Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഗ്‌നിശമന സേനക്കായി 24 ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ 2. 34 കോടി രൂപയുടെ അഴിമതിയെന്ന കേസ് ; ഡയറക്ടറെയും സിരി ടെക്കോൺ സ്ഥാപന പാർട്ട്ണറെയും ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്; അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത് വി എം സുധീരൻ നൽകിയ പരാതിയിൽ

അഗ്‌നിശമന സേനക്കായി 24 ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ 2. 34 കോടി രൂപയുടെ അഴിമതിയെന്ന കേസ് ; ഡയറക്ടറെയും സിരി ടെക്കോൺ സ്ഥാപന പാർട്ട്ണറെയും ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്; അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത് വി എം സുധീരൻ നൽകിയ പരാതിയിൽ

പി നാഗരാജ്‌

തിരുവനന്തപുരം: തലസ്ഥാനത്തെ ചെങ്കൽച്ചൂളയിൽ പ്രവർത്തിക്കുന്ന കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസ് ഡയറക്ട്‌റേറ്റിൽ ടെണ്ടർ നടപടികൾ കാറ്റിൽ പറത്തി 28 ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ നടന്ന 2. 34 കോടി രൂപയുടെ അഴിമതി കേസിൽ ഡയറക്ടറെയും സ്വകാര്യ സ്ഥാപന പാർട്ണറെയും ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിൽ ഒന്നും രണ്ടും പ്രതികളായ അഗ്‌നിശമന രക്ഷാ ഡയറക്ടർ (ടെക്‌നിക്കൽ) ശിവാനന്ദൻ, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിതരണ സ്ഥാപനമായ സിരി ടെക്കോണിന്റെ പാർട്ണർ കെ.ജയ എന്നിവരെ ഫെബ്രുവരി 19 ന് ഹാജരാക്കാൻ വിജിലൻസ് ജഡ്ജി എം.ബി. സ്‌നേഹലതയാണ് ഉത്തരവിട്ടത്. രണ്ടു പ്രതികളെയും ഹാജരാക്കാൻ വിജിലൻസ് എസ്‌പിയോടാണ് കോടതി ഉത്തരവിട്ടത്. കോൺഗ്രസ് നേതാവായ വി എം. സുധീരൻ എംഎൽഎ 2012 ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

2011 ജൂലൈ 5 നാണ് സംസ്ഥാനത്തെ വിവിധ ഫയർ സ്റ്റേഷനുകളിലെ ഉപയോഗത്തിനായി ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടന്നത്. 16 മിനി വാട്ടർ ടെണ്ടേഴ്‌സ് , 12 മിനി വാട്ടർ മിസ്റ്റ് ടെണ്ടേഴ്‌സ് എന്നിവ ഡയറക്ടർ വിതരണ സ്ഥാപനവുമായി ഗൂഢാലോചന നടത്തി ഡയറക്ടർ സ്വയം ടെണ്ടർ സ്‌പെസിഫിക്കേഷൻ ഫയലുകൾ തയ്യാറാക്കിയതായി വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ടെണ്ടറുകൾ ടെക്‌നിക്കൽ ഇവാലുവേഷൻ കമ്മിറ്റിയുടെ വിലയിരുത്തലില്ലാതെയാണ് തയ്യാറാക്കിയത്. ഇത് സ്റ്റോഴ്‌സ് പർച്ചേസ് മാന്വലിലെ പാരഗ്രാഫ് 36 (വി) യുടെയും 2010 ജനുവരി 20 ന് പുറത്തിറക്കിയ സർക്കാർ സർക്കുലറിന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.

ടെണ്ടർ ഫയൽ നടപടിക്രമങ്ങളിൽ ഗുരുതരമായ ക്രമക്കേടുകളാണ് നടന്നത്. രണ്ടു ടെണ്ടറുകളും ഡയറക്ടർ തനിച്ച് കൈകാര്യം ചെയ്യുകയും ടെണ്ടർ രേഖകളുടെ സൂക്ഷ്മപരിശോധന ടെണ്ടർ ഇവാലുവേഷർ കമ്മറ്റിയെ ഉൾപ്പെടുത്താതെ സ്വയം ചെയ്യുകയുമായിരുന്നു. ടാബുലേഷൻ സ്റ്റേറ്റ്‌മെന്റുകൾ, 2004 ലെ ഗവ.സർക്കുലർ പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റുകൾ, സാങ്കേതിക താരതമ്യ സ്റ്റേറ്റ്‌മെന്റുകൾ എന്നിവ ഡയറക്ടർ ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കി ഡിപ്പാർട്ട്‌മെന്റൽ പർച്ചേസ് കമ്മിറ്റി (ഡി പി സി) നോട്ട് 2011 ജൂലൈ 5 നും 2011 നവംബർ 8 നുമായി സർക്കാരിലേക്കയച്ചു. ഡയറക്ടറും വിതരണ സ്ഥാപനവും ഗൂഢാലോചന നടത്തി പരസ്പര ധാരണയോടെ 3 ടെണ്ടറുകൾ ഹാജരാക്കിയതിൽ കുറഞ്ഞ തുകയ്ക്കുള്ള ടെണ്ടർ സിരി ടെക്കോൺ ഹാജരാക്കുകയുമായിരുന്നു. അപ്രകാരം ഡയറക്ടറിന്റെ ഒത്താശയോടെ സിരി ടെക്കോൺ രണ്ടു ടെണ്ടർ നടപടിക്രമങ്ങളിലും വിജയിക്കുകയും സിരി ടെക്കോണിന് ടെണ്ടർ അനുവദിച്ച് നൽകുകയും ചെയ്തു.

സിരിടെക്കോണിന്റെ ഹൈദരാബാദിലുള്ള സൈറ്റിൽ ഫയർ ടെണ്ടറുകളുടെ ആദ്യ - അവസാന ഘട്ട പരിശോധനക്കായി 2011 നവംബർ 29, 30 എന്നീ തീയതികളിലും 2012 ജനുവരി 27 മുതൽ 29 വരെയും ഡയറക്ടർ സന്ദർശനം നടത്തി. വിതരണ കമ്പനിയായ സിരി ടെക്കോൺ ടെണ്ടർ സ്‌പെസിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിച്ച് തൃപ്തികരമായി ജോലികൾ ചെയ്തു വരികയാണെന്ന് സർക്കാരിന് റിപ്പോർട്ടും നൽകി. ബോഡി ബിൽഡിംഗിന് ശേഷം 2012 ഫെബ്രുവരി 8 ന് 16 ഫയർ എഞ്ചിൻ വാഹനങ്ങളും 2012 നവംബർ 3 ന് 12 വാഹനങ്ങളും കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസ് ഡിപ്പാർട്ട്‌മെന്റിന് സിരി ടെക്കോൺ നൽകി.

വിതരണ കമ്പനിയായ സിരി ടെക്കോൺ നടത്തിയ നിലവാരം കുറഞ്ഞ ബോഡി ബിൽഡിങ് വർക്കുകൾ കാരണം 28 വാഹനങ്ങളിൽ ആവർത്തിച്ചുള്ള യന്ത്രതകരാറുകൾ സംഭവിക്കുകയും പ്രൊപ്പല്ലർ ഷാഫ്റ്റും ആക്‌സിലുകളും ഒടിഞ്ഞ് വാഹനങ്ങൾ റോഡിൽ നിലച്ച് കട്ടപ്പുറത്തായി. അശാസ്ത്രീയമായതും ഗുണ നിലവാരമില്ലാത്തതുമായ ബോഡി നിർമ്മാണപ്പിശക് കാരണം വാഹനങ്ങൾ 40 കിലോമീറ്റർ സ്പീഡിനപ്പുറം ഡ്രൈവർമാർക്ക് ഓടിക്കാൻ സാധിച്ചില്ല. ഒത്തു കളിയിലൂടെ രണ്ടു മത്സര ടെണ്ടറിൽ പങ്കെടുക്കാനായി ഹാജരാക്കിയ 2.70 ലക്ഷം, 2.65 ലക്ഷം, 2.85 ലക്ഷം 2.75 ലക്ഷം എന്നീ നാലു നിരത ദ്രവ്യ ഡിമാന്റ് ഡ്രാഫ്റ്റുകളുടെയും പുറം പേജിൽ കമാണ്ടന്റിന് വേണ്ടി ഡയറക്ടർ ഒറ്റക്ക് ഒപ്പിട്ടു.

അപ്രകാരം കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങളുടെ ബോഡി നിർമ്മാണ ചെലവിനായി സിരി ടെക്കോണിന് 2, 34, 49, 600 രൂപ 2012 ഫെബ്രുവരി 14 ന് നൽകിയതിലൂടെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് വാഹനങ്ങൾ വാങ്ങിയതിന്റെ ലക്ഷ്യം കൈവരിക്കാതെ പരാജയപ്പെടുകയും സിരി ടെക്കോണിന് 2.34 കോടി രൂപയുടെ അന്യായ സാമ്പത്തിക നേട്ടവും തുല്യ തുകക്കുള്ള നഷ്ടം സർക്കാർ ഖജനാവിനുണ്ടാക്കി പ്രതികൾ അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസ്.

വാഹനങ്ങളുടെ ചേസിസ് , ബോഡി നിർമ്മാണം എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച മെക്കാനിക്കൽ, ഓട്ടോമൊബൈൽ മോട്ടോർ വാഹന, സാങ്കേതിക വിദ്യാഭ്യാസ ബ എഞ്ചിനീയറിങ് വിദഗ്ധരുടെ സാങ്കേതിക പരിശോധന റിപ്പോർട്ടും കോടതി മുമ്പാകെ വിജിലൻസ് ഹാജരാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP