Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയിൽ 9511 വോട്ടിന് എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ തദ്ദേശത്തിൽ ലീഡ് രണ്ടായിരം വോട്ട് മാത്രം; കെകെ രമയെ സ്ഥാനാർത്ഥിയാക്കി വടകര പിടിക്കാൻ യുഡിഎഫ്; കോഴിക്കോട് പരമാവധി സീറ്റ് നേടാൻ ആർഎംപിയെ കൂടെ കൂട്ടാൻ കോൺഗ്രസ്

നിയമസഭയിൽ 9511 വോട്ടിന് എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ തദ്ദേശത്തിൽ ലീഡ് രണ്ടായിരം വോട്ട് മാത്രം; കെകെ രമയെ സ്ഥാനാർത്ഥിയാക്കി വടകര പിടിക്കാൻ യുഡിഎഫ്; കോഴിക്കോട് പരമാവധി സീറ്റ് നേടാൻ ആർഎംപിയെ കൂടെ കൂട്ടാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎംപിയുമായി യുഡിഎഫ് സഖ്യം തുടരും. യുഡിഎഫ് മുന്നണിയിൽ ആർഎംപി ചേരില്ല. എന്നാൽ പിന്തുണയോടെ മത്സരിക്കും. വടകരയിൽ ആർഎംപിയാകും മത്സരിക്കുക. വടകര നിയമസഭാ മണ്ഡലത്തിൽ ആർഎംപിയെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കെകെ രമ മത്സരിക്കണമെന്ന് മാത്രം.

കോൺഗ്രസ് നേതാക്കൾ ഇതു സംബന്ധിച്ച് ആർഎംപി നേതാക്കളുമായി പ്രാഥമിക ചർച്ച നടത്തി. കെ.കെ.രമ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്നാണു വാഗ്ദാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ വടകര മേഖലയിൽ പരീക്ഷിച്ച ആർഎംപിയുഡിഎഫ് സഖ്യമായ ജനകീയമുന്നണി നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ യുഡിഎഫിനായി വടകരയിൽ മത്സരിച്ച എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ്. അതുകൊണ്ട് തന്നെ ഈ സീറ്റ് ആർ എം പിക്ക് കൊടുക്കുന്നതിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.

തദ്ദേശത്തിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനുള്ള യുഡിഎഫ് ശ്രമം. 5 തദ്ദേശസ്ഥാപനങ്ങളിൽ മത്സരിച്ച സഖ്യം മൂന്നിടത്തു ഭരണം നേടി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ഇരുമുന്നണികൾക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ട് നേടിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ. നാണു വിജയിച്ചത് 9511വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. നിലവിലെ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം രമയുടെ ജയസാധ്യത കൂട്ടും.

വടകര മേഖലയിൽ എൽജെഡി മുന്നണി വിട്ടതിന്റെ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മറികടന്നത് ആർഎംപി സഖ്യത്തിലൂടെയായിരുന്നു. എൽജെഡിയുടെ ശക്തികേന്ദ്രമായ ഏറാമല പഞ്ചായത്തിൽ ഉൾപ്പെടെ ജനകീയമുന്നണി ഭരണം നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര നിയമസഭാ മണ്ഡല പരിധിയിലെ വോട്ടുനിലയിലും യുഡിഎഫ് ലീഡ് നേടി. ആർഎംപിയെ പിന്തുണച്ചാൽ വടകര നേടാമെന്നാണ് കോൺഗ്രസും ലീഗും വിലയിരുത്തുന്നത്.

നിയമസഭയിലേക്ക് വടകരയിൽ ആർഎംപി മത്സരിക്കുമെന്നു തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും എന്നാൽ ആരു സ്ഥാനാർത്ഥിയാകണമെന്നു പാർട്ടിയാണു തീരുമാനിക്കുകയെന്നും ആർഎംപി കേന്ദ്രങ്ങൾ അറിയിച്ചു. രമ മത്സരിക്കാൻ തയ്യാറായാൽ അവർ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ടിപി ചന്ദ്രശേഖരന്റെ വിധവ സ്ഥാനാർത്ഥിയാകുന്നതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ചർച്ചാ വിഷയമാകും. ഇതും ഗുണകരമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

സോഷ്യലിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട് വടകരയിൽ ആരാണ് കരുത്തരെന്ന തർക്കത്തിലാണ് ആർഎംപിയും എൽജെഡിയും. എൽജെഡിയുടെ തട്ടകമായ ഏറാമല പഞ്ചായത്ത് ജനകീയ മുന്നണിയിലൂടെ തിരിച്ചു പിടിച്ചത് ഉയർത്തിക്കാട്ടിയാണ് ആർഎംപിയുടെ അവകാശവാദം. എന്നാൽ വടകര ബ്ലോക്ക് പഞ്ചായത്ത് തിരികെ പിടിച്ചത് ചൂണ്ടിക്കാട്ടി ശക്തി ചോർന്നിട്ടില്ലെന്ന വാദമുയർത്തുകയാണ് എൽജെഡി. എൽജെഡിയുടെ ശക്തി കേന്ദ്രമായ ഏറാമലയിൽ ഉജ്ജ്വല വിജയമാണ് ആർഎംപി - യുഡിഎഫ് സഖ്യം നേടിയത്. 19 സീറ്റിൽ 12ഉം യുഡിഎഫ് നേടി. 9 സീറ്റുണ്ടായിരുന്ന എൽജെഡി നാലു സീറ്റിലൊതുങ്ങി. ഇത് ചൂണ്ടിക്കാട്ടിയാണ് ആർഎംപി എൽജെഡിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

വടകര ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് മികച്ച വിജയം നേടാൻ സാധിച്ചതിന്റെ കാരണം തങ്ങളുടെ വരവാണെന്നാണ് എൽജെഡിയുടെ വാദം. ആർഎംപിയുടെ ശക്തി ഒഞ്ചിയത്ത് അടക്കം ചോർന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എൽജെഡി നേതാക്കൾ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര സീറ്റാണ് എൽജെഡിയുടെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വടകര സീറ്റ് ആർഎംപിക്ക് നൽകണമെന്ന ചർച്ചകൾ യുഡിഎഫിൽ ഉയർന്നു വന്നിരുന്നു. ജനതാദൾ എസ് ലീഡർ സികെ നാണുവിലെ എൽഡിഎഫ് നിലനിർത്ത വടകര മണ്ഡലം പിടിച്ചെടുക്കാൻ ആർഎംപിയുമായി നീക്കുപോക്ക് ഉണ്ടാക്കുന്നതിലൂടെ കഴിയുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തനിച്ച് മത്സിച്ച ആർഎംപിക്ക് മേഖലയിൽ ശക്തി തെളിയിക്കാൻ സാധിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര പിടിക്കാനുള്ള നീക്കത്തിന് കരുത്ത പകരുന്ന നേട്ടമാണ് യുഡിഎഫ്-ആർഎംപി സഖ്യത്തിന് ഉണ്ടായത്. കഴിഞ്ഞ തവണ പതിനായിരത്തിലേറെ വോട്ടിന് എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടായിരം വോട്ട് മാത്രമാണ് എൽഡിഎഫിന് ലീഡുള്ളത്. കെകെ രമയെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP