Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌പരിഹാരവും പ്രതിമാസം പതിനായിരം രൂപ പെൻഷനും; പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കാമെന്നും സ്കൂൾ മാനേജ്മെന്റ്; തീരുമാനം സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ

ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌പരിഹാരവും പ്രതിമാസം പതിനായിരം രൂപ പെൻഷനും; പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കാമെന്നും സ്കൂൾ മാനേജ്മെന്റ്; തീരുമാനം സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്. ശ്രീകുമാറിന്റെ ഭാര്യക്ക് ജോലി നൽകുമെന്നും കരിയകം ചെമ്പക സ്കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി. അതിനിടെ, ശ്രീകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സ്‌കൂൾ മാനേജ്‌മെന്റുമായി സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ശ്രീകുമാറിന്റെ കുടുംബത്തിന് പതിനായിരം രൂപ എല്ലാമാസവും പെൻഷൻ നൽകുമെന്നും പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കാമെന്നും ധാരണയായിട്ടുണ്ട്. അകാരണമായി പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ മനോവിഷമമാണ് തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു. കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ. സ്‌കൂളിനുസമീപം ഓട്ടോറിക്ഷയിൽക്കയറിയശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തിയാണ് ശ്രീകുമാർ ജീവനൊടുക്കിയത്.

ലോക്ക്ഡൗൺ സമയത്ത് സ്കൂൾ മാനേജ്മെന്റ് 86 ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു എന്നാണ് ജീവനക്കാർൃ പറയുന്നത്. ഇവർക്കു പകരം പുറത്തുനിന്ന് ആളെ എത്തിച്ച് ജോലി ചെയ്യിച്ചെന്നും ജീവനക്കാർ ആരോപിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ വന്നതോടെ ഡ്രൈവർമാരും ആയമാരും ഉൾപ്പടെ 86 പേരെയാണ് സ്‌കൂൾ മാനേജ്മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ ഭാഗമായി ശ്രീകുമാറിനെയും സ്‌കൂളിലെ ആയയായ ശ്രീകുമാറിന്റെ ഭാര്യയെയും പിരിച്ചുവിട്ടിരുന്നു.

തുടർന്ന് തൊഴിലാളികൾ സ്‌കൂളിന് സമീപം സമരം നടത്തി. ഔട്ട്സോഴ്സിങ് ഏജൻസി വഴി ഇവർക്ക് തന്നെ ജോലി നൽകാമെന്ന് ചർച്ചയിൽ സ്‌കൂൾ അധികൃതർ ഉറപ്പുനൽകിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂൾ തുറന്നുപ്രവർത്തിച്ചതിനെ തുടർന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാർ. അപ്പോഴാണ് മറ്റുചിലർ ജോലിക്ക് കയറുന്നത് ശ്രീകുമാർ കണ്ടത്. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ്‌ സൂചന.

തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാർ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സ്‌കൂളിനു സമീപം സ്വന്തം ഓട്ടോയിൽ ഇരുന്ന് തീ കൊളുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കും പൊലീസിനും കളക്ടർക്കും കത്തെഴുതി സഹപ്രവർത്തകനെ ഏൽപ്പിച്ച ശേഷമാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിനു ശേഷം സ്‌കൂൾ അധികൃതർക്കെതിരെ പിരിച്ചുവിട്ട ജീവനക്കാർ പ്രതിഷേധിച്ചു. കളക്ടർ അടക്കമുള്ളവർ എത്തിയാലേ മൃതദേഹം വിട്ടുനൽകൂ എന്ന് ജീവനക്കാർ പറഞ്ഞിരുന്നു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പൊലീസും മറ്റ് അധികൃതരും ജീവനക്കാരെ അനുനയിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ പതിനാറ് വർഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ. ഇതേ സ്‌കൂളിൽ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെൺകുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയതും വീടുപണിയും മറ്റുമായി കടബാധ്യതകൾ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേർക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവർ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP