Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി സി ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിൽ ഉടക്കുമായി ജോസഫ് വിഭാഗം; ജനപക്ഷം പാർട്ടിയെ മുന്നണിയിൽ എടുക്കേണ്ട, ജോർജ്ജിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നും പി ജെ ജോസഫ്; പാലായിൽ ജോസ് കെ മാണിയെങ്കിൽ എതിരാളിയായ താൻ മത്സരിക്കുമെന്ന് പറഞ്ഞ് പി സി ജോർജ്ജും

പി സി ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിൽ ഉടക്കുമായി ജോസഫ് വിഭാഗം; ജനപക്ഷം പാർട്ടിയെ മുന്നണിയിൽ എടുക്കേണ്ട, ജോർജ്ജിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നും പി ജെ ജോസഫ്; പാലായിൽ ജോസ് കെ മാണിയെങ്കിൽ എതിരാളിയായ താൻ മത്സരിക്കുമെന്ന് പറഞ്ഞ് പി സി ജോർജ്ജും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിൽ ബെർത്ത് ഉറപ്പിച്ച മട്ടിലാണ് പി സി ജോർജ്ജും അദ്ദേഹത്തിന്റെ പാർട്ടി ജനപക്ഷവും. എന്നാൽ, ജോർജ്ജിന്റെ മുന്നണി പ്രവേശനം എളുപ്പം നടക്കില്ലെന്ന സൂചനയുമായി പി ജെ ജോസഫ് രംഗത്തുവന്നു. പിസി ജോർജ്ജും ജനപക്ഷം പാർട്ടിയും യുഡിഎഫിനോട് അടുക്കുന്നു എന്ന വാർത്തകൾ സജീവമായിരിക്കെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി പിജെ ജോസഫ്. പിസി ജോർജ്ജിനേയും ജനപക്ഷം പാർട്ടിയേയും യുഡിഎഫിൽ എടുക്കേണ്ട എന്ന അഭിപ്രായമാണ് പിജെ ജോസഫിന് ഉള്ളത്. ഘടക കക്ഷിയായി ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല. ഇക്കാര്യം ഇന്നത്തെ യുഡിഎഫ് യോഗത്തിലും ഉന്നയിക്കുമെന്നാണ് പിജെ ജോസഫ് പറയുന്നത്.

പിസി ജോർജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ഇതിനെ എതിർക്കില്ലെന്നാണ് പിജെ ജോസഫിന്റെയും കേരളാ കോൺഗ്രസിന്റേയും നിലപാട്. അതേസമയം യു.ഡി.എഫുമായി സഹകരിച്ചു പോകാൻ തയ്യാറാണെന്നും അക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി.സി.ജോർജ് വ്യക്തമാക്കി. എന്നാൽ സഹകരണത്തിൽ ചില നിബന്ധനകളുണ്ട്. നിബന്ധനകൾ ഇപ്പോൾ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നുാണ് ജോർജ്ജ് പറയുന്നത്.

അനാവശ്യമായ അവകാശവാദത്തിനില്ല. ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിലുള്ള മാന്യത മാത്രമാണ് ആഗ്രഹിക്കുന്നത്. അഞ്ചു സീറ്റുകൾ ആവശ്യപ്പെടുമെന്നാണല്ലോ കേട്ടതെന്ന ചോദ്യത്തിന് സീറ്റിന്റെ എണ്ണമല്ല തങ്ങളുടെ പ്രശ്നമെന്നും പി.സി. ജോർജ് പറഞ്ഞു. എത്ര സീറ്റ് എന്ന കാര്യം യു.ഡി.എഫ്. തീരുമാനിക്കട്ടെ. ഇന്നത്തെ സാഹചര്യത്തിൽ യു.ഡി.എഫിന് ഏറ്റവും കൂടുതൽ ശക്തി കൊടുക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനം കേരള ജനപക്ഷം സെക്യുലർ ആണ്.

പൂഞ്ഞാർ സീറ്റ് വിട്ടുകൊടുക്കില്ല. ഇവർ ആരുടെയും ഔദാര്യമില്ലാതെ ജനങ്ങളുടെ മാത്രം ഔദാര്യം കൊണ്ടു മാത്രം തങ്ങൾക്ക് കിട്ടിയ സീറ്റാണ് പൂഞ്ഞാർ. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും അങ്ങനെ മുഴുവൻ സംഘടനക്കാരും എതിർത്തു. എന്നിട്ടും 28,000 വോട്ടിന്റെ ഭൂരിപക്ഷം പൂഞ്ഞാറിലെ ജനങ്ങൾ നൽകിയാണ് താൻ അവിടുത്തെ എംഎ‍ൽഎ. ആയിരിക്കുന്നത്. ആ സീറ്റിൽ ഒരു ചർച്ചയില്ല. ബാക്കി ഏത് സീറ്റ് ആണെന്നാണ് ചർച്ച.

താൻ കൂടി വിജയിപ്പിച്ച ഒരാളാണ് മാണി സി. കാപ്പൻ. ഇടതാണോ വലതാണോ എന്ന് ഇപ്പോളും കാപ്പന് തീരുമാനമായിട്ടില്ല. കാപ്പൻ ഇപ്പോളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോണ്ട് നടക്കുകയാണ്. കാപ്പൻ കുറച്ച് വ്യക്തിത്വം നശിപ്പിച്ചിട്ടുണ്ട്. സൂക്ഷിക്കണമെന്ന് താൻ പറഞ്ഞിരുന്നു. കാപ്പന്റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചതാണത്-ജോർജ് പറഞ്ഞു.

പക്ഷെ തങ്ങളെ സംബന്ധിച്ചിടത്തോളം പാല വളരെ പ്രധാനപ്പെട്ടതാണ്. കാരണം പഴയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളാണ് പാലാ നിയോജകമണ്ഡലത്തിലുള്ളത്. പിന്നെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽനിന്ന് എലിക്കുളം പിന്നെ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽനിന്ന് ഒരു പഞ്ചായത്ത് വന്നിട്ടുണ്ട്. പൂഞ്ഞാറിൽനിന്ന് താൻ ജയിച്ച അതേ മാനദണ്ഡത്തിൽ പാലായിലും വിജയിക്കാൻ കഴിയും. അതുകൊണ്ടു തന്നെ പാലാ സീറ്റിന് തങ്ങൾ അത്ര പ്രാധാന്യം കൊടുക്കുമെന്ന് ഉറപ്പാണല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കാപ്പൻ യു.ഡി.എഫിലേക്ക് വരികയാണെങ്കിൽ പാലായ്ക്ക് വേണ്ടി തർക്കം പറയില്ലെന്നും ജോർജ് പറഞ്ഞു. കാപ്പൻ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വരികയും തങ്ങളും യു.ഡി.എഫിന് ഒപ്പമാണെങ്കിൽ ആ സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിക്കില്ല. പകരം കാഞ്ഞിരപ്പള്ളി സീറ്റ് മതി. കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളിൽ ഒരെണ്ണം മസ്റ്റാണ്. അതിൽനിന്ന് വ്യത്യാസം വരുത്താൻ സാധിക്കില്ല-അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ പ്രവേശിപ്പിക്കാമോ എന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നതരായ നേതാക്കൾ യു.ഡി.എഫുമായി സഹകരിക്കാമോ എന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും ജോർജ് വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗം യു.ഡി.എഫിന്റെ നീക്കത്തിൽ വളരെയേറെ സംശയങ്ങളുണ്ട്. ആ സംശയങ്ങൾ പ്രശ്നങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും ജോർജ് പറഞ്ഞു.

കുറഞ്ഞത് 76 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ജോസ് വിഭാഗം മത്സരിച്ചാൽ താനും നിന്നോളാം. ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാണിച്ചു തരാം. പാലായിൽ ജോസ് കെ. മാണി ആണ് സ്ഥാനാർത്ഥിയെങ്കിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി താൻ തന്നെ വരുമെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും ജോർജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP