Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്മസ് ആഘോഷത്തിന് ജയിലിൽ എത്തിച്ചത് ബെക്കാഡി ഗുആവ; ജയിലിനു പുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും പോയ തടവുകാർക്ക് പേരയ്ക്കാ മണമുള്ള മദ്യം ആരു നൽകിയെന്നത് അജ്ഞാതം; തിരുവനന്തപുരം സെൻട്രൽ ജയിലിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും മറയ്ക്കുള്ളിൽ

ക്രിസ്മസ് ആഘോഷത്തിന് ജയിലിൽ എത്തിച്ചത് ബെക്കാഡി ഗുആവ; ജയിലിനു പുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും പോയ തടവുകാർക്ക് പേരയ്ക്കാ മണമുള്ള മദ്യം ആരു നൽകിയെന്നത് അജ്ഞാതം; തിരുവനന്തപുരം സെൻട്രൽ ജയിലിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും മറയ്ക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലിലെ മദ്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിൽ പണി കിട്ടിയത് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക്. പേരയ്ക്ക ഫ്‌ളേവറുള്ള മദ്യം എങ്ങനെ ജയിലിൽ എത്തിയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് വിനയായത്. ഇത് തെളിയിക്കാനായി മദ്യപിച്ച തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചു. ഇതാണ് വിവാദമാകുന്നത്.

കഴിച്ചതാരെന്നു കണ്ടെത്തിയെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമത്തിനൊടുവിൽ തെറിച്ചതു പൂജപ്പുര സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥരായിരുന്നു. കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോമിനാണ് മർദനമേറ്റത്. പുറത്തുനിന്നു മദ്യം കൊണ്ടുവന്നു ജയിലിനുള്ളിൽ വച്ചു കഴിച്ചതാണു ഈ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഒരു തടവുകാരനാണു ജയിൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ടിറ്റുവും മൂന്നു പേരും രഹസ്യമായി മദ്യപിച്ചു. ഇവർ നടന്നുപോയപ്പോൾ എതിരെ പോയ തടവുകാരനു പേരയ്ക്കയുടെ മണം കിട്ടി. ഈ മണം മദ്യത്തിന്റേതാണെന്ന് ഇയാൾക്ക് പിടികിട്ടി. ആ മണം മനസ്സിൽ റീവൈൻഡ് ചെയ്തു. 'അതു മദ്യം തന്നെ. ബെക്കാഡി ഗുആവ!' ഇതോടെ എല്ലാം ജയിൽ അധികൃതരെ അറിയിച്ചു.

ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ല. പിന്നീട് കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനു പുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്‌സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നു. എന്നാൽ ആരാണ് മദ്യം നൽകിയതെന്ന് പറഞ്ഞതുമില്ല.

ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല. ഈ ചോദ്യം ചെയ്യലിനിടെ ടിറ്റുവിനു മർദനമേറ്റെന്നു വീട്ടിൽ അറിഞ്ഞു. ഇത് സഹതടവുകാരൻ വീട്ടിൽ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും സൂചനയുണ്ട്. ടിറ്റുവിനെ കാണാൻ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കൾ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഒരു വർഷമായി കാണാൻ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലിൽ എത്തിയെങ്കിലും സന്ദർശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോർപസ് ഹർജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മർദനവും കോടതിക്ക് മുന്നിലെത്തിയത്. തിരുവനന്തപുരം ജില്ലാ ജഡ്ജിയോടു നേരിട്ട് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ടിറ്റു ജെറോമിനു മർദനമേറ്റെന്നായിരുന്നു ജില്ലാ ജഡ്ജിയുടെ കണ്ടെത്തൽ. അതോടെ ഡപ്യുട്ടി പ്രിസൺ ഓഫിസർമാരായ ബിജു കുമാർ, ബിജു കുമാർ, അസിസ്റ്റന്റ് പ്രിസൻ ഓഫിസർ സനൽ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കുമാണു മാറ്റിയത്.

ടിറ്റു ജെറോമിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ കോടതി ഓൺലൈനിൽ വിളിച്ചുവരുത്തിയിരുന്നു. ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടൽ. ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ചില തടവുകാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെയാണ് സംഭവം. പുറത്ത് ചവിട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. തന്നെ മർദ്ദിച്ചത് ചില ജയിലുദ്യോഗസ്ഥരാണെന്ന് ടിറ്റോ ജെറോം പറഞ്ഞതായാണ് ജഡ്ജിയുടെ റിപ്പോർട്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ടിറ്റോ ജെറോമിന് ജയിലിൽ വച്ച് മർദ്ദനമേറ്റത്. ക്രിസ്മസ് ആഘോഷത്തിന് വേണ്ടിയായിരുന്നു മദ്യപാനം.

ഡിസംബർ 24ന് ചില തടവുകാർ ജയിലിൽ വച്ച് മദ്യപിച്ചിരുന്നു ഇതെ ചൊല്ലി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ മർദ്ദിച്ചതെന്നാണ് ടിറ്റോ ജഡ്ജിക്ക് നൽകിയ മൊഴി. ഉദ്യോഗസ്ഥർ പുറത്ത് ചവിട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നുമാണ് മൊഴി. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൃക്കയോട് ചേർന്ന ഭാഗത്താണ് മർദ്ദനമേറ്റതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ സ്ഥിരീകരിച്ചതായും ജഡ്ജിയുടെ റിപ്പോർട്ടിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP