Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണ്ണ കടത്തിൽ മോദിക്ക് കത്തെഴുതിയത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തുമെന്ന് അറിയാതെ; വിവിധ മാനങ്ങളിലുള്ള ഏകോപനത്തിലൂടെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ആ പഴയ കത്ത് സുപ്രീംകോടതിയിലും കേന്ദ്രത്തിന്റെ ആയുധമാകും; ലൈഫിൽ യുവി ജോസിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് സിബിഐയും; വിനയാകുന്നത് പിണറായിയുടെ കത്ത് തന്നെ

സ്വർണ്ണ കടത്തിൽ മോദിക്ക് കത്തെഴുതിയത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തുമെന്ന് അറിയാതെ; വിവിധ മാനങ്ങളിലുള്ള ഏകോപനത്തിലൂടെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ആ പഴയ കത്ത് സുപ്രീംകോടതിയിലും കേന്ദ്രത്തിന്റെ ആയുധമാകും; ലൈഫിൽ യുവി ജോസിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് സിബിഐയും; വിനയാകുന്നത് പിണറായിയുടെ കത്ത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൈഫ് മിഷനിൽ ഐഎഎസുകാരനായ യുവി ജോസിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് സിബിഐ. ഇതിനുള്ള നീക്കം സിബിഐ ശക്തമാക്കി. അന്വേഷണത്തിന് എതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി കൂടുതൽ ഗുണകരമാക്കാനാണ് സിബിഐയുടെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ആയുധമാക്കും.

സ്വർണക്കടത്തു കേസിൽ വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യമാണെന്നും ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. ഇതാണ് കേന്ദ്രം ഇപ്പോൾ ചെയ്യുന്നതും. അതുകൊണ്ട് തന്നെ ഈ കത്തിലെ ഓരോ വരിയും കേന്ദ്ര നിലപാടിന് തുണയാകും. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ വാദത്തിനെതിരെ ഈ കത്തും സിബിഐ ആയുധമാക്കും. അനിൽ അക്കര എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 സെപ്റ്റംബർ 24ന് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നായിരുന്നു ലൈവ്ലിഹുഡ്, ഇൻക്ലൂഷൻ ആൻഡ് എംപവർമെന്റ് മിഷൻ (ലൈഫ് മിഷൻ) സിഇഒ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വിദേശ സഹായ നിയന്ത്രണ നിയമം (എഫ്‌സിആർഎ), ഇന്ത്യൻ ശിക്ഷാനിയമം എന്നിവ ലംഘിച്ചെന്നായിരുന്നു അനിൽ അക്കരയുടെ പരാതി. അതായത് യുവി ജോസാണ് പരാതിക്കാരൻ.

അറസ്റ്റ് ഭയന്നാണ് യുവി ജോസിന്റെ ഈ നീക്കമെന്ന് സിബിഐ വിലയിരുത്തുന്നുണ്ട്. എഫ്‌സിആർഎ ലംഘനം നടന്നിട്ടില്ലെന്നും സിബിഐയ്ക്ക് കേസ് അന്വേഷണം നടത്താൻ നിയമാധികരമില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ കടന്നുകയറി സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എന്നാകും ആരോപണം. ഇവിടെയാകും മുഖ്യമന്ത്രിയുടെ കത്ത് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരിക. ലൈഫ് ഭവന പദ്ധതിയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടിനെക്കുറിച്ച് വിജിലൻസും ആന്റി കറപ്ഷൻ ബ്യൂറോയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വാദിക്കും.

ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ വേട്ടയാടാനാണ് എഫ്‌സിആർ നിയമ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സർക്കാർ വാദിക്കും. വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നിട്ടില്ല, അതിനാൽ, സിബിഐയ്ക്ക് അന്വേഷിക്കാൻ അധികാരമില്ല, എന്നായിരുന്നു സർക്കാർ നിലപാട്. മുഖ്യമന്ത്രിയുടെ കത്തുംകൂടി പരാമർശിച്ചാണു ഹൈക്കോടതി ഇത് തള്ളിയത്. സംസ്ഥാന സർക്കാർ നൽകിയ അനുമതിയുടെയും അഭ്യർത്ഥനയുടെയും അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണം ആരംഭിച്ചതെന്ന കേന്ദ്ര സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

2020 ജൂലൈ എട്ടിന് മുഖ്യമന്ത്രി നൽകിയ കത്താണ് കേന്ദ്ര സർക്കാർ ആധാരമാക്കിയത്. കേന്ദ്ര ഏജൻസികളുടെ ഫലപ്രദവും ഏകോപനത്തോടെയുള്ളതുമായ അന്വേഷണം വേണമെന്നാണു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇതെല്ലാം ഹൈക്കോടതി അംഗീകരിച്ചു. ഇതു സുപ്രീംകോടതിയും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP