Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വാക്സിനേഷൻ വിജയകരമാക്കാൻ ആക്ഷൻപ്ലാൻ; ജില്ലകളിൽ കൺട്രോൾ റൂമുകൾ; ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ; ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം

കോവിഡ് വാക്സിനേഷൻ വിജയകരമാക്കാൻ ആക്ഷൻപ്ലാൻ; ജില്ലകളിൽ കൺട്രോൾ റൂമുകൾ; ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ; ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കോവിഡ് വാക്സിൻ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷൻ വിജയപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി ലോഞ്ചിങ് സമയത്ത് സജ്ജമാക്കുന്നത്.

പിന്നീട് കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതാണ്. ഇതനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുണ്ടാകുക. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. സർക്കാർ മേഖലയിലെ അലോപ്പതി-ആയുഷ്, സ്വകാര്യ ആശുപത്രികളുൾപ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉൾപ്പെടുത്തുന്നതാണ്. ആരോഗ്യ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാത്തരം ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്സിൻ നൽകുകയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന കോവിഡ് വാക്സിനേഷൻ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.

133 വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ തയ്യാറാക്കി വരികയാണ്. അതനുസരിച്ച് ഓരോ കേന്ദ്രങ്ങളും സജ്ജമാക്കുന്നതാണ്. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ നൽകുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിങ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കേന്ദ്രങ്ങൾ സജ്ജമാക്കുക.

ഓരോ ജില്ലയിലും ജില്ലാ കളക്ടർമാർക്കായിരിക്കും വാക്സിനേഷന്റെ ചുമതല. ജില്ലകളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം തുടങ്ങുന്നതാണ്. കോവിഡ് വാക്സിനേഷനുള്ള മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. ഓരോ കേന്ദ്രങ്ങളും അവയുടെ പോരായ്മകൾ കൃത്യമായി പരിഹരിച്ച് വാക്സിൻ വിതരണം സുഗമമാക്കണം. കോൾഡ് സ്റ്റോറേജ് ശൃംഖല പൂർണസജ്ജമാണ്. കോൾഡ് സ്റ്റോറേജിന് കേടുപാട് സംഭവിച്ചാൽ ഉടൻതന്നെ പകരം സംവിധാനവും ഏർപ്പെടുത്തുന്നതാണ്. ജില്ലാ, ബ്ലോക്ക് തലത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകി വരുന്നു. എല്ലാ ജില്ലകളിലും ടാക്സ് ഫോഴ്സിന്റെ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകുന്നതാണ്.

കോവിഡ് വാക്സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,68,685 പേരും സ്വകാര്യ മേഖലയിലെ 1,89,889 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് 52 കേന്ദ്രങ്ങളിലാണ് രണ്ട് ഘട്ടങ്ങളിലായി ഡ്രൈ റൺ നടന്നത്. അത് പൂർണ വിജയമാക്കിയ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. കോവിഡ് വാക്സിനേഷനുള്ള വലിയ ദൗത്യമാണ് ആരോഗ്യ പ്രവർത്തകർക്ക് മുമ്പിലുള്ളത്. പഴുതുകളില്ലാതെ കോവിഡ് വാക്സിനേഷൻ വലിയ വിജയമാക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ആർ.പി.എച്ച്. ഓഫീസർമാർ എന്നിവർ ഉൾപ്പെടെ 300ലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ദീപ് എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP