Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവൻ വിവേകിയാണ്; പ്രക്ഷോഭത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളും കോൺ​ഗ്രസുകാരും; 'കിസാൻ മഹാപഞ്ചായത്ത്' റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ സമരക്കാരെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ; കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരാമെന്ന് കർഷക സംഘടനകളും; മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിച്ചും പ്രതിഷേധം

കർഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവൻ വിവേകിയാണ്; പ്രക്ഷോഭത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളും കോൺ​ഗ്രസുകാരും; 'കിസാൻ മഹാപഞ്ചായത്ത്' റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ സമരക്കാരെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ; കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരാമെന്ന് കർഷക സംഘടനകളും; മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിച്ചും പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക സമരം നയിക്കുന്നത് കർഷകരല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. പ്രക്ഷോഭത്തിന് പിന്നിൽ കോൺ​ഗ്രസും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളുടെ ആനുകൂല്യങ്ങൾ വിശദീകരിക്കാനായി സംഘടിപ്പിച്ച 'കിസാൻ മഹാപഞ്ചായത്ത്' കർഷക പ്രതിഷേധത്തെ തു‌ടർന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് മനോഹർ ലാൽ ഖട്ടാറിന്റെ പ്രതികരണം. 'കിസാൻ മഹാപഞ്ചായത്ത്' വേദിക്കുനേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ഗുർണം ചാദുനിയാണെന്നും ഖട്ടാർ പറഞ്ഞു.

കർഷക സമരത്തിന് പിന്നിൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും പ്രധാന പങ്കുണ്ട്. അത് തുറന്നുകാട്ടപ്പെടുകയാണ്. കർഷകർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യില്ല. അക്രമികൾ കർഷകരെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ഖട്ടാർ കൂട്ടിച്ചേർത്തു. 'ഇന്നത്തെ സംഭവം ജനങ്ങൾക്ക് ഒരു സന്ദേശം നൽകി. അത് ഞാൻ തുറന്ന് കാട്ടാൻ ഉദ്ദേശിച്ചതിനേക്കാൾ വലുതാണ്. കർഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവൻ വിവേകിയാണ്. അഭിപ്രായം പറയുന്നവരെ തടയാൻ ശ്രമിക്കുന്നത് ശരിയല്ല' ഖട്ടാർ പറഞ്ഞു.

പ്രക്ഷോഭകരുമായി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സംസാരിച്ചതാണ്. പ്രതീകാത്മക സമരം നടത്താൻ അവർക്ക് സമ്മതം നൽകിയതുമാണ്. ആ വിശ്വാസത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്. അയ്യായിരത്തിലധികം പേർ ഇന്ന് പ്രതിഷേധത്തിൽ പങ്കെടുത്തെങ്കിലും ചിലർ വാഗ്ദ്ധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഖട്ടാർ പറഞ്ഞു.കർഷക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ കൈംല ഗ്രാമത്തിൽ നടക്കേണ്ടിയിരുന്ന കർഷക സമ്മേളനമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ റദ്ദാക്കിയത്. പ്രതിഷേധവുമായി ഗ്രാമത്തിൽ പ്രവേശിച്ചവർ പരിപാടിയുടെ വേദി അടിച്ചു തകർത്തു. വേദിയിലെ കസേരകൾ താഴേക്ക് എറിയുകയും പോസ്റ്ററുകൾ കീറുകയും ചെയ്തു.

കർഷക പ്രതിഷേധം മുൻകൂട്ടിക്കണ്ട് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ബാരിക്കേഡുകൾ സ്ഥാപിച്ചും ലാത്തിവീശിയും സമരക്കാരെ നേരിടാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകളും, ജല പീരങ്കികളും പ്രയോഗിച്ചു

സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈംല ഗ്രാമത്തിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവർത്തകരുമായും പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു.പ്രതിഷേധം പ്രകടിപ്പിക്കാൻ കർഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ഗ്രാമവാസികൾ അനുവദിക്കാത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.

കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ഖട്ടറിന്റെ ഗ്രാമസന്ദർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം നൽകുന്നവരുടെ വികാരങ്ങളുമായി കളിക്കുന്നതിലൂടെ, ക്രമസമാധാന സാഹചര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും, നിങ്ങൾക്ക് സംഭാഷണം നടത്തണമെങ്കിൽ കഴിഞ്ഞ 46 ദിവസമായി പ്രതിഷേധിക്കുന്നവരുമായി നടത്തണമെന്നും സുർജേവാല ട്വീറ്റ് ചെയ്തു.

അതേസമയം, കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരാമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സിംഗുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗത്തിലാണ് ചർച്ചയിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. വെള്ളിയാഴ്‍ചയാണ് അടുത്ത ചർച്ച. പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിക്കും. ജനുവരി 18ന് വനിതാ കർഷകര പങ്കെടുപ്പിച്ച് മഹിളാ കിസാൻ ദിനമായി ആചരിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP