Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ടുവണങ്ങാൻ ആരും പോരേണ്ടതില്ല; ഒന്നും ഉരിയാടില്ല രാഷ്ട്രീയം; തദ്ദേശത്തിന്റെ ട്രയൽ റൺ കഴിഞ്ഞതോടെ നിയമസഭയുടെ വലിയ പരീക്ഷയ്ക്കായി പെരുന്നയിലേക്ക് രാഷ്ട്രീയ നേതാക്കളുടെ പ്രവാഹം; ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് തയ്യാറല്ലെന്ന് ജി.സുകുമാരൻ നായർ; കോൺഗ്രസ് നേതാക്കൾക്കും കുഞ്ഞാലിക്കുട്ടിക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

കണ്ടുവണങ്ങാൻ ആരും പോരേണ്ടതില്ല; ഒന്നും ഉരിയാടില്ല രാഷ്ട്രീയം; തദ്ദേശത്തിന്റെ ട്രയൽ റൺ കഴിഞ്ഞതോടെ നിയമസഭയുടെ വലിയ പരീക്ഷയ്ക്കായി പെരുന്നയിലേക്ക് രാഷ്ട്രീയ നേതാക്കളുടെ പ്രവാഹം; ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് തയ്യാറല്ലെന്ന് ജി.സുകുമാരൻ നായർ; കോൺഗ്രസ് നേതാക്കൾക്കും കുഞ്ഞാലിക്കുട്ടിക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

 പെരുന്ന: 143 ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി 1,2 തീയതികളിലായി പെരുന്നയിൽ നടന്നു. മന്നം സ്മരണ പുതുക്കാൻ കൂടിയ പ്രമുഖരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ഉണ്ടായിരുന്നു. മന്നം ജയന്തി രാഷ്ട്രീയം സംസാരിക്കാനുള്ള വേദിയല്ല. അത് ഉചിതവും അല്ല. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇപ്പോൾ രാഷ്ടീയ കൂടിക്കാഴ്ചകൾക്കും അനുമതി നൽകുന്നില്ല എന്നാണ് വിവരം.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കേരള പര്യടനം തുടങ്ങിക്കഴിഞ്ഞു. പിണറായിയുടെ കേരളയാത്രയ്ക്ക് പിന്നാലെ ഫെബ്രുവരി 1 മുതൽ രമേശ് ചെന്നിത്തലയുടെ കേരള യാത്ര വരുന്നു. 140 നിയമസഭാ മണ്ഡലങ്ങളിൽ 22 ദിവസംകൊണ്ട് ജാഥ പര്യടനം നടത്തും. സർക്കാരിനെതിരെ അതിശക്തമായ ജനവികാരമാണ് ഉള്ളതെന്നും അതു നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമാണ് ചെന്നിത്തലയുടെ അവകാശവാദം.. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനം നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കുമെന്നു പി.കെ.കുഞ്ഞാലിക്കുട്ടിയും പറയുന്നു. കുഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥം വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. മത-സാമുദായിക നേതാക്കളെ കണ്ട് വിശ്വാസ ആർജ്ജിക്കാൻ കുഞ്ഞാപ്പ ശ്രമം തുടങ്ങിക്കഴിഞ്ഞു. പിണറായി 14 ജില്ലകളിലും സമുദായ നേതാക്കളെ കണ്ട് വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് യുഡിഎഫിനെ ഇരുത്തി ചിന്തിപ്പിച്ചത്. നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ വീണ്ടെടുക്കുന്നതിന്റ ഭാഗമായി കുഞ്ഞാലിക്കുട്ടി സിറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയുമായി ചർച്ച നടത്തിയിരുന്നു. മുസ്ലിംലീഗാണ് യു.ഡി.എഫിൽ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു സന്ദർശനം.

മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. മുന്നണിയിൽ മുസ്ലീലീഗിന്റെ ആധിപത്യമാണെന്ന തോന്നലാണ് ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റിയതെന്ന ആക്ഷേപവുമുണ്ട്. ലീഗിനെതിരെ മുഖ്യമന്ത്രി ഈ ആക്ഷേപം പരസ്യമായി ഉന്നയിച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി പട്ടം ബിഷപ്പ് ഹൗസിലെത്തി ക്ലീമീസ് കാതോലിക്കബാവയെ കണ്ടത്. കൂടുതൽ മതമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് തെറ്റിദ്ധാരണ തിരുത്താനാണ് യു.ഡി.എഫിന്റെ ലക്ഷ്യം. സമുദായ സംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കെ മുരളീധരൻ അധ്യക്ഷനായ കമ്മിറ്റിയെ കെ പി സി സി നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും സമുദായ നേതാക്കളെ കാണാൻ മുൻപന്തിയിലുണ്ട്.

വെൽഫയർ പാർട്ടിയുമായി ഉണ്ടാക്കിയ പ്രാദേശിക ധാരണയെ ചൊല്ലി കോൺഗ്രസിൽ പഴിചാരലുകൾ തുടരുന്നതിനിടെയാണ് സമുദായ നേതാക്കളെ കൂടെ നിർത്താനുള്ള തീവ്രശ്രമം. വെൽഫയർ പാർട്ടി ബന്ധത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ട്. ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരോട് മുല്ലപ്പള്ളി ഇന്ന് തട്ടിക്കയറുകയും ചെയ്തു. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടുചോർച്ച ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതാക്കൾ.

എന്നാൽ, സുകുമാരൻ നായർ അവരെ നിരാശപ്പെടുത്തി. കോൺഗ്രസ് , ലീഗ് നേതാക്കൾ അദ്ദേഹത്തെ കാണാൻ അനുമതി ചോദിച്ചെങ്കിലും കിട്ടിയില്ല. കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് തിങ്കളാഴ്ച ശ്രമിച്ചെങ്കിലും ഇപ്പോൾ തയ്യാറല്ല എന്ന മറുപടിയാണ് എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് കിട്ടിയത്. ഇപ്പോൾ രാഷ്ട്രീയ ചർച്ചകളുടെ ആവശ്യമില്ലെന്നാണ് സുകുമാരൻ നായരുടെ നിലപാട്. ഏന്നാൽ, വൈകാതെ എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP