Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ നാലു പേർ ഇടതുപക്ഷ അനുഭാവികൾ; ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇവരെ സ്ഥിരപ്പെടുത്തുന്നത് സഹായകമാകും! ചലച്ചിത്ര അക്കാഡമിയുടെ വിചിത്ര കത്ത് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; സ്ഥിരപ്പെടുത്തൽ മാമാങ്കത്തിന് പിന്നിലെ രാഷ്ട്രീയം കമൽ വെളിപ്പെടുത്തുമ്പോൾ

ഈ നാലു പേർ ഇടതുപക്ഷ അനുഭാവികൾ; ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇവരെ സ്ഥിരപ്പെടുത്തുന്നത് സഹായകമാകും! ചലച്ചിത്ര അക്കാഡമിയുടെ വിചിത്ര കത്ത് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; സ്ഥിരപ്പെടുത്തൽ മാമാങ്കത്തിന് പിന്നിലെ രാഷ്ട്രീയം കമൽ വെളിപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു പക്ഷാനുഭാവികളും ഇടതു പക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തന രംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമാകും-നാല് കരാർ ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താനുള്ള ആവശ്യത്തിലാണ് ഈ വാചകങ്ങളുള്ളത്.

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ കൂടിയായ സംവിധായകൻ കമലാണ് ഈ കത്ത് സർക്കാരിന് അയച്ചത്. ചലച്ചിത്ര അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവലായ ഷാജി എച്ച്, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ റിജോയ് കെജെ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ എൻപി സജീഷ്, പ്രോഗ്രാം മാനേജർ പ്രോഗ്രാംസ് വിമൽ കുമാർ വിപി എന്നീ ജീവനക്കാരുടെ സ്ഥിരപ്പെടുത്തിലിനാണ് ഈ വിചിത്ര വാദം. ഇടത് സർക്കാരിന്റെ അവസാന കാലത്തെ പിൻവാതിൽ നിയമനങ്ങൾ വിവാദത്തിലേക്ക് കടക്കുമ്പോഴാണ് ഈ കത്ത് പുറത്താകുന്നത്.

നാലുവർഷമായി ഇവർ അക്കാഡമിയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും കമൽ കത്തിൽ പറയുന്നു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും വിശദീകരിക്കുന്നു. ഇന്റർവ്യൂവും റാങ്ക് ലിസ്റ്റും ഇട്ടാണ് നിയമനം നടത്തിയത്. സിനിമയുമായി ബന്ധപ്പെട്ട സവിശേഷ സിദ്ധിയെ കുറിച്ചും രണ്ടാമത്തെ പോയിന്റായി ചൂണ്ടിക്കാട്ടുന്നു. ചലച്ചിത്ര അക്കാഡമിയുടെ നേട്ടങ്ങൾക്ക് പിന്നിൽ ഇവരുടെ മികവുമുണ്ടെന്ന് മൂന്നാമത്തെ പോയിന്റ്. സൂപ്പർവൈസറി തസ്‌കകളിൽ സ്ഥിരം ജീവനക്കാരുടെ അനിവാര്യതയും നാലമത്തെ പോയിന്റായി ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് ഇടത് ആഭിമുഖ്യവും എടുത്തു പറയുന്നത്.

നാല് വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരെ കേരള ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട സംവിധായകൻ കമലിന്റെ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തു വിട്ടത്. ഇടതു പക്ഷ സർക്കാർ അവാസന മാസങ്ങളിലേക്ക് കടക്കുകയാണ്. ഇതിനിടെ നിരവധി സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തൽ തകൃതിയായി നടക്കുകയാണ്. ഇതിന് പിന്നിലെ ഇടത് താൽപ്പര്യം വ്യക്തമാക്കുന്നതാണ് കമലിന്റെ കത്ത്. ഇടതു പക്ഷക്കാരെ നിയമിക്കാനുള്ള ഫയൽ സാംസ്‌കാരിക മന്ത്രി എകെ ബാലന്റെ പരിഗണനയിലാണ്.

ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വരികയും ചെയ്തു. അക്കാദമിയിൽ ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ചെയർമാനും സംവിധായകനുമായ കമൽ സംസ്ഥാന സർക്കാറിന് അയച്ച കത്ത് ചെന്നിത്തല സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. സാംസ്‌കാരിക മന്ത്രി എ.കെ ബാലന് കമൽ അയച്ച കത്താണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ചലച്ചിത്ര അക്കാദമി സിപിഎമ്മിന്റെ പോഷക സംഘടനയാക്കിയെന്നും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു സ്ഥിരപ്പെടുത്തൽ നടന്നിട്ടില്ലെന്നും ഇത് നിയമനത്തിനുള്ള മാനദണ്ഡമല്ലെന്ന് മന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, സാംസ്‌കാരിക സെക്രട്ടറി പരിശോധിക്കുക എന്ന് മാത്രമാണ് വകുപ്പ് മന്ത്രിയായ എ.കെ. ബാലൻ കത്തിൽ കുറിച്ചിട്ടുള്ളത്. യുവാക്കൾക്ക് നിയമനം നൽകാതെ കൺസൽട്ടൻസികൾക്കും കരാർ ജീവനക്കാർക്കും ആണ് നിയമനം നൽകുന്നതെന്ന ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് കരാർ നിയമം സംബന്ധിച്ച ചലച്ചിത്ര അക്കാദമി ചെയർമാന്റെ കത്ത് സഭയുടെ മേശപ്പുറത്ത് വെച്ചത്.

കത്ത് പുറത്തു പോയ സാഹചര്യത്തിൽ ഇവരെ സ്ഥിരപ്പെടുത്തില്ലെന്നും സൂചനയുണ്ട്. സംവിധായകൻ കമൽ തീർത്തും ബുദ്ധിശൂന്യായ രീതിയിലാണ് കത്ത് അയച്ചതെന്ന അഭിപ്രായം സാംസ്‌കാരിക മന്ത്രിക്കും ഉണ്ട്. താൽകാലികക്കാരെ നിയമിക്കുന്നതിന് എതിരാണ് ഹൈക്കോടതി. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി നൽകണമെന്നാണ് കോടതികൾ എപ്പോഴും പറയുന്നത്. എന്നാൽ ഇതൊന്നും സർക്കാർ കാര്യമായെടുക്കുന്നില്ല. ഭരണത്തിന് മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ വീണ്ടും താൽകാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ. ഇതിന് തെളിവാണ് ചലച്ചിത്ര അക്കാദമിയിലെ സംഭവങ്ങൾ.

കെൽട്രോണിനു പിന്നാലെ സപ്ലൈകോയിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം മറുനാടൻ പുറത്തു വിട്ടിരുന്നു. 10 വർഷത്തിലേറെ ജോലി ചെയ്ത ദിവസവേതന, താൽക്കാലിക ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ അഡീഷനൽ ജനറൽ മാനേജർ എല്ലാ ഡിവിഷൻ മേധാവികൾക്കും മേഖലാ മാനേജർമാർക്കും നിർദ്ദേശം നൽകി. നാലായിരത്തിലേറെ താൽക്കാലിക ജീവനക്കാരാണു സപ്ലൈകോ ഓഫിസുകളിലും ഔട്ട്ലെറ്റുകളിലുമായി ജോലി ചെയ്യുന്നത്. 10 വർഷത്തിൽ കൂടുതൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു എന്ന കാരണം കൊണ്ടു മാത്രം സ്ഥിരപ്പെടുത്താനാകില്ലെന്ന സുപ്രീംകോടതി ഉത്തരവു മറികടന്നാണു സർക്കാർ നീക്കം. ചലച്ചിത്ര അക്കാഡമിയിൽ പത്തുകൊല്ലം എന്ന മാനദണ്ഡവും കാറ്റിൽ പറത്തുന്നു. അതായത് കേരളത്തിൽ ഉടനീളം സ്ഥിരപ്പെടുത്തൽ മാമാങ്കം നടത്താനാണ് സർക്കാർ നീക്കം.

കെ എസ് ആർ ടി സിയിൽ സ്ഥിരപ്പെടുത്തലിനുള്ള നടപടിക്രമങ്ങൾ എല്ലാം പുരോഗമിക്കുകയാണ്. കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരെയും നേരത്തെ ഡ്യൂട്ടിയിൽ കാലാവധി തികച്ചവരെയും സ്ഥിരപ്പെടുത്തുന്നതിന് അടുത്തമാസം നടപടി തുടങ്ങും. 10 വർഷം തികച്ചവരും 240 ഡ്യൂട്ടി തികച്ചതുമായ 900 പേരെയും 10 വർഷം ജോലി ചെയ്തിട്ടുള്ള വർഷം 150 ഡ്യൂട്ടി തികച്ചതുമായ 1000 പേരെയുമാണ് സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇതിൽ ഏറെ പേരും രാഷ്ട്രീയ നിയമനത്തിലൂടെ ജോലിക്കെത്തിയവരാണ്. ഇവരെയാണ് സ്ഥിരപ്പെടുത്തുന്നത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് കെ എസ് ആർ ടി സിയുടെ ഓട്ടം. ഇതിനിടെയാണ് ഈ ശുപാർശ.

കെൽട്രോണിൽ 296 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു കൂടാതെ വ്യവസായ വകുപ്പിനു കീഴിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് കമ്പനിയിലും 10 വർഷത്തിൽ കൂടുതൽ കാലം ജോലി ചെയ്ത ചിലരെ സ്ഥിരപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP