Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിപായി ലഹളയെന്ന് പേരിട്ട് ബ്രിട്ടീഷുകാർ അടിച്ചമർത്തിയ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഒടുവിൽ ബ്രിട്ടന്റെ അംഗീകാരം; യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരന്റെ പേരിലുള്ള റോഡിന് ഇനി ഗുരുനാനാക്കിന്റെ പേര്; സായിപ്പന്മാരുടെ തെറ്റിന് സായിപ്പ് തന്നെ പരിഹാരം കണ്ടെത്തിയ ഇന്ത്യൻ വിജയഗാഥ

ശിപായി ലഹളയെന്ന് പേരിട്ട് ബ്രിട്ടീഷുകാർ അടിച്ചമർത്തിയ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഒടുവിൽ ബ്രിട്ടന്റെ അംഗീകാരം; യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരന്റെ പേരിലുള്ള റോഡിന് ഇനി ഗുരുനാനാക്കിന്റെ പേര്; സായിപ്പന്മാരുടെ തെറ്റിന് സായിപ്പ് തന്നെ പരിഹാരം കണ്ടെത്തിയ ഇന്ത്യൻ വിജയഗാഥ

മറുനാടൻ മലയാളി ബ്യൂറോ

1857 ലെ സൈനിക കലാപം വെറുമൊരു ശിപായി ലഹളയായിരുന്നു ബ്രിട്ടീഷുകാർക്ക്. എന്നാൽ അതിനെ ആദ്യമായി ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് വീർ സവർക്കർ ആയിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ചരിത്രകാരന്മാർക്ക് പോലും അത്തരത്തിലൊരു വിശേഷണം അംഗീകരിക്കാൻ പിന്നെയും കാലങ്ങൾ എടുത്തു. ഇപ്പോഴിതാ ബ്രിട്ടനും പരോക്ഷമായിട്ടാണെങ്കിലും അംഗീകരിക്കുകയാണ്, അത് വെറുമൊരു ലഹളയായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു എന്ന്.

സൗത്ത്ഹാളിലെഹാവ്ലോക്ക് റോഡിന്റെ പേരുമാറ്റിയാണ് ബ്രിട്ടൻ ഇക്കാര്യം അംഗീകരിച്ചിരിക്കുന്നത്. 1826 ലെ ആദ്യ ആംഗ്ലോ-ബർമ്മീസ് യുദ്ധം, 1839 ലെ ആദ്യ അഫ്ഗാൻ യുദ്ധം എന്നിവയിൽ സുപ്രധാനമായ പങ്ക് വഹിച്ചതിന് ശേഷമാണ് മേജർ ജനറൽ ഹെന്റി ഹാവ്ലോക്ക് ഇന്ത്യയിലെത്തുന്നത്. ബ്രിട്ടീഷ സൈന്യത്തിലുണ്ടായിരുന്ന പട്ടാളക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച കലാപം ഒന്നാം സ്വാതന്ത്ര്യ സമരമായി വികസിച്ചപ്പോൾ അതിനെ നേരിടുന്നതിനായി ഹാവ്ലോക്കിനെയായിരുന്നു നിയമിച്ചത്.

ഇന്ത്യൻ സൈനികരിൽ നിന്നും ലക്നൗ തിരിച്ചു പിടിക്കലായിരുന്നു പ്രധാന ലക്ഷ്യം. രണ്ട് തവണ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ ഹാവ്ലോക്ക് അത് നേടി. എന്നാൽ ആ വിജയം അധികനാൾ നീണ്ടുനിന്നില്ല. ഇന്ത്യൻ സൈനികരുടെ ഒരു വിഭാഗം എത്തി ലക്നൗ തിരിച്ചുപിടിച്ചു. കടുത്ത യുദ്ധത്തിനൊടുവിൽ ലക്നൗ വീണ്ടും തിരിച്ചുപിടിക്കാൻ ഹാവ്ലോക്കിന് കഴിഞ്ഞു. എന്നാൽ,ലക്നൗ തിരിച്ചുപിടിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ 1857 നവംബർ 24 ന് അദ്ദേഹം അതിസാരം പിടിപെട്ട് മരണമടയുകയായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യം വിപുലപ്പെടുത്തിയവരിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു കാബൂൾ പിടിച്ചെടുത്ത ഹാവ്ലോക്ക്. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ട്രഫാൽഗർ ചത്വരത്തിൽ ഇപ്പോഴുമുണ്ട്. ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് സൗത്ത്ഹാളിലെ റോഡിന് ഹാവ്ലോക്ക് റോഡ് എന്ന് നാമകരണം ചെയ്തത്. ഇതാണ് ഇപ്പോൾ മാറ്റി ഗുരു നാനാക്ക് റോഡ് എന്നാക്കി മാറ്റിയിരിക്കുന്നത്. ലണ്ടൻ കൗൺസിലിന്റെ ഈ തീരുമാനം ഇപ്പോൾ കടുത്ത വിമർശനത്തിന് വിധേയമായിരിക്കുകയാണ്.

ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമർശനം ഉയരുന്നത്. മാത്രമല്ല, ഇത് ബ്രിട്ടന്റെ സാംസ്‌കാരിക പാരമ്പര്യം ഇല്ലാതെയാക്കാനുള്ള ശ്രമങ്ങളിൽ അവസാനത്തേതാണിതെന്നും വിമർശനമുയരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഈലിംഗിലുള്ള സൗത്ത്ഹാൾ നിവാസികളിൽ 50 ശതമാനത്തിലധികവും ഇന്ത്യൻ വംശജരാണ്. ലണ്ടനിലെ ലിറ്റിൽ ഇന്ത്യ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നതുതന്നെ. ഇവർക്കിടയിൽ ഈ നടപടിക്ക് സ്വീകാര്യതയുണ്ടായിട്ടുണ്ട്.

മാത്രമല്ല, ബ്രിട്ടീഷുകാരിൽ പലരും ഇതിനെ അനുകൂലിക്കുന്നുണ്ട്. ഒരു ജനതയെ അടിച്ചമർത്തിയ വ്യക്തിയായിരുന്നു ഹാവ്ലോക്ക് എന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ വാടകക്കൊലയാളി കൂടിയായിരുന്നു ഇയാളെന്നും പറയുന്നു. സിക്ക് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ പേര് ഈ റോഡിന് നൽകുന്ന കാര്യം കഴിഞ്ഞ ജൂലായിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തുമ്പോൾ കൗൺസിലർ ജൂലിയൻ ബെൽ അന്നു പറഞ്ഞത് സാമ്രാജ്യത്വത്തിന്റെ ഇരുളടഞ്ഞ ഭൂതകാലത്തിൽ നിന്നുള്ള മോചനമാണിത് എന്നായിരുന്നു.

ഇപ്പോൾ പുനർനാമകരണം ചെയ്തിരിക്കുന്ന റോഡിലാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഗുരുദ്വാരയായ ശ്രീ ഗുരുസിങ് സഭസ്ഥിതിചെയ്യുന്നത്. ഇതും ഈ റോഡിന് ഗുരുനാനാക്കിന്റെ പേര് നൽകുന്നതിനുള്ള ഒരു കാരണമായിട്ടുണ്ട്. അതേസമയം ഗുരുനാനാക്കിന്റെ പേര് റോഡിന് നൽകുന്നതിനെ ചില സിക്കുകാരും എതിർക്കുന്നുണ്ട്. ജീസസ് ക്രൈസ്റ്റ് റോഡ് എന്നതൊന്ന് എവിടെയും കണ്ടിട്ടില്ല എന്നാണ് അക്കൂട്ടത്തിൽ പെട്ട ഒരു വ്യക്തി പറഞ്ഞത്. ഗുരുദ്വാരയുടെ തലവനും പുനർനാമകരണത്തിന് എതിരാണ്.

ജീസസ് ക്രൈസ്റ്റ് റോഡോ, പ്രവാചകൻ മുഹമ്മദ് നബി റോഡോ എവിടെയും കാണില്ല. അവർക്ക് തുല്യമായ സ്ഥാനമാണ് സിക്ക് മതവിശ്വാസികളിൽ ഗുരു നാനാക്കിനോടുള്ളത്. അതുകൊണ്ടുതന്നെ ഗുരു നാനാക്കിന്റെ പേര് റോഡിന് നൽകുന്നത് സിക്ക് വിശ്വാസികളെ വേദനിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. മയക്കു മരുന്ന് കച്ചവടക്കാരും, ലൈംഗിക തൊഴിലാളികളും അഴിഞ്ഞാടുന്ന ഒരു റോഡ് മഹാനായ ഗുരുവിന്റെ പേരിൽ അറിയപ്പെടുന്നത് ശരിയല്ല എന്നാണ് മറ്റൊരാൾ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്.

അതേസമയം ഹാവ്ലോക്കിന്റെ പരമ്പരയിലുള്ള എമിലി മെക് കെൻസീ എന്ന യുവതി ഈ നടപടിയെ സ്വാഗതം ചെയ്യുകയാണ് തന്റെ പൂർവ്വികന്റെ ചരിത്രം എല്ലാക്കാലത്തും ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നും എന്നാൽ, കുടുംബത്തിലെ പുതിയ തലമുറയ്ക്ക് ലോകത്തെ കുറിച്ചുള്ള കാഴ്‌ച്ചപ്പാട് മറ്റൊന്നാണെന്നും അവർ വ്യക്തമാക്കി.

പേരുമാറ്റത്തെ അനുകൂലിച്ചെത്തിയ എമിലിക്ക് സമൂഹമാധ്യമങ്ങളിൽ വലതുപക്ഷക്കാരുടെ പൊങ്കാലയാണ്. വെള്ളക്കാരിയുടെ കുറ്റബോധം എന്നാണ് പലരും ഇവരുടെ അഭിപ്രായത്തെ പരിഹസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP