Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജനങ്ങളെ വിസ്മയിപ്പിച്ചു; ബിപിഎൽ റേഷൻ കാർഡ് എപിഎൽ ആക്കിയതോടെ പോരാട്ടത്തിൽ; പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ ഭ്രാന്തനെന്ന് മുദ്രകുത്തൽ; ജോലി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും നടപ്പാതെ തട്ടിക്കളിക്കൽ; തൊഴിൽ ലഭിക്കാനായി കറണ്ട് അശോകൻ വീണ്ടും സമരത്തിൽ

ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജനങ്ങളെ വിസ്മയിപ്പിച്ചു; ബിപിഎൽ റേഷൻ കാർഡ് എപിഎൽ ആക്കിയതോടെ പോരാട്ടത്തിൽ; പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ ഭ്രാന്തനെന്ന് മുദ്രകുത്തൽ; ജോലി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും നടപ്പാതെ തട്ടിക്കളിക്കൽ; തൊഴിൽ ലഭിക്കാനായി കറണ്ട് അശോകൻ വീണ്ടും സമരത്തിൽ

അശ്വിൻ പി ടി

തിരുവനന്തപുരം: ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജനങ്ങളെ വിസ്മയിപ്പിച്ച അശോകനെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ ഈ കഴിവിന്റെ അടയാളമായാണ് സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമുൾപ്പടെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച കറണ്ട് അശോകൻ എന്ന പേര്. ഇത് മാത്രമല്ല അശോകന് വാർത്തകളിലിടം നേടിക്കൊടുത്തത്. വർഷങ്ങൾക്ക് മുൻപ് റേഷൻകാർഡിന് വേണ്ടി ഇദ്ദേഹം നടത്തിയ പോരാട്ടം ആദ്യം ഇദ്ദേഹത്തെ ധീരനും ഒടുവിൽ ഭ്രാന്തനെന്ന പേരിലും എത്തിച്ചു.

ഒടുവിൽ ഒരുഗതിയും പരഗതിയുമില്ലാതെയാണ് ഇയാൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഇയാളുടെ ഭാഗത്തെ ശരി കണ്ടറിഞ്ഞ കമ്മീഷൻ അനുകൂലമായി നൽകിയ ഉത്തരവിനെപ്പോലും സർക്കാറും പട്ടികജാതി വകുപ്പും അങ്ങോട്ടും മിങ്ങോട്ടും തട്ടിക്കളിക്കുകയാണ്. ജോലിക്കായി ഓഫീസുകൾ കയറിയിറങ്ങി ജീവിതം കഴിക്കുകയാണ് അശോകൻ.

ഒരുനാൾ ബിപിഎല്ലിൽ നിന്ന് എപിഎല്ലിലേക്ക്.. പിന്നീട് ഭ്രാന്തനെന്ന പേരിലേക്കും

2017 ലാണ് അശോകന്റെ ജീവിതം മാറിമറിയുന്നത്. വർഷങ്ങളായി ഉപയോഗിച്ച് വന്നിരുന്ന ബിപിഎൽ റേഷൻ കാർഡ് പെട്ടെന്ന് എപില്ലിലേക്ക് മാറുന്നു. പ്ലംബിങ്ങും വയറിങ്ങുമൊക്കെയായി അശോകന്റെ വരുമാനം ഒന്നുകൊണ്ടുമാത്രം ജീവിതം തള്ളിനീക്കിയ കുടുംബത്തിന് അത് വലിയ തിരിച്ചടിയായിരുന്നു. സപ്ലൈ ഓഫീസിൽ അന്വേഷിച്ചെത്തിയ അശോകനോട് രേഖകൾ ഹാജരാക്കാനായിരുന്നു ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.ഇപ്രകാരം മുഴുവൻ രേഖകളും ഹാജരാക്കിയെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. വീണ്ടും പലപ്രാവശ്യം ഓഫീസുകൾ കയറിയിറങ്ങി നടപടിയാകാത്തതിനാൽ ഒരു ദിവസം അശോകൻ സപ്ലൈ ഓഫീസിൽ സത്യാഗ്രഹമിരുന്നു.

സംഭവം വാർത്താ ശ്രദ്ധനേടിയതോടെ വീട്ടിൽ എത്തി നിജസ്ഥികൾ വെരിഫിക്കേഷൻ ചെയ്യണമെന്നായി ഓഫീസർ. അതിനും അശോകൻ മടികാണിച്ചില്ല. വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഓഫീസർ ബിപിഎൽ കാർഡിന് അശോകൻ അർഹനാണെന്ന് പറയുകയും ചെയ്തു. വർഷം ഒന്നു കഴിഞ്ഞിട്ടും റേഷൻ കാർഡ് ഈ കുടുംബത്തിന് ലഭ്യമായില്ല. സംഭവം ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി വരെ എത്തിയെങ്കിലും സപ്ലൈ ഓഫീസറാണ് കാർഡ് ലഭ്യമാക്കേണ്ടതെന്നായിരുന്നു ലഭിച്ച മറുപടി. അങ്ങിനെയാണ് അശോകൻ വീണ്ടും ഓഫീസറെ കാണാൻ ചെല്ലുകയും പ്രതികരണമില്ലാത്തതിനാൽ ഓഫീസിന് മുൻവശത്തെ പുളിമരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തത്. ഇ സംഭവം അക്കാലത്ത് വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

പുളിമരത്തിൽ കയറി ഭീഷണിമുഴക്കിയ തന്നെ മാനസീകരോഗിയായി ചിത്രീകരിക്കാൻ പിന്നീട് അധികൃതർ ശ്രമിച്ചതായി അശോകൻ പറയുന്നു. ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പിന്നീട് മാനസീകാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തി കുഴപ്പമില്ലെന്ന് കണ്ടെത്തി.ഇവിടെ വച്ച് സപ്ലൈ ഓഫിസർ നേരിട്ടെത്തി ഇയാൾക്ക് റേഷൻ കാർഡ് നൽകിയെങ്കിലും തന്നെപോലെ അർഹതയുണ്ടായിട്ടും റേഷൻ കാർഡുകൾ നഷ്ടപ്പെട്ട നിരവധിപേരുണ്ടെന്നും അവർക്കൊപ്പം മതി തനിക്കും റേഷൻ കാർഡെന്നും ഇയാൾ ശഠിച്ചു. പിന്നീട് പൊലീസ് തന്നെ നേരിട്ട് അശോകനെ വിട്ടിലെത്തിച്ചു. പക്ഷെ തന്റെ നിലപാടിന്റെ പേരിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾക്ക് അജ്ഞാതരുടെ മർദ്ദനം ഏൽക്കേണ്ടി വന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതിന് പകരം അശോകന് വീണ്ടും മാനസീക വിഭ്രാന്തിയാണെന്ന് ആരോപിച്ച് ഇയാളെ വീണ്ടും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും കേന്ദ്രത്തിൽ പാർപ്പിച്ചതായും അശോകൻ വിശദീകരിക്കുന്നു. ദിവസങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ ഇയാൾക്കും കുടുംബത്തിനും നാട്ടിൽ ജീവിക്കാൻ കഴിയാത്ത നിലയായി. ആകെ ലഭിച്ചിരുന്ന പണികളും ഭ്രാന്തനെന്ന ലേബലിൽ ഇയാൾക്ക് നഷ്ടപ്പെട്ടു. ഇതിനുശേഷമാണ് തന്റെ പരാധീനതകൾ ചൂണ്ടിക്കാട്ടി അശോകൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. അശോകന്റെ നിജസ്ഥിതി തിരിച്ചറിഞ്ഞ കമ്മീഷൻ ഇയാൾക്ക് ജോലി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒരു കണ്ണിന്റെ കാഴ്‌ച്ച്ച ശക്തി നാൽപ്പത് ശതമാനത്തോളം കുറഞ്ഞ അശോകന് അംഗപരിമിതി ചൂണ്ടിക്കാട്ടിയായിരുന്നു പട്ടികജാതി കമ്മീഷനോട് ജോലി നൽകാൻ നിർദ്ദേശിച്ചത്.

നിർദ്ദേശം ലഭിച്ചിട്ട് ഒരു വർഷം.. തട്ടിക്കളിച്ച് സർക്കാറും പട്ടികജാതി വകുപ്പും

വരുമാനങ്ങൾ പാടെ നിലച്ച ഒരു കുടുംബത്തിന് ഏകെ ആശ്വാസമായിരുന്നു കമ്മീഷന്റെ നിർദ്ദേശം.2019 ൽ നിർദ്ദേശം ലഭിച്ചിട്ട് വർഷം ഒന്നുകഴിഞ്ഞിട്ടും ഇയാളുടെ കാര്യത്തിൽ സർക്കാറോ പട്ടികജാതി വികസന വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കമ്മീഷനോട് ചോദിച്ചപ്പോൾ സർക്കാറാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും സർക്കാറിനെ സമീപിച്ചപ്പോ വകുപ്പിന് ഫയൽ കൈമാറിയിട്ടുണ്ടെന്നുമാണ് അശോകന് ലഭിക്കുന്ന മറുപടി.ഒരു തവണ വിവരാവകാശം നൽകിയപ്പോൾ റേഷൻ കാർഡ് അനുവദിച്ചു അ ഫയൽ ക്ലോസ് ചെയ്തു എന്ന മറുപടിയും ഇദ്ദേഹത്തിന് ലഭിച്ചു. വീണ്ടും ഇത് ചൂണ്ടിക്കാട്ടി സർക്കാറിന് പരാതി നൽകിയപ്പോളാണ് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്താം എന്ന മറുപടി ലഭിച്ചത്.

ഇപ്പോൾ വീണ്ടും പട്ടികജാതി വകുപ്പിനെ സമീപിച്ചപ്പോൾ മനുഷ്യാവകാശ കമ്മീഷൻ അശോകന്റെ പ്രാവീണ്യം പരിഗണിച്ച് ജോലി നൽകണമെന്ന് പരാമർശിച്ചിട്ടുണ്ടെന്നും അതിനാൽ വൈദ്യുതിബോർഡിനോട് ചോദിച്ചിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്.ഒരു റേഷന്റെ കാർഡിന്റെ പേരിൽ പന്താടാൻ തുടങ്ങിയ ഒരു ജീവിതമാണ് ഇപ്പോഴും അധികൃതർ തട്ടിക്കളിക്കുന്നത്. അഭ്യസ്ഥ വിദ്യയായ ഭാര്യ സമീപത്തെ ഒരു സ്വകാര്യ സ്‌കുളിൽ പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം ഇത്രയും നാൾ കഴിഞ്ഞത്.

കോവിഡ് കാരണം സ്‌കുൾ അടച്ചതോടെ അ വരുമാനവും ഇല്ലാതായി.ഇപ്പോൾ തുടർജീവിതത്തിന് എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് അശോകനും ഭാര്യയും രണ്ടാൺമക്കളുമടങ്ങുന്ന ഈ കുടുംബം. 9 ക്ലാസ് മാത്രമുള്ള തന്റെ വിദ്യാഭ്യാസ യോഗ്യതയാണ് പ്രശ്നമെങ്കിൽ തന്റെ ഭാര്യയുടെ യോഗ്യത പരിഗണിച്ച് കുടുംബത്തെ രക്ഷിക്കാൻ ഒരു ജോലി മതി എന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു സമരത്തിൽ നിന്നാണ് തനിക്ക് ഭ്രാന്തനെന്ന പേര് കിട്ടിയത്. അതോടെ ജീവിതം പോയി. ഇനിയും തന്നെ ഇങ്ങനെ തട്ടിക്കളിക്കാനാണെങ്കിൽ പോയ ജീവിതം തിരികെ പിടിക്കാൻ ഒരു സമരത്തിനൊരുങ്ങുകയാണ് കറണ്ട് അശോകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP