Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്ത് ആർക്കെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദികൾ നിർമ്മാണ കമ്പനികൾ; നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും സർക്കാരിനില്ല; ലോകം കണ്ട ഏറ്റവും വലിയ വാക്‌സിനേഷന് ഇന്ത്യ തുടക്കമിടാൻ ഇരിക്കവേ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്ത് ആർക്കെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദികൾ നിർമ്മാണ കമ്പനികൾ; നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും സർക്കാരിനില്ല; ലോകം കണ്ട ഏറ്റവും വലിയ വാക്‌സിനേഷന് ഇന്ത്യ തുടക്കമിടാൻ ഇരിക്കവേ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകം കണ്ട ഏറ്റവും വലിയ വാക്‌സിനേഷനാണ് ഇന്ത്യയിൽ തുടക്കം കുറിക്കാൻ ഇരിക്കുന്നത്. ഈ സാഹചര്യത്തിൽ വാക്‌സിൻ എടുത്തതിന്റെ പേരിൽ ആർക്കെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരാവാദിത്തം കേന്ദ്രസർക്കാറിനല്ലെന്ന് കേന്ദ്രം. നിർമ്മാതാക്കളായവർക്കാകും ഉത്തരവാദിത്തമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യം തള്ളിയാണ് കേന്ദ്രം നിലപാടറിയിച്ചത്. കോവിഡ് വാക്സിനേഷൻ നടപടികൾ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

കുത്തിവയ്‌പ്പ് നടത്തുമ്പോഴുള്ള പാർശ്വ ഫലങ്ങൾക്കും മറ്റ് അപകടങ്ങൾക്കും വാക്സിൻ നിർമ്മാതാക്കൾ ഉത്തരവാദികളായിരിക്കും. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ നൽകേണ്ടതിന്റെ ബാധ്യതയും കമ്പനികൾക്കായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തിവയ്‌പ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്സിൻ വിതരണത്തിലും ബാധകമാണ്. അതിനാൽ സിഡിഎസ്സിഒ/ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ്/ ഡിസിജിഐ പോളിസി വകുപ്പുകൾ അനുസരിച്ച് കമ്പനികൾക്കാണ് എല്ലാ ഉത്തരവാദിത്വങ്ങളും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളരെ വേഗത്തിലാണ് കമ്പനികൾ പ്രതിരോധ വാക്സിനുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നത് എന്നതിനാൽ തന്നെ പല രാജ്യങ്ങളിലേയും സർക്കാരുകൾ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, സിംഗപ്പൂർ, ഇയു തുടങ്ങി പല രാജ്യങ്ങളും നഷ്ടപരിഹാരം സർക്കാർ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കൾ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത തേടി സർക്കാരിനെ സമീപിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല കഴിഞ്ഞ മാസം അവസാനം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച നിയമ നടപടികളിൽ വാക്സിൻ കമ്പനികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നായിരുന്നു അദർ പൂനവാല അന്ന് പറഞ്ഞത്.

കേരളത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ ജില്ലകളിൽ എത്തിയിട്ടുണ്ട്. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള 4,33,500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ബുധനാഴ്ച സംസ്ഥാനത്ത് എത്തിച്ചത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ച വാക്സിൻ ബുധനാഴ്ച തന്നെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ സ്റ്റോറുകളിലേക്കും അവിടെനിന്ന് ജില്ലാ സ്റ്റോറുകളിലേക്കും മാറ്റി. ജില്ലാ സ്റ്റോറുകളിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ ശനിയാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് നൽകുക.

കൊച്ചിയിൽ എത്തിച്ച വാക്സിനിൽ 1,80,000 ഡോസ് എറണാകുളം മേഖലാ സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് മേഖലാ സ്റ്റോറിലും എത്തിച്ചു. 1,34,000 ഡോസ് തിരുവനന്തപുരത്തെ മേഖലാ സ്റ്റോറിലും എത്തിച്ചു. കോഴിക്കോടുള്ള വാക്സിനിൽ 1100 ഡോസ് മാഹിയിലേക്കുള്ളതാണ്. ആദ്യഘട്ടത്തിൽ 133 കേന്ദ്രത്തിൽ ശനിയാഴ്ച വാക്സിനേഷൻ നടക്കും. എല്ലാ കേന്ദ്രത്തിലും വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യമേഖലയിലെ 1,95,613 പേരുമടക്കം ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്.

കോവിഡ് വാക്സിൻ വിതരണത്തിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾ അനാവശ്യ തിടുക്കം കാണിക്കരുതെന്നും ആരോഗ്യമന്ത്രാലയം. ദിവസവും ഓരോ കേന്ദ്രത്തിലും ശരാശരി 100 വാക്സിൻ നൽകാനും 10 ശതമാനം കരുതൽ വാക്സിനായി മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം. ഒറ്റ ദിവസം എല്ലാം നൽകിതീർക്കരുത്. കോവിഷീൽഡ്, കോവാക്സിൻ മരുന്നുകളുടെ 1.65 കോടി ഡോസാണ് കേന്ദ്രം സംഭരിച്ചത്.ആവശ്യത്തിന് വാക്സിനുകൾ എത്തിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ്തോപെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം. ഘട്ടംഘട്ടമായി വാക്സിൻ സെഷൻ സൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശവും ആരോഗ്യമന്ത്രാലയം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP