Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു; പുതിയ ഡിസിപിയെ മുഖപരിചയം ഇല്ലായിരുന്നു; ആളറിയാതെ തടഞ്ഞു നിർത്തിയപ്പോൾ വനിതാ പൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റിയതിൽ സേനയിൽ അമർഷം; പാറാവ്‌ ഏറെ ജാഗ്രത വേണ്ട ജോലി എന്നും ഉദ്യോഗസ്ഥ അതുകാട്ടിയില്ലെന്നും ഐശ്വര്യ ഡോങ്റെ മറുനാടനോട്; വിവാദം ഇങ്ങനെ

വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു; പുതിയ ഡിസിപിയെ മുഖപരിചയം ഇല്ലായിരുന്നു; ആളറിയാതെ തടഞ്ഞു നിർത്തിയപ്പോൾ വനിതാ പൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റിയതിൽ സേനയിൽ അമർഷം; പാറാവ്‌ ഏറെ ജാഗ്രത വേണ്ട ജോലി എന്നും ഉദ്യോഗസ്ഥ അതുകാട്ടിയില്ലെന്നും ഐശ്വര്യ ഡോങ്റെ മറുനാടനോട്; വിവാദം ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: മഫ്തിയിലെത്തിയ ഡിസിപിയെ തിരിച്ചറിയാതെ പെരുമാറിയ സംഭവത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധം. കൃത്യനിർവ്വഹണം ശരിയായ രീതിയിൽ നടത്തിയ ഉദ്യോഗസ്ഥയെ ശിക്ഷിച്ചത് ഒട്ടും ശരിയല്ലെന്നാണ് കൊച്ചി സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ മറുനാടനോട് പ്രതികരിച്ചത്.

സാധാരണ സ്റ്റേഷനിലെത്തുന്നവർ സ്വീകരിക്കേണ്ട രീതികൾ അവലംബിച്ചു കൊണ്ട് സ്റ്റേഷനുള്ളിലേക്ക് കടന്നു കയറിയപ്പോൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തത് പാറാവു ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ ചുമതലയാണ്. അങ്ങനെയുള്ളപ്പോൾ ഡി.സി.പിയുടെ നടപടി ഏറെ പ്രതിഷേധകരമാണെന്നാണ് സേനയ്ക്കുള്ളിൽ നിന്നും അടക്കം പറയുന്നത്. അച്ചടക്ക നടപടി ഭയന്നാണ് ആരും പരസ്യമായി രംഗത്ത് വരാത്തത്.

കഴിഞ്ഞ ദിവസമാണ് സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയെ പുതുതായി ചുമതലയേറ്റ ഡി.സി.പി ഐശ്വര്യ ഡോങ്റെ ഐ.പി.എസ് മഫ്തിയിലെത്തിയ തന്നെ തിരിച്ചറിഞ്ഞ് പെരുമാറാതിരുന്നതിന് ശിക്ഷയായി രണ്ട് ദിവസത്തേക്ക് ട്രാഫിക്ക് ഡ്യൂട്ടിക്കായി അയച്ചത്. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്.

വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു എന്നതിനാലും പുതുതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്. കോവിഡ് കാലമായതിനാൽ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുൻപ് വിവരങ്ങൾ ആരായേണ്ടതുമുണ്ട് എന്നതും തടയാൻ കാരണമായി. സംഭവത്തിൽ പ്രകോപിതയായ ഡി.സി.പി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു. ഡിസിപി വാഹനത്തിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നായിരുന്നു വിശദീകരണം.

പൊലീസുകാരിയെ ട്രാഫിക്കിൽ അയച്ചതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കോവിഡ് വിലക്കുകളുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ ചോദ്യമില്ലാതെ കയറ്റിവിട്ടാൽ അതും കൃത്യവിലോപമായി പരിഗണിച്ച് ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്നും പൊലീസുകാർ പറയുന്നു. അതേ സമയം പൊലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെ ഡി.സി.പി ന്യായീകരിച്ച് പ്രതികരിച്ചു.

 'പാറാവുജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. വനിതാ പൊലീസ് സ്‌റ്റേഷനിൽ സെൻട്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ അതുകാട്ടിയില്ല. ഒരുസീനിയർ ഓഫീസറുടെ വാഹനം കണ്ട ശേഷവും അവർ അലേർട്ടായില്ല; സേനയിൽ അച്ചടക്കമില്ലായ്മ വച്ചുപൊറുപ്പിക്കാനാവില്ല; അവർ ട്രാഫിക് ഡ്യൂട്ടി നന്നായി ചെയ്യുന്നുണ്ട്- മറുനാടൻ പ്രതിനിധിയുടെ ചോദ്യത്തിനു മറുപടിയായി ഡി.സി.പി വിശദീകരിച്ചു.

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ബാനർജി റോഡിൽ ഹൈക്കോടതിയിലേക്ക് കടക്കുന്ന ഭാഗത്താണ് ഡ്യൂട്ടി നൽകിയത്. നാളെതിരികെ വനിതാ സ്റ്റേഷനിലേക്ക് തന്നെ തിരികെ പ്രവേശിക്കാൻ ഡി.സി.പി നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ മാസത്തിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വേഷം മാറിയെത്തിയ എ.എസ്‌പി ഹേമലത അന്ന് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പെരുമാറ്റം കണ്ട് അഭിനന്ദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡ്യൂട്ടി ക്യത്യമായി ചെയ്ത ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ നൽകിയതിൽ കടുത്ത അമർഷം പുകയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP