Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെക്കാൾ പ്രായമായ ആളുകൾ തന്നെക്കാൾ ഉന്നതമായ സ്ഥാനങ്ങളിൽ ഉണ്ട്; കെവി തോമസിന് ഒരു ന്യായം മറ്റുള്ളവർക്ക് വേറെ ഒരു ന്യായം എന്നത് അംഗീകരിക്കില്ല; ജയ്ഹിന്ദ് ടിവി നൽകി ഒതുക്കാനുള്ള ശ്രമവും അംഗീകരിക്കില്ല; സീറ്റ് നിഷേധിച്ചാൽ കോൺഗ്രസ് വിടാൻ മുതിർന്ന നേതാവ്; കെവി തോമസ് ഇടതുപക്ഷത്തേക്കോ?

തന്നെക്കാൾ പ്രായമായ ആളുകൾ തന്നെക്കാൾ ഉന്നതമായ സ്ഥാനങ്ങളിൽ ഉണ്ട്; കെവി തോമസിന് ഒരു ന്യായം മറ്റുള്ളവർക്ക് വേറെ ഒരു ന്യായം എന്നത് അംഗീകരിക്കില്ല; ജയ്ഹിന്ദ് ടിവി നൽകി ഒതുക്കാനുള്ള ശ്രമവും അംഗീകരിക്കില്ല; സീറ്റ് നിഷേധിച്ചാൽ കോൺഗ്രസ് വിടാൻ മുതിർന്ന നേതാവ്; കെവി തോമസ് ഇടതുപക്ഷത്തേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇടതു പക്ഷത്ത് എത്തുമെന്ന് റിപ്പോർട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടാൽ കോൺഗ്രസ് വിടാനാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിലാകും കെവി തോമസ് എത്തുക. പാർട്ടി പത്രത്തിന്റെയും ടിവി ചാനലിന്റെയും ചുമതല നൽകാൻ ശ്രമിച്ചിട്ടും ഏറ്റെടുക്കാതെ കെ.വി. തോമസ് മാറിനിൽക്കുകയാണ്. ഇത് ജയ് ഹിന്ദ് ടിവിയേയും പ്രതിസന്ധിയിലാക്കി. ടിവി ചാനലിന്റെ ചുമതല നൽകിയത് തന്നെ ഒതുക്കാനും നിയമസഭാ സീറ്റ് നിഷേധിക്കാനുമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരുന്നതു മുതൽ കോൺഗ്രസുമായി കെവി തോമസ് പ്രശ്‌നത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ നേതൃത്വത്തിനു മേൽ സമ്മർദം ചെലുത്തുകയാണ്. ഇടതുനേതാക്കളുമായി ഒന്നിലേറെത്തവണ അനൗപചാരിക കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. കെവി തോമസ് ഇടതു സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. അതിനിടെ കെവി തോമസിനെ അനുനയിപ്പിക്കാൻ നീക്കവും സജീവമാണ്.

യുവത്വത്തിന് പ്രാമുഖ്യം കൊടുക്കാനെന്ന് പറഞ്ഞാണ് കെവി തോമസിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചത്. ഹൈബി ഈഡൻ എറണാകുളത്ത് മത്സരിച്ചു ജയിച്ചു. തുടർന്ന് നേതൃത്വവുമായി പിണക്കത്തിലായി. അനുനയിപ്പിക്കാനായി സോണിയാ ഗാന്ധി ഉന്നതപദവി വാഗ്ദാനം ചെയ്തെങ്കിലും ഒന്നും കിട്ടിയില്ല. അതോടെ ബിജെപിയിലേക്കു പോകുമെന്ന പ്രചാരണം ഉണ്ടായെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. ചർച്ചകളും പിന്നീട് നടന്നില്ല. ഇടതുചേരിയിലേക്കു പോകുമെന്ന് കെ.വി. തോമസ് ഉമ്മൻ ചാണ്ടി അറിയിച്ചിരുന്നു. തുടർന്ന് അനുനയിപ്പിക്കാനായി എ.കെ. ആന്റണി ഫോണിൽ ശ്രമിച്ചെങ്കിലും തോമസ് വഴങ്ങിയില്ലെന്നാണ് സൂചന. തോമസിനെ പിന്തുണച്ച് കൊച്ചി ബിഷപ് ശക്തമായി രംഗത്തുണ്ട്.

ആറുതവണ ലോക്സഭാംഗവും രണ്ടുതവണ നിയമസഭാംഗവുമായ കെവി തോമസ് കോൺഗ്രസിലെ പ്രധാന നേതാവാണ്. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായും നല്ല ബന്ധമുണ്ട്. അതുകൊണ്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ചാൽ മുഖ്യമന്ത്രി പദം വരെ തോമസ് ആവശ്യപ്പെടും. അധികാരത്തിൽ എത്തിയാൽ മന്ത്രിയുമാക്കേണ്ടി വരും. ഇതു മനസ്സിലാക്കി തോമസിന് സീറ്റ് നൽകാൻ കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾക്ക് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് കെവി തോമസ് ഉറച്ച നിലപാട് എടുക്കുന്നത്.

ഒന്നുകിൽ ഐഎസിസിയിൽ അർഹമായ സ്ഥാനം അല്ലെങ്കിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് അതുമല്ലെങ്കിൽ യുഡിഎഫ് കൺവീനർ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കെ.വി. തോമസ് മുന്നോട്ടു വച്ച ആവശ്യം ഇതായിരുന്നു. പുനഃസംഘടന സമയത്ത് എം.െഎ.ഷാനവാസ് മരിച്ച ഒഴിവിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.വി.തോമസിന്റെ പേര് ഉയർന്നെങ്കിലും ഇരുഗ്രൂപ്പുകളും അനുകൂലിച്ചില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. തുടർന്ന് അരൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റ ചാർജ് ഏറ്റെടുത്ത കെ.വി തോമസ് അവിടെ മികച്ച വിജയം സമ്മാനിച്ചിട്ടും പാർട്ടിയിൽ അർഹമായ സ്ഥാനമെന്ന ആവശ്യം നീണ്ടു.

അടുത്തിടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പത്തുപേരുടേയും പട്ടിക നൽകിയപ്പോഴും കെ.വി.തോമസിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഹൈക്കമാൻഡിനു ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കെപിസിസി നേതൃത്വം രേഖപ്പെടുത്തിയത്. യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എം.എം.ഹസൻ കൂടി വന്നതോടെ അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെയും സോണിയഗാന്ധിയേയും കെ.വി.തോമസ് നേരിട്ട് അറിയിച്ചു. എന്നാൽ അപ്പോഴും അനുകൂല തീരുമാനമൊന്നും ആരും പറഞ്ഞില്ല. ഇതോടെയാണ് സിപിഎം പക്ഷത്തേക്ക് മാറാനുള്ള ചർച്ചകൾ തുടങ്ങുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി മാനദണ്ഡങ്ങളുണ്ടെങ്കിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിട്ടുണ്ട് ചിലരെ ഒഴിവാക്കാൻ വേണ്ടി മാത്രം മാനദണ്ഡം കൊണ്ടുവരരുത്. യുഡിഎഫ് അനുകൂല രാഷ്ട്രീയ സാഹചര്യം ഗ്രൂപ്പിന്റെ അതിപ്രസരം കാരണം നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കാൾ പ്രായമായ ആളുകൾ തന്നെക്കാൾ ഉന്നതമായ സ്ഥാനങ്ങളിൽ ഉണ്ട്. തന്നെക്കാൾ കൂടുതൽ ജയിച്ച ആളുകളും ഉണ്ട്. അതിനാൽ തന്നെ കെ.വി തോമസിന് ഒരു ന്യായം, മറ്റുള്ളവർക്ക് വേറെ ഒരു ന്യായം എന്നത് ശരിയല്ല. തന്റെ പാർട്ടി ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.വി തോമസ് പ്രതികരിച്ചിരുന്നു.

എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന കാര്യം വിജയസാധ്യത പരിശോധിച്ച് തീരുമാനിക്കണമെന്നും കെ.വി തോമസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ കൂട്ടായ തീരുമാനം വേണം. മുഖ്യമന്ത്രിയാരെന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP