Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംശയദൂരീകരണത്തിന് വിദ്യാർത്ഥികൾ സ്‌കൂളിലായിരിക്കുമ്പോൾ വിക്ടേഴ്സ് ചാനലിൽ തകർപ്പൻ ക്ലാസ്: ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും സംശയ ദൂരീകരണം മാത്രമാണ് നടക്കുന്നതെന്നുമുള്ള വിചിത്ര വാദവുമായി വിദ്യാഭ്യാസ വകുപ്പ്: അദ്ധ്യാപകരെ നിയമിക്കാതേയും കള്ളക്കളി; കോവിഡുകാല പ്ലസ്ടു പരീക്ഷ പ്രഹസനമാകും

സംശയദൂരീകരണത്തിന് വിദ്യാർത്ഥികൾ സ്‌കൂളിലായിരിക്കുമ്പോൾ വിക്ടേഴ്സ് ചാനലിൽ തകർപ്പൻ ക്ലാസ്: ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും സംശയ ദൂരീകരണം മാത്രമാണ് നടക്കുന്നതെന്നുമുള്ള വിചിത്ര വാദവുമായി വിദ്യാഭ്യാസ വകുപ്പ്: അദ്ധ്യാപകരെ നിയമിക്കാതേയും കള്ളക്കളി; കോവിഡുകാല പ്ലസ്ടു പരീക്ഷ പ്രഹസനമാകും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അദ്ധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകിയിട്ട് ഒരു വർഷം. ഇതു വരെ നിയമനം മാത്രമില്ല. വിദ്യാർത്ഥികൾ കൈറ്റ് വിക്ടേഴ്സ് ചാനൽ കണ്ടു പഠിക്കുക. സംശയം ദൂരീകരിക്കാൻ സ്‌കൂളിലേക്ക് പോവുക. ഇതൊക്കെയാണ് ഇക്കുറി പ്ലസ്ടു വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളി.

പരീക്ഷ അവർ എങ്ങനെയെങ്കിലും പാസായിക്കോട്ടെ എന്ന നിലപാടിലാണത്രേ സർക്കാർ. ഹയർ സെക്കൻഡറി തലത്തിൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപക നിയമനം നടത്താതെയുള്ള സർക്കാരിന്റെ ഒളിച്ചു കളി പ്ലസ് ടു പരീക്ഷ പ്രഹസനമാക്കുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. കേരളത്തിലാകമാനം ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകളാണ് ഹയർ സെക്കൻഡറി മേഖലയിൽ ഒഴിഞ്ഞു കിടക്കുന്നത്. ഇത്തരം തസ്തികകളിലേക്ക് പിഎസ്‌സി നിയമന ശിപാർശ നൽകി ഒരു വർഷമാകുമ്പോഴും ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകിയിട്ടില്ല. സാധാരണ ഗതിയിൽ ശിപാർശ നൽകി മൂന്ന് മാസത്തിനകം നിയമന ഉത്തരവ് നൽകണമെന്നാണ് ചട്ടം.

കഴിഞ്ഞ വർഷം ജനുവരിയിൽ പിഎസ്‌സി ശിപാർശ ചെയ്തവർക്കു പോലും ഇതു വരെ നിയമന ഉത്തരവ് നൽകിയില്ല. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യം വന്നതോടെ നിയമന നടപടികൾ സ്തംഭിച്ചു. ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിച്ചിട്ടും ഒഴിവുള്ള തസ്തികകളിലേക്ക് അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ തയാറാകുന്നില്ല. അദ്ധ്യാപക നിയമനത്തിന് തടയിടാനായി ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും സംശയ ദൂരീകരണം മാത്രമാണ് നടക്കുന്നതെന്നുമുള്ള വിചിത്ര വാദമാണ് വിദ്യാഭ്യാസ വകുപ്പിന്റേത്.

കൂടാതെ അദ്ധ്യാപകർ ലഭ്യമല്ലാത്ത വിഷയങ്ങളിൽ സബ് ജില്ലാതലത്തിലെ ബിആർസി കളുമായി ബന്ധപ്പെട്ട് ഹൈസ്‌കൂൾ, യുപി, എൽപി എന്നിവിടങ്ങളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന തികച്ചും അപ്രായോഗിക നിർദ്ദേശമാണ് വകുപ്പ് മുന്നോട്ടുവക്കുന്നത്. ഹയർ സെക്കൻഡറി മേഖലയിൽ നിലവിലുള്ള വിരള വിഷയങ്ങളായ ജേർണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സൈക്കോളജി, ജിയോളജി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ജോഗ്രഫി, സോഷ്യൽ വർക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഗാന്ധിയൻ സ്റ്റഡീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങി അൻപതിലധികം വ്യത്യസ്ത വിഷയങ്ങൾക്ക് യോഗ്യരായ അദ്ധ്യാപകരെ ബിആർസി തലത്തിൽ ലഭ്യമാകില്ല. ഇതുവരെ പിഎസ്‌സി നിയമനം പോലും നടക്കാത്ത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങൾക്ക് മുപ്പതിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ഓൺലൈൻ ക്ലാസുകളുടെ സംശയ ദൂരീകരണത്തിനും പ്രാക്ടിക്കൽ പരിശീലനത്തിനുമായി പ്ലസ് ടു വിദ്യാർത്ഥികൾ സ്‌കൂളിലെത്തണമെന്നു പറഞ്ഞ സർക്കാർ ഇതിനായി ആവശ്യം വേണ്ട അദ്ധ്യാപകരെപ്പോലും നിയമിക്കാതെ വിദ്യാർത്ഥികളെ വലയ്ക്കുകയാണ്. ഒഴിവുള്ള തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്താതെ സംശയ ദൂരീകരണ ക്ലാസുകൾ പ്രഹസനമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ആദ്യഘട്ടത്തിൽ ഇഴഞ്ഞു നീങ്ങിയ ഓൺലൈൻ ക്ലാസുകൾ, മാർച്ച് പതിനേഴിന് ആരംഭിക്കുന്ന തരത്തിൽ പരീക്ഷാ വിജ്ഞാപനം വന്നതോടെ തിരക്കിട്ടുള്ള സംപ്രേഷണമാണ് നടക്കുന്നത്. സംശയ ദൂരീകരണത്തിനായി വിദ്യാർത്ഥികൾ സ്‌കൂളിലായിരിക്കുന്ന സമയത്തും ഓൺലൈൻ സംപ്രേഷണം നടത്തി ക്ലാസുകൾ പൂർത്തിയാക്കിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി നടക്കുന്നതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പരാതിപ്പെടുന്നു. ദേശീയ തലത്തിൽ സി.ബി.എസ്.ഇ 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് മെയ് മാസത്തിൽ പരീക്ഷ നടത്താൻ തീരുമാനമെടുത്തിട്ടുണ്ട്.

കേരളത്തിലെ ഓൺലൈൻ ക്ലാസുകൾ ശരാശരി വിദ്യാർത്ഥികൾക്കു പോലും പിന്തുടരാനാവാത്ത രീതിയിൽ അതിവേഗം മുന്നോട്ടു പോകുമ്പോൾ റിവിഷൻ നടത്താനും സമയം നൽകാതെ നേരത്തെ പരീക്ഷ നടത്തുന്നത് ദോഷകരമായി ബാധിക്കും. പല വിഷയങ്ങളിലും 50 ശതമാനത്തിൽ താഴെ എന്ന രീതിയിൽ ഫോക്കസ് ഏരിയ നിശ്ചയിച്ച് അതിൽ നിന്നും പരീക്ഷക്കുള്ള ചോദ്യങ്ങൾ തയാറാക്കാനാണ് നീക്കം. ഇത്തരത്തിൽ കുറുക്കുവഴികളിലൂടെ വിദ്യാർത്ഥികളെ പരീക്ഷ ജയിപ്പിച്ചെടുക്കുമ്പോൾ അവർ ദേശീയ തലത്തിലെ വിവിധ മത്സര പരീക്ഷകളിൽ പിന്നോക്കം പോകും.

ദേശീയ സിലബസ് ക്രമീകരണത്തിന്റെ ചുവടുപിടിച്ച് സ്‌കൂൾ തലത്തിൽ ഫലപ്രദമായി റിവിഷൻ നടത്തിയും പ്രാക്ടിക്കൽ ക്ലാസുകൾ പൂർത്തിയാക്കിയും ഏറെ അവധാനതയോടെ പരീക്ഷകളെ സമീപിക്കേണ്ടതിനു പകരം തിരക്കിട്ട് ഏതെങ്കിലും വിധേന പരീക്ഷകൾ നടത്തി വിദ്യാർത്ഥികളുടെ ഉന്നത പഠനാവസരവും ഭാവിയും തുലക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP