചരിപ്പിച്ചവർക്ക് മതിയായ കാരണമായി . കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്ക് വേണ്ടിയാകും ആശുപത്രിയിൽ കഴിയുന്നത് എന്നാണ് പൊതുവെ പ്രചരിപ്പിക്കപ്പെട്ടതു . എന്നാൽ താൻ യുകെയിൽ നിന്നും മടങ്ങി വന്ന ആൾ എന്ന നിലയിൽ കോവിഡ് രൂപമാറ്റം സംഭവിച്ച വൈറസിന് ഇരയായിട്ടുണ്ടോ എന്നറിയാൻ സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചിരിക്കുക ആണെന്നും ഇതിന്റെ ഫലം ഇനിയും എത്തിയിട്ടില്ലെന്നും ലെന കൂട്ടിച്ചേർക്കുന്നു .

മലയാളിയായ നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫുട്പ്രിന്റ്‌സ് ഓൺ വാട്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണു ലെന കഴിഞ്ഞ മാസം യുകെയിൽ എത്തിയത് . കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലൊക്കേഷൻ ബബിൾ തീർത്താണ് ലെനയും സംഘവും സിനിമ ചിത്രീകരണം പൂർത്തിയാക്കിയത് . കഴിവതും യാത്രകൾ ഒഴിവാക്കി ഹോട്ടലിൽ തന്നെ തങ്ങിയാണ് നടി നാട്ടിൽ മടങ്ങിയെത്തിയിരിക്കുന്നതും . വാർത്തകൾ നൽകിയവർ തന്നോട് ഒരക്ഷരം തിരക്കാതെയാണ് അതിനു മുതിർന്നത് എന്നും നടി ചൂണ്ടിക്കാട്ടി . ഓൺലൈൻ മാധ്യമ ആക്രമണത്തിൽ നിന്നും രക്ഷ തേടിയാണ് രോഗബാധിത അല്ലെന്നു വക്തമാക്കി ലെന ഒടുവിൽ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാൻ തയാറായത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP