Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ സർക്കാരും സമസ്തയെ സഹായിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ പര്യടനത്തിൽ പങ്കെടുക്കാൻ വിലക്കില്ല; ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധം; മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല; മതപരമായ കാര്യങ്ങളിൽ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്; നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ

ഈ സർക്കാരും സമസ്തയെ സഹായിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ പര്യടനത്തിൽ പങ്കെടുക്കാൻ വിലക്കില്ല; ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധം; മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല; മതപരമായ കാര്യങ്ങളിൽ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്; നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സമസ്തയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സംഘടനയുടം മുശാവറ യോഗം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് സമസ്തയെ മുസ്ലിം ലീഗ് നിയന്ത്രിക്കുന്നുവെന്ന ചർച്ച വിവാദമായിരിക്കേയാണ് സമസ്ത അംഗങ്ങൾ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികളോടുള്ള സമസ്തയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു യോഗം.

സമസ്തയ്ക്ക് രാഷ്ട്രീയ നിലപാടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളതെന്നും സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ആരും മറ്റുള്ളവരെ നിയന്ത്രിക്കുന്നില്ല. ലീഗ് അവരുടെ ആളുകളേയും സമസ്ത അവരുടെ ആളുകളേയും മാത്രമാണ് നിയന്ത്രിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല.

ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതിൽ പങ്കെടുക്കും. സർക്കാർ നേതൃത്വം വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതിന് സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ല. ലീഗുമായി എതിർപ്പില്ലെന്നും, ഈ സർക്കാറും സമസ്തക്ക് വേണ്ടി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മുത്തുകോയ തങ്ങൾ പറഞ്ഞു.

സമസ്തയുടെ കാര്യത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ല. സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണ്. മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. മതപരമായ കാര്യങ്ങളിൽ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധമാണെന്നും ജിഫ്രി മുത്തു കോയ തങ്ങൾ ചൂണ്ടിക്കാട്ടി.

വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. വെൽഫെയർ സഖ്യത്തിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സമസ്ത ഓഫീസിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് യോഗം നടന്നത്. യോഗത്തിൽ പ്രസിഡണ്ട് സയിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, വൈസ് പ്രസി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാർ തുടങ്ങിയവരും പങ്കെടുത്തു.

നേരത്തെ മുസ്ലിം ലീഗിന് മുന്നറിയിപ്പ് നൽകിയും സിപിഎമ്മിനോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ചും സമസ്ത വീണ്ടും രംഗത്തു വന്നിരുന്നു. അവകാശ സംരക്ഷണത്തിനായി എസ്.കെ.എസ്.എസ്എഫ് നടത്തുന്ന മുന്നേറ്റ യാത്രയിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ പങ്കെടുപ്പിച്ചു. മുക്കത്ത് നടന്ന സ്വീകരണ സമ്മേളനത്തിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്. ലീഗ്, കോൺഗ്രസ് പ്രതിനിധികളും ചടങ്ങിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യാടനത്തിൽ പങ്കെടുത്ത് പിണറായിയെ പ്രശംസിച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കവും പരിപാടിയിലുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സംബന്ധിച്ച് മുസ്ലിം ലീഗും സമസ്തയും തമ്മിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഭിന്നത രൂക്ഷമായി കൊണ്ടിരിക്കെ ഒരാഴ്ച മുമ്പ് സമസ്ത നേതാക്കൾ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിക്കുകയുണ്ടായി. പ്രഫ. ആലിക്കുട്ടി മുസ്ലിയാർക്ക് ലീഗ് വിലക്കേർപ്പെടുത്തിയെ വാർത്തകൾക്കിടെയായിരുന്നു സന്ദർശനം.

ഇതിന് പിന്നാലെയാണ് ജനപ്രതിനിധി അല്ലാത്ത സിപിഎം ജില്ലാ സെക്രട്ടറിയെ സ്വന്തം വേദിയിലേക്ക് സമസ്ത ക്ഷണിച്ചത്. സമസ്തയുടെ കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പ് നൽകാൻ കൂടിയായിട്ടാണ് പി.മോഹനനെ ക്ഷണിച്ചതെന്നാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗുമായി സഹകരിച്ച വെൽഫെയർ പാർട്ടി നിയമസഭയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും മലപ്പുറത്ത് അടക്കം ലീഗിന് തിരിച്ചടിയാകുമോ എന്ന ഭയത്തിന് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP