Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനമാർഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത് 4,33,500 ഡോസ് വാക്‌സിൻ; റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ എത്തിയ വാക്സിൻ ജില്ലകൾക്കും വിതരണം ആരംഭിച്ചു; ആദ്യഘട്ടത്തിൽ കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 3,68,866 പേർ

വിമാനമാർഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത് 4,33,500 ഡോസ് വാക്‌സിൻ; റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ എത്തിയ വാക്സിൻ ജില്ലകൾക്കും വിതരണം ആരംഭിച്ചു; ആദ്യഘട്ടത്തിൽ കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 3,68,866 പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സീൻ വിതരണം ആരംഭിച്ചു. ആകെ 4,33,500 ഡോസ് വാക്‌സീനുകളാണ് കേരളത്തിൽ എത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വ്യക്തമാക്കി. പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഷീൽഡ് വാക്‌സീനുകളാണ് കേരളത്തിൽ എത്തിയത്. വിമാനമാർഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ച വാക്സിനുകൾ റോഡ് മാർ​ഗം റീജിയണൽ വാക്സിൻ സ്റ്റോറുകളിലേക്ക് മാറ്റി. റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ എത്തിയ വാക്സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി.

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് എറണാകുളം റീജിയണൽ വാക്‌സീൻ സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് റീജിയണൽ വാക്‌സീൻ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് തിരുവനന്തപുരത്തെ റീജിയണൽ വാക്‌സീൻ സ്റ്റോറിലുമാണ് എത്തിച്ചത്. കോഴിക്കോട് വന്ന വാക്‌സീനിൽനിന്നും 1,100 ഡോസ് വാക്‌സീനുകൾ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ വാക്‌സീൻ എത്തിയ ഉടനെ നടപടിക്രമങ്ങൾ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി. റീജിയണൽ വാക്‌സീൻ സ്റ്റോറിൽനിന്ന് അതത് ജില്ലാ വാക്‌സീൻ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെനിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.

തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂർ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂർ 32,650, കാസർഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് ജില്ലകളിൽ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതിനിടെ, കോവിഡ് വാക്‌സിൻ അനുവദിക്കുന്നതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കായി 1.65 കോടി കോവിഷീൽഡ്, കോവാക്‌സിൻ ഡോസുകൾ വിതരണം ചെയ്തുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവേചനമില്ലാതെയാണ് വാക്സിൻ അനുവദിച്ചതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ ഡാറ്റാബേസിന്റെ അനുപാതത്തിൽ 1.65 കോടി കോവിഷീൽഡ്, കോവാക്‌സിൻ ഡോസുകൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ, വാക്‌സിൻ ഡോസുകൾ അനുവദിക്കുന്നതിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തോടും വിവേചനം കാണിച്ചോ എന്ന ചോദ്യമുദിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.

ഒരു കോടി ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 30 കോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. രാജ്യവ്യാപകമായി വാക്‌സിനേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വാക്‌സിനുകൾ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP