Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിജയൻപിള്ളയുടെ ചവറ സിപിഎം ഏറ്റെടുക്കും; കൊല്ലത്തും ഇനി സിപിഐ ഇടതു പക്ഷത്തെ രണ്ടാമൻ മാത്രം; കോവൂർ കുഞ്ഞുമോന്റെ കുന്നത്തൂരിലും സിപിഎമ്മിന് മോഹം; രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയിലും അരിവാൾ നെൽക്കതിരിന് ക്ഷീണകാലം; ഇനി കാനത്തിന്റെ പോരാട്ടം മുന്നണിയിലെ രണ്ടാം സ്ഥാനത്തിനായി

വിജയൻപിള്ളയുടെ ചവറ സിപിഎം ഏറ്റെടുക്കും; കൊല്ലത്തും ഇനി സിപിഐ ഇടതു പക്ഷത്തെ രണ്ടാമൻ മാത്രം; കോവൂർ കുഞ്ഞുമോന്റെ കുന്നത്തൂരിലും സിപിഎമ്മിന് മോഹം; രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയിലും അരിവാൾ നെൽക്കതിരിന് ക്ഷീണകാലം; ഇനി കാനത്തിന്റെ പോരാട്ടം മുന്നണിയിലെ രണ്ടാം സ്ഥാനത്തിനായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി കേരളാ കോൺഗ്രസിന് വിട്ടു കൊടുക്കാൻ സിപിഐ തയ്യാറാണ്. ഇരിക്കൂറും കൈമാറാം. പക്ഷേ ആകെ മത്സരിക്കുന്ന സീറ്റുകളിൽ കുറവ് വരുന്ന ഫോർമുല ഒന്നും സിപിഐ അംഗീകരിക്കില്ല. കേരളാ കോൺഗ്രസ് ജോസ് കെ മാണിയെ മുന്നണിയിൽ കൊണ്ടു വന്നത് സിപിഎമ്മാണ്. അതുകൊണ്ട് അവർക്ക് കൊടുക്കുന്ന സീറ്റ് നഷ്ടം സിപിഎം സഹിക്കണമെന്നാണ് സിപിഐയുടെ വാദം. അതിനിടെ കൊല്ലത്തും ഇടതു പക്ഷത്തെ വലിയ പാർട്ടിയായി സിപിഎമ്മും മാറും.

കേരളാ കോൺഗ്രസിന്റെ വരവോടെ ആരാണ് ഇടതുപക്ഷത്തെ രണ്ടാമത്തെ പാർട്ടി എന്ന ചോദ്യം സജീവമാണ്. 13 സീറ്റ് വരെ മാത്രമേ കേരളാ കോൺഗ്രസിന് സിപിഎം നൽകൂ. സിപിഐ 27 സീറ്റിൽ മത്സരിക്കുന്ന പാർട്ടി. അതുകൊണ്ട് തന്നെ രണ്ടാമനിലെ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സിപിഐ പറയുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ഫലത്തിൽ കേരളാ കോൺഗ്രസിന് സീറ്റെണ്ണം കൂടിയാൽ രണ്ടാം സ്ഥാനത്തിന് പ്രതിസന്ധിയും എത്തും. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ കരുതലോടെ സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിക്കും.

സിപിഐയായിരുന്നു കൊല്ലത്ത് ഇതുവരെ കൂടുതൽ സീറ്റിൽ മത്സരിച്ചത്. രാജ്യത്തു പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലം ജില്ലയിൽ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ സിപിഐ ചരിത്രത്തിലാദ്യമായി സിപിഎമ്മിനു പിന്നിൽ പോകുമെന്നാണ് സൂചന. കഴിഞ്ഞ തവണ സിഎംപിക്കു നൽകിയ ചവറ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന നിലയെത്തിയതോടെയാണിത്. 2016 ൽ സിപിഎമ്മും സിപിഐയും 4 സീറ്റുകളിൽ വീതമാണു മത്സരിച്ചത്. ഇതിന് ഇത്തവണ മാറ്റം വരും. വിജയൻ പിള്ളയുടെ മരണത്തിന് ശേഷമാണ് ചവറയിൽ സിപിഎം പിടിമുറുക്കുന്നത്.

സിപിഎം: കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു സിപിഎം മത്സരിച്ചത്.. സിപിഐ ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവടങ്ങളിലും. കുന്നത്തൂർ സീറ്റ് ആർഎസ്‌പി(എൽ)ക്കും പത്തനാപുരം കേരള കോൺഗ്രസി(ബി)നും ചവറ സിഎംപിക്കും നൽകി. സിഎംപി, സിപിഎമ്മിൽ ലയിച്ചതോടെ ചവറ സീറ്റ് പാർട്ടിക്കു തന്നെയാണെന്ന നിലപാടിലാണു സിപിഎം. ഇതോടെ സിപിഎം 5, സിപിഐ 4 എന്നിങ്ങനെയാകും. അങ്ങനെ കൊല്ലത്തും സിപിഐ രണ്ടാമനാകും. ജില്ലയിൽ 37,000 സിപിഐ അംഗങ്ങളുണ്ടായിരുന്നതിൽ നേരിയ കുറവു വന്നെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ല എന്ന റെക്കോർഡ് കൈമോശം വന്നിട്ടില്ല.

7 സീറ്റുകളിൽ വരെ സിപിഐ ജില്ലയിൽ മുൻപു മത്സരിച്ചിട്ടുണ്ട്. ആർഎസ്‌പി നേരത്തേ മത്സരിച്ചിരുന്ന 4 സീറ്റുകളിൽ രണ്ടെണ്ണം സിപിഎമ്മിന്റെ കയ്യിലെത്തിയതോടെയാണ് അവർ മുമ്പോട്ട് കുതിച്ചത്. കൊല്ലവും ഇരവിപുരവും ആർ എസ് പി പോയതോടെ അരിവാൾ ചുറ്റികയ്ക്ക് സ്വന്തമാക്കി. ചവറയിലെ സ്ഥാനാർത്ഥിയേയും ഇനി സിപിഎം തീരുമാനിക്കും. കുന്നത്തൂർ ആർഎസ്‌പി-ലെനിനിസ്റ്റിനു നൽകുമോയെന്ന കാര്യം ചർച്ചയിലാണ്. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെ സിപിഎം തടഞ്ഞാൽ ആ സീറ്റും സിപിഎമ്മിന് കിട്ടും. അങ്ങനെ വന്നാൽ കൊല്ലത്ത് ഏഴിടത്ത് സിപിഎം സ്ഥാനാർത്ഥികൾ വരും.

ഇതെല്ലാം സിപിഐ കൃത്യമായി വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്നണിയിലേക്കു വന്ന കക്ഷികൾക്ക് സീറ്റ് കൈമാറുന്നതിൽ സിപിഎമ്മിന്റെ സമീപനം വ്യക്തമാക്കിയ ശേഷം തീരുമാനമെടുക്കാൻ സിപിഐ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളിലും ഒരുക്കങ്ങൾ ആരംഭിക്കാൻ ഘടകങ്ങൾക്കു നേതൃത്വം നിർദ്ദേശം നൽകി. ഇടതു മുന്നണിയിലെ രണ്ടാംസ്ഥാനം ആർക്കും അടിയറവ് വയ്ക്കാൻ സിപിഐ തയാറല്ലെന്നാണ് കാനം നൽകുന്ന സൂചന.

കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് വന്നതോടെ സിപിഐ മത്സരിച്ചു വരുന്ന കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുകൊടുക്കാൻ പാർട്ടി തയാറായേക്കും. കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ഇരിക്കൂർ മത്സരിച്ചു വരുന്ന സീറ്റും. ഇവിടേയും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിക്കാനാകും. കാനം രാജേന്ദ്രൻ നേരത്തെ മത്സരിച്ചിരുന്ന വാഴൂരാണു കാഞ്ഞിരപ്പള്ളിയായി പരിണമിച്ചത്. കോട്ടയം ജില്ലയിൽ മറ്റൊരു സീറ്റ് ലഭിച്ചാൽ കാഞ്ഞിരപ്പള്ളി കൈമാറാൻ സിപിഐ സന്നദ്ധമായേക്കാം.

പൂഞ്ഞാർ പാർട്ടിക്കു നോട്ടമുണ്ട്. എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ അട്ടിമറി വിജയം നേടിയ എഐവൈഎഫ് മുൻ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരനെ സ്ഥാനാർത്ഥിയായും പരിഗണിക്കുന്നു. എന്നാൽ കോട്ടയം ജില്ലാ നേതൃത്വം കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എഠുക്കും. ഇരിക്കൂറിനു പകരം കണ്ണൂരിൽ തന്നെ ഏതെങ്കിലും സീറ്റ് ലഭിച്ചാൽ പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കാനാണ് തീരുമാനം. എന്നാൽ പാർലമെന്ററി രംഗത്തേക്ക് ഇനിയില്ലെന്ന നിലപാടിൽ പന്ന്യൻ ഉറച്ചു നിൽക്കുന്നു. അങ്ങനെ വന്നാൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറിനെ പരിഗണിച്ചേക്കും.

മുന്നണിയിലേക്കു വന്ന കേരള കോൺഗ്രസും എൽജെഡിയും സിപിഎമ്മിന്റെ പല സിറ്റിങ് സീറ്റുകൾ തന്നെയാണ് അവകാശപ്പെടുന്നത്. അതുകൊണ്ട് വലിയ തലവേദനയുണ്ടാകില്ലെന്നാണ് സിപിഐയുടെ കണക്കു കൂട്ടൽ. ഈ മാസം സിപിഐ ദേശീയ കൗൺസിൽ യോഗം ഹൈദരാബാദിൽ ചേരും. തുടർന്നു സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പു മാർഗരേഖ അന്തിമമാക്കും. ജില്ലകളിൽനിന്നു സ്ഥാനാർത്ഥികളെ ശുപാർശ ചെയ്യാൻ ആവശ്യപ്പെടും. അതിന് മുമ്പ് തന്നെ ഇടതു മുന്നണിയിൽ കാര്യങ്ങൾക്ക് വ്യക്തത വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP