Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഞ്ചാവിന് അടിമയായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ; ഭാര്യ പോയെങ്കിലും കഞ്ചാവ് വിൽപ്പനക്കാരനായ അമ്മായി അപ്പനും മരുമോനും കട്ട കമ്പനികൾ; മകനെ ജയിലിലാക്കണമെന്ന് പൊലീസിനോട് കെഞ്ചി അമ്മ; കഞ്ചാവ് വിൽപ്പനയ്‌ക്കെതിരെ പരാതിപ്പെട്ടാൽ വെട്ടിനിരത്തുന്ന പ്രാദേശിക നേതൃത്വം: കേരളം കഞ്ചാവിൽ മുങ്ങുമ്പോൾ

കഞ്ചാവിന് അടിമയായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ; ഭാര്യ പോയെങ്കിലും കഞ്ചാവ് വിൽപ്പനക്കാരനായ അമ്മായി അപ്പനും മരുമോനും കട്ട കമ്പനികൾ; മകനെ ജയിലിലാക്കണമെന്ന് പൊലീസിനോട് കെഞ്ചി അമ്മ; കഞ്ചാവ് വിൽപ്പനയ്‌ക്കെതിരെ പരാതിപ്പെട്ടാൽ വെട്ടിനിരത്തുന്ന പ്രാദേശിക നേതൃത്വം: കേരളം കഞ്ചാവിൽ മുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സ്വന്തം ജീവിതവും കുടുംബവും എല്ലാം തകർക്കുകയാണ് കഞ്ചാവിന്റെ പിടിയിലായ പുതു തലമുറ. മാത്രമല്ല സമൂഹത്തിന് ഇവർ ഉണ്ടാക്കി വയ്ക്കുന്ന നഷ്ടങ്ങൾ വേറെയും. ചോദ്യം ചെയ്യുന്നവരെ എല്ലാം വെട്ടി നിരത്തി കഞ്ചാവ് മാഫിയ അങ്ങനെ കേരളത്തിൽ തഴച്ചു വളരുകയാണ്. നമുക്ക് ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പെരുമാറ്റത്തിലൂടെയും പ്രവൃത്തിയിലൂടെയും എതിർക്കുന്നവരെ വെട്ടി നിരത്തി കഞ്ചാവ് കേരളവും വളരുകയാണ്.

കഞ്ചാവ് അടിക്കുന്ന ഭർത്താക്കന്മാരെ കൊണ്ട് ഭാര്യമാരും മക്കളെ കൊണ്ട് അമ്മമാരും പൊറുതി മുട്ടി തുടങ്ങി. ഇവവരുടെ പ്രശ്‌നം പരിഹരിക്കാനെത്തിയാൽ എത്തുന്നവരും പെട്ടു എന്ന അവസ്ഥയിലാണ്. മേലിലയിലെ ഒരു വീട്ടിൽ കഞ്ചാവ് വാങ്ങാനെത്തിയ യുവാവ് വിൽപനക്കാരന്റെ സുന്ദരിയായ മകളുമായി പ്രണയത്തിലായി. പ്രണയം തലയ്ക്കു പിടിച്ചു. ഇരുവരും വിവാഹിതരായി. ഇതോടെ കഞ്ചാവ് കച്ചവടം ഇവരുടെ കുടുംബ ബിസിനസായി. അമ്മായി അച്ഛനും മരുമകനും കൂടി കച്ചവടം പൊടിപൊടിച്ചു.

ഇതിനിടയിൽപ്പെട്ട മകളാണ് ശരിക്കും കുടുങ്ങിയത്. ക്രമേണ മരുമകൻ കഞ്ചാവിന് അടിമയായി. ഉപദ്രവവും തുടങ്ങി. ഭാര്യയെ യുവാവ് നന്നായി ഉപദ്രവിക്കും. ഒടുവിൽ രക്ഷയില്ലാതെ വന്നതോടെ യുവതി വിവാഹമോചനം നേടി മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാൽ പിതാവും മരുമകനുമായുള്ള കഞ്ചാവ് കമ്പനി ഇപ്പോഴും തുടരുന്നു.

മറ്റൊരു സംഭവം കൊട്ടാരക്കരയിലാണ്. തുകൽ വാദ്യക്കാരനും വർക് ഷോപ്പ് ജീവനക്കാരനും അടുത്ത സുഹൃത്തുക്കൾ. താളം മുറുകണമെങ്കിൽ കക്ഷിക്കു സ്വൽപം കഞ്ചാവ് അകത്തു ചെല്ലണം. വർക് ഷോപ്പുകാരനും അതേ പടി. ഉപയോഗത്തിനൊപ്പം ആവശ്യക്കാർക്ക് ഇരുവരും കഞ്ചാവ് എത്തിച്ചു പോന്നു.

ഒരു ദിവസം എക്‌സൈസ് എത്തി രണ്ട് പേരെയും കയ്യോടെ പൊക്കി. വർക് ഷോപ്പ് ജീവനക്കാരന്റെ അമ്മയ്ക്ക് സംഭവം വിശ്വസിക്കാനായില്ല. അവർ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായി. ഇതോടെ മകനെ ജയിലിലാക്കണമെന്ന ആവശ്യമാണ് ആ അമ്മ പൊലീസിന് മുന്നിൽ വെച്ചത്.

കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ മക്കൾ കൺ മുന്നിൽ പിഴച്ച് പോകുന്നത് കണ്ട് തല തല്ലി കരയുന്ന അമ്മമാരും കുറവല്ല. ഭർത്താവ് മരിച്ചതോടെ അയൽവീടുകളിൽ ജോലിക്ക് പോയാണ് മൂന്ന് ആൺമക്കളെ ക്ലാപ്പനയിലെ വീട്ടമ്മ വളർത്തി വലുതാക്കിയതും പഠിപ്പിച്ചതും. ഇളയകുട്ടിക്ക് മൂന്നു വയസ്സായപ്പോൾ ഭർത്താവ് മരിച്ചു. ഇല്ലായ്മകളൊന്നും അറിയിക്കാതെ അവർ മക്കളെ പൊന്നുപോലെ കാത്തു. പക്ഷേ, രണ്ടാമത്തെ മകൻ ഒൻപതാം ക്ലാസ് പഠനം കഴിഞ്ഞതോടെ ലഹരിയുടെ വഴിതേടി പോയി.

ആദ്യം അഴീക്കലിൽ മത്സ്യബന്ധന തുറമുഖത്തു ജോലിക്കു പോയതോടെ പുകവലി ആരംഭിച്ചു. വരുമാനം ലഭിച്ചതോടെ ക്ലാപ്പന പഞ്ചായത്ത് ഗ്രൗണ്ട് കേന്ദ്രീകരിക്കുന്ന ലഹരി സംഘത്തിലെ പ്രധാനിയായി. ലഹരി മൂത്ത് യുവാവ് ഒരു നാൾ സമീപവീട്ടിലെത്തി വീട്ടിലെ ട്യൂബ് ലൈറ്റു പൊട്ടിച്ചു സ്വയം കയ്യിലെ ഞരമ്പു മുറിച്ചു. ലഹരി കിട്ടാൻ താമസിച്ചാൽ ആളുടെ മട്ടു മാറും.

വീട്ടിലെ എല്ലാ ഉപകരണങ്ങളും അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്ത് ട്യൂബ് ലൈറ്റുകൊണ്ട് അടിച്ചു. മുറിവിൽ ഡോക്ടർമാർ 27 തുന്നലിട്ടു. അന്നു നിറകണ്ണുകളോടെ ആ അമ്മ പൊലീസുകാരോടു പറഞ്ഞു: ' മകനെ ജയിലിലാക്കണം...' പരാതി നൽകാൻ അമ്മയെ സഹായിച്ച അയൽവാസികളുടെ വീടുകളിലെത്തി മകനും സംഘവും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു.

ക്ലാപ്പന, പ്രയാർ, തഴവ, കരുനാഗപ്പള്ളി പ്രദേശങ്ങളിലെ സ്‌കൂളുകളും കോളജുകളും മത്സ്യബന്ധന തുറമുഖം, അഴീക്കൽ ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിൽപന പൊടിപൊടിക്കുന്നു. ഡിജെ പാർട്ടികൾ വരെ സംഘടിപ്പിക്കുന്നതായാണു വിവരം. പുതുവത്സരാഘോഷത്തിൽ ഡിജെ പാർട്ടിയിൽ ഉപയോഗിക്കാൻ എംഡിഎംഎ ഇനത്തിലുള്ള ലഹരിമരുന്നുകൾ വരെ ഒഴുക്കുന്നതായാണ് റിപ്പോർട്ട്.

18 പോലും തികയാത്ത നിരവധി കൗമാരക്കാരെയാണ് പൊലീസ് ഓരോ ദിവസവും കഞ്ചാവും മറ്റു ലഹരിമരുന്നുമായി പിടികൂടുന്നത്. ബാംഗ്ലൂരിൽ പഠിക്കുന്ന മലയാളികളായ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും വൻ തോതിൽ കഞ്ചാവ് വിൽ്പ്പന നടക്കുന്നുണ്ട്. നാട്ടിൽ കഞ്ചാവ് ശല്യം രൂക്ഷമായാൽ പൊലീസിൽ പരാതിപ്പെടാനും ആളുകൾക്ക് പേടിയാണ്. ആരെങ്കിലും പരാതിപ്പെട്ടാൽ വീടു കയറി മർദ്ദനവും വെട്ടിനിരത്തലുമാണ് ഇത്തരം സംഘം ചെയ്ത് പോരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP