Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്രാമീണ ജീവിതത്തെ തൊട്ടറിഞ്ഞ് ഉത്തരവാദിത്ത ടൂറിസം; കേരളത്തിന്റെ മാതൃക പിന്തുടരാൻ മധ്യപ്രദേശും; പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രം 13ന് കൈമാറും; മറ്റ് സംസ്ഥാനങ്ങളും താൽപര്യം പ്രകടിപ്പിച്ചെന്ന് മന്ത്രി കടകംപള്ളി

ഗ്രാമീണ ജീവിതത്തെ തൊട്ടറിഞ്ഞ് ഉത്തരവാദിത്ത ടൂറിസം; കേരളത്തിന്റെ മാതൃക പിന്തുടരാൻ മധ്യപ്രദേശും; പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രം 13ന് കൈമാറും; മറ്റ് സംസ്ഥാനങ്ങളും താൽപര്യം പ്രകടിപ്പിച്ചെന്ന് മന്ത്രി കടകംപള്ളി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: അന്താരാഷ്ട്രതലത്തിൽ കേരള ടൂറിസത്തെ പ്രശസ്തമാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കാനൊരുങ്ങി മധ്യപ്രദേശ്. സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പിന്തുണയോടയാണ് മധ്യപ്രദേശിൽ പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച ധാരണാപത്രം തിരുവനന്തപുരത്ത് ഈ മാസം 13ന് നടക്കുന്ന ചടങ്ങിൽ കൈമാറും.

ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ നേരിട്ട് കണ്ട് പഠിക്കാനും ധാരണാപത്രം കൈമാറുന്നതിനുമായി മധ്യപ്രദേശ് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം ജനുവരി പന്ത്രണ്ട് മുതൽ ഏഴ് ദിവസം കേരളത്തിൽ പര്യടനം നടത്തും. മധ്യപ്രദേശ് ടൂറിസം ബോർഡ് ഡയറക്ടർ മനോജ് കുമാർ സിങ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള കോ-ഓർഡിനേറ്റർ കെ രൂപേഷ് കുമാർ എന്നിവരാണ് പദ്ധതിയുടെ നോഡൽ ഓഫീസർമാർ.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. കോട്ടയം ജില്ലയിലെ കുമരകം ഉൾപ്പെടെ നാല് കേന്ദ്രങ്ങളിൽ ആരംഭിച്ച ഈ പദ്ധതി 2017 ൽ സംസ്ഥാന മിഷനായി. മൂന്നു വർഷത്തിനുള്ളിൽ 2020 ലെ വേൾഡ് ട്രാവൽ മാർക്കറ്റ് (ഡബ്ല്യൂ ടി എം) അവാർഡ് ഉൾപ്പെടെ ഒമ്പത് ദേശീയ-അന്തർദേശീയ പുരസ്‌ക്കാരങ്ങളാണ് ഉത്തരവാദിത്ത ടൂറിസത്തെ തേടിയെത്തിയത്.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരള മാതൃക പല സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെങ്കിലും ധാരണാപത്രം ഒപ്പിടുന്നത് ഇതാദ്യമാണ്. മധ്യപ്രദേശ് സംഘത്തിന്റെ സന്ദർശനത്തിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷൻ സംഘവും മധ്യപ്രദേശ് സന്ദർശിക്കുന്നുണ്ട്.

ധാരണാപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ മധ്യപ്രദേശിൽ നടപ്പാക്കേണ്ടത്. കേരളത്തിൽ നടപ്പാക്കിയിട്ടുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ മധ്യപ്രദേശിനനുയോജ്യമായ നിലയിൽ നടപ്പാക്കുക, ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മാസ്റ്റർ പ്ലാൻ രൂപീകരണത്തിൽ സഹായം, പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മനുഷ്യവിഭവ ശേഷി തയ്യാറാക്കൽ, പരിശീലന പരിപാടികൾ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ രൂപീകരിക്കുന്നതിലെ മാനദണ്ഡങ്ങൾ, സുസ്ഥിര ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി അവിടെ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനുള്ള സാധ്യതകൾ തേടൽ, സാമൂഹ്യവും പാരിസ്ഥിതികവുമായ സുരക്ഷാമാനദണ്ഡങ്ങൾ രൂപീകരിക്കൽ, ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ എന്നിവയുടെ തരം തിരിക്കലിൽ സഹായം, ടൂറിസം ക്ലബുകളുടെ രൂപീകരണം, ശുചിമുറികൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ രേഖപ്പെടുത്തിയ കേരള മാതൃക നടപ്പാക്കൽ, അതത് ടൂറിസം കേന്ദ്രങ്ങളിലെ മനുഷ്യവിഭവ ശേഷി കണ്ടെത്തൽ, പ്രാദേശികമായ കരകൗശല വിദ്യകൾ കണ്ടെത്തുകയും അവ സ്മരണികകളുടെ രൂപത്തിൽ വിപണനം ചെയ്യുന്ന കേരള മാതൃക നടപ്പാക്കൽ, ആഘോഷ വേളകളിൽ ടൂറിസം പാക്കേജ് നടപ്പാക്കുക, ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷാപഠനവും ഓഡിറ്റും, സാമൂഹ്യടൂറിസം പദ്ധതിയിലെ ജീവനക്കാരുടെ പരിശീലനം, ടൂറിസം കേന്ദ്രങ്ങളിലെ പെരുമാറ്റ മാനദണ്ഡങ്ങൾ രൂപീകരിക്കൽ തുടങ്ങിയവയാണ് ചുമതലകൾ.

പുതിയ ടൂറിസം കേന്ദ്രങ്ങൾ വളർത്തിയെടുക്കുന്നതിനും അതു വഴി ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനുമായി പെപ്പർ (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ് ആൻഡ് എംപവർമന്റ് ത്രൂ റെസ്‌പോൺസിബിൾ ടൂറിസം) പദ്ധതി വഴി സംസ്ഥാന വ്യാപകമായി വിജയകരമായി നടപ്പാക്കി വരുന്നു. ടൂറിസം വ്യവസായത്തിനു വേണ്ട സേവനങ്ങൾ പ്രാദേശികമായി നൽകുന്നതാണ് പദ്ധതിയുടെ കാതൽ. ഗ്രാമീണജീവിതം അനുഭവവേദ്യമാക്കുക, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമുള്ള ഭക്ഷ്യവസ്തുക്കൾ നൽകുക തുടങ്ങിയവ ഇതിൽ പെടും.

പ്രാദേശിക ജനതയെക്കൂടി വികസനധാരയിലേക്കെത്തിക്കാൻ കേരളം തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങളും അനുകരിക്കുന്നത് ആഹ്ലാദകരമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മധ്യപ്രദേശിനെക്കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനൊപ്പം കേരളത്തിലെ സാമൂഹ്യവികസന മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

20,000 യൂണിറ്റുകളിലൂടെ 1,09,000 ഗുണഭോക്താക്കളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോർജ്ജ് പറഞ്ഞു. 38 കോടി രൂപയുടെ വരുമാനമാണ് ടൂറിസം മേഖലയിൽ നിന്നും ഈ പദ്ധതി വഴി പ്രാദേശിക ജനതയ്ക്ക് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കുന്നത് കേരളത്തിനു മുന്നിൽ വലിയ അവസരമാണ് തുറക്കുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടർ ശ്രീ പി ബാല കിരൺ പറഞ്ഞു. വളരെ പ്രൊഫഷണലായ കൺസൽട്ടൻസി സേവനം മറ്റ് സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷന് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP