Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേഖലാ കമ്മിറ്റിയിൽ ഏരിയാ, ലോക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങൾ; ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടിയംഗങ്ങളും ഉൾപ്പെടുന്ന ബൂത്ത് കമ്മിറ്റിയും; പാർട്ടി ഘടകങ്ങളെ തെരഞ്ഞെടുപ്പു കമ്മിറ്റികളാക്കി സിപിഎമ്മിന്റെ പടപ്പുറപ്പാട്; 140 നിയോജക മണ്ഡലങ്ങളിലും പുതിയ കമ്മിറ്റികൾ ഉടനെ; റിസ്‌ക്കെടുക്കേണ്ട സമയം അല്ലാത്തതിനാൽ രണ്ടുതവണ ജയിച്ചവരെ മാറ്റി നിർത്തില്ല

മേഖലാ കമ്മിറ്റിയിൽ ഏരിയാ, ലോക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങൾ; ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടിയംഗങ്ങളും ഉൾപ്പെടുന്ന ബൂത്ത് കമ്മിറ്റിയും; പാർട്ടി ഘടകങ്ങളെ തെരഞ്ഞെടുപ്പു കമ്മിറ്റികളാക്കി സിപിഎമ്മിന്റെ പടപ്പുറപ്പാട്; 140 നിയോജക മണ്ഡലങ്ങളിലും പുതിയ കമ്മിറ്റികൾ ഉടനെ; റിസ്‌ക്കെടുക്കേണ്ട സമയം അല്ലാത്തതിനാൽ രണ്ടുതവണ ജയിച്ചവരെ മാറ്റി നിർത്തില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി എല്ലാ ഒരുക്കങ്ങളും മുന്നേകണ്ട് പൂർത്തിയാക്കി സംസ്ഥാനത്തെ ഏക പാർട്ടി സിപിഎമ്മാണ്. അടിമുടി കേഡറായ പാർട്ടി ഭരണത്തുടർച്ചക്കായി ശ്രമിക്കുമ്പോൾ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുകയാണ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സംഘടനാ സംവിധാനങ്ങളിൽ തന്നെ മാറ്റം വരുത്തുകയാണ്. 140 നിയോജക മണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി നിയോജകമണ്ഡലം കമ്മറ്റികൾ രൂപീകരിക്കുകയാണ് സിപിഎം. ഇക്കുറി ഇപ്പോൾ തന്നെ അതിലേക്ക് കടക്കാനുള്ള നിർദ്ദേശം പോയിക്കഴിഞ്ഞു.

പാർട്ടി ഘടകങ്ങളെ തിരഞ്ഞെടുപ്പ് ഘടകങ്ങളാക്കി മാറ്റുകയാണിപ്പോൾ. നിയമസഭാമണ്ഡലം, മേഖല, ബൂത്ത് കമ്മിറ്റികളായാണ് ഇവയെ മാറ്റുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കൽ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടും വിധമാണ് മണ്ഡലം കമ്മിറ്റി പ്രവർത്തിക്കുക. മേഖലാ കമ്മിറ്റിയിൽ ഏരിയാ, ലോക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടും. ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടിയംഗങ്ങളും ഉൾപ്പെടുന്നതാണ് ബൂത്ത് കമ്മിറ്റി.

ഈ മാസംതന്നെ മുഴുവൻ കമ്മിറ്റികളും സജ്ജമാവും. പാർട്ടിയിലെ മുതിർന്ന അംഗത്തിനായിരിക്കും ഓരോ കമ്മിറ്റിയുടെയും ചുമതല. സാധാരണ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞാണ് ഇത്തരം ഒരുക്കങ്ങൾ നടത്തുക. ഇത്തവണ നേരത്തേയൊരുങ്ങാനാണ് നിർദ്ദേശം. ഓരോ കമ്മിറ്റിയുടെയും ആദ്യ ചുമതല വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കൽ, 18 വയസ്സായവരെ വോട്ടർ പട്ടികയിൽ ചേർക്കൽ എന്നിവയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാലും പിന്നെയും വോട്ടുചേർക്കാൻ കഴിയും.

ജനുവരി അവസാനത്തോടെ മുഴുവൻ പാർട്ടി ഘടകങ്ങളും നിയമസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റികളായി മാറിയിരിക്കണമെന്ന് സംസ്ഥാന നേതൃത്വം ഓർമിപ്പിച്ചിട്ടുണ്ട്. അനുഭാവമുള്ള മുഴുവൻ പേരെയും കണ്ടെത്തണമെന്നും ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. ഇവരെ ഒരു ഗ്രൂപ്പാക്കി നിർത്തി അടുത്തഘട്ടത്തിൽ ആവശ്യമെങ്കിൽ കാൻഡിഡേറ്റ് അംഗത്വം നൽകാനു നിർദേശമുണ്ട്.

അതേസമയം രണ്ടുതവണ മൽസരിച്ച് ജയിച്ചവരെ മാറ്റിനിർത്തുമെന്ന നിർബന്ധം നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉപേക്ഷിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. ജയസാധ്യത മാത്രമാണ് സിപിഎം മാനദണ്ഡമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ തെക്കൻ കേരളത്തിൽ പല നേതാക്കളും മത്സരരംഗത്ത് ഉണ്ടാകാനാണ് സാധ്യത കൂടുതൽ. വിവാദങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തേണ്ടെന്നാണ് ധാരണ. സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമിതിയോഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതോടെ ആരൊക്കെ മൽസരിക്കുമെന്ന ചർച്ചയും സജീവമായി.

എങ്ങനെയും തുടർഭരണമെന്ന് ചിന്തിക്കുന്ന സിപിഎം ഇത്തവണ കൂടുതൽ പരീക്ഷണങ്ങൾക്കില്ല. ജയസാധ്യതയുടെ അടിസ്ഥാനത്തിൽ എംഎൽഎമാരിൽ മിക്കവർക്കും വീണ്ടും സീറ്റ് നൽകാനാണ് സാധ്യത. ഇടതുമുന്നണിയിലെ ധാരണകളുടെ കൂടി അടിസ്ഥാനത്തിലാകും തീരുമാനം. റാന്നിയിൽ സ്ഥിരമായി വിജയിക്കുന്ന രാജു എബ്രഹാം തന്നെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കൂത്തുപറമ്പ് എൽജെഡിക്ക് വിട്ടുകൊടുക്കേണ്ടിവന്നാൽ കെ.കെ.ശൈലജയ്ക്ക് സുരക്ഷിത സീറ്റ് കണ്ടെത്തണം. മട്ടന്നൂർ, തലശേരി, ധർമടം, കല്യാശേരി, പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങി സിപിഎമ്മിന് പതിനായിരം മുതൽ 20000 വരെ ഭൂരിപക്ഷമുള്ള സീറ്റുകളിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള തെക്കൻ കേരളത്തിലെ സീറ്റുകളിൽ മാറ്റം വരുത്താൻ സാധ്യത കുറവാണ്. മന്ത്രിമാരായ ടി.എം. തോമസ് ഐസക്കും ജി. സുധാകരനും അതിനാൽ വീണ്ടും മൽസരിക്കാനാണ് സാധ്യത കൂടുതൽ.

വി എസ്. അച്യുതാനന്ദൻ, എം.എം.മണി, എസ്.ശർമ തുടങ്ങി ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് പകരക്കാരെ കണ്ടെത്തേണ്ടത്തേണ്ടി വരും. അതേസമയം ശർമ്മയെ മത്സരിപ്പിക്കാതിരുന്നാൽ വൈപ്പിൻ മണ്ഡലം പോകുന്ന സാഹചര്യം ഉണ്ടെങ്കിൽ അവിടെ ശർമ്മ തന്നെ എത്താനും സാധ്യതയുണ്ട്. കെ.എൻ. ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവരെ ഇത്തവണ മൽസരിപ്പിച്ചേക്കും. സമ്പത്തും, പി കെ ബിജുവും മത്സര രംഗത്തേക്ക് വന്നേക്കും. വിഎസിന് പകരം മലമ്പുഴയിലോ വി.ടി. ബൽറാമിനെതിരെ തൃത്താലയിലോ എം.ബി.രാജേഷ് മൽസരിക്കാനാണ് സാധ്യത.

ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ പിടിച്ചെടുത്ത വി.കെ. പ്രശാന്തിനും കെ.യു. ജനീഷ് കുമാറിനും വീണ്ടും സീറ്റ് ഉറപ്പാണെന്നാണ് വിവരം. പി. ശ്രീരാമകൃഷ്ണൻ, കെ.ടി.ജലീൽ, പി.വി അൻവർ എന്നിവർക്കെതിരെ വിവാദങ്ങൾ ഉണ്ടെങ്കിലും അവരെ തന്നെ കളത്തിലിറക്കാനാണ് പാർട്ടി ആലോചന. തവനൂരും നിലമ്പൂരും നിലനിർത്താൻ കെ.ടി. ജലീലും പി.വി. അൻവറും തന്നെ വേണമെന്നാണ് വിലയിരുത്തൽ. എതിരാളികളുടെ ഉറച്ച സീറ്റുകളിൽ സർപ്രൈസായി പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP