Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടിലേക്ക് പോകാൻ ആശിച്ചു കിട്ടിയ ടിക്കറ്റിൽ ഹീത്രൂവിൽ എത്തിയപ്പോൾ മൂന്ന് വയസ്സുള്ള കുഞ്ഞിന് കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് യാത്ര തടഞ്ഞു; ഇല്ലാത്ത നിയമത്തിന്റെ പേരിൽ യുകെ മലയാളി അനുഭവിച്ച ദുരിതങ്ങളുടെ കഥയറിയാം

നാട്ടിലേക്ക് പോകാൻ ആശിച്ചു കിട്ടിയ ടിക്കറ്റിൽ ഹീത്രൂവിൽ എത്തിയപ്പോൾ മൂന്ന് വയസ്സുള്ള കുഞ്ഞിന് കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് യാത്ര തടഞ്ഞു; ഇല്ലാത്ത നിയമത്തിന്റെ പേരിൽ യുകെ മലയാളി അനുഭവിച്ച ദുരിതങ്ങളുടെ കഥയറിയാം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മൂന്നാമതൊരു ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ മലയാളികൾ ഉൾപ്പെടുന്ന ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ദുരിതങ്ങൾ അനുഭവിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചതും കൊച്ചിയിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ ഒഴിവാക്കിയതുമൊക്കെ ഇന്ത്യാക്കരെ പ്രത്യേകിച്ച് മലയാളികൾക്ക് സമ്മാനിക്കുന്ന ദുരിതങ്ങൾ സമാനതകളില്ലാത്തതാണ്. അതിനു പുറമേയാണ് കോവിഡിന്റെ പശ്ചാത്തലത്തിലുള്ള പുതിയ നിയന്ത്രണങ്ങൾ.

സ്റ്റീവനേജിൽ നിന്നുള്ള ഒരു മൂന്നംഗ കുടുംബത്തിന് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഇതിന്റെ നേർക്കാഴ്‌ച്ചയാണ്. ഏറെ ക്ലേശിച്ചതിനു ശേഷം ലഭിച്ച ടിക്കറ്റുമായി നാട്ടിലേക്ക് പറക്കാൻ ഹീത്രൂ വിമാനത്താവളത്തിലെത്തിയഹരിദാസ് തങ്കപ്പൻ, ഭാര്യ ആതിരാ മോഹൻ അവരുടെ മൂന്നു വയസ്സുള്ള മകൻ എന്നിവരാണ് ദുരിതപർവ്വത്തിലൂടെ കടന്നു പോയത്.

ജനുവരി ഏഴിന് കൺഫേംഡ് ടിക്കറ്റുമായി ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ നമ്പർ 2 ൽ എത്തിയഹരിദാസിനും ഭാര്യയ്ക്കും നിബന്ധനകൾ അനുസരിച്ചുള്ള, കോവിഡിനുള്ള ആർടി - പി സി ആർ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിബന്ധനകൾ പ്രകാരം മൂന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഈ നിബന്ധന പ്രകാരം, മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.

എന്നാൽ, ഹീത്രൂ വിമാനത്താവളത്തിലെ എയർ ഇന്ത്യാ ജീവനക്കാർ പറഞ്ഞത് ഹരിദാസിന്റെ മൂന്ന് വയസ്സുള്ള കുട്ടിക്കും കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നാണ്. ഭാര്യയ്ക്കും ഹരിദാസിനും വിമാനത്തിൽ യാത്ര ചെയ്യാമെന്നും എന്നാൽ മൂന്നു വയസ്സുള്ള മകനെ കൂടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നുമായിരുന്നു അവർ ഉറപ്പിച്ച് പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു നിബന്ധന ഉണ്ട് എന്നതിന്റെ രേഖകൾ കാണിക്കുവാൻ ഹരിദാസ് ആവശ്യപ്പെട്ടപ്പോൾ പക്ഷെ എയർ ഇന്ത്യ ജീവനക്കാർ അതിനോട് മുഖം തിരിച്ചു.

നേരത്തേ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിബന്ധനകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് യാത്രക്കാരെ അറിയിക്കേണ്ട ബാദ്ധ്യത എയർ ഇന്ത്യയ്ക്കുണ്ട്. മാറ്റങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നു മാത്രമല്ല, അത്തരമൊരു മാറ്റമുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖ കാണിക്കുവാൻ പോലും ജീവനക്കാർ തയ്യാറായില്ല. അതേസമയം എയർ ഇന്ത്യാ ജീവനക്കാർ പറയുന്നത് അവർക്ക് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ലഭിച്ചത് ജനുവരി 7 ന് മാത്രമായിരുന്നു എന്നാണ്.

മകനെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയനാക്കാൻ ഹരിദാസ് തയ്യാറായെങ്കിലും അവിടെ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. വടക്കേ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ മലയാളികളോട് കാണിക്കുന്ന വിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നാണ് ഹരിദാസ് പറയുന്നത്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന് മാത്രമല്ല, ഇല്ലാത്ത നിയമങ്ങളുടെ പേരിൽ മലയാളികളുടെ യാത്രമുടക്കാനും ഇവർ മുൻപിലുണ്ട്. എന്നും നിറഞ്ഞ് സർവീസ് നടത്തിയിരുന്ന കൊച്ചിയിലേക്കുള്ള വിമാന സർവ്വീസ് നിർത്തി വയ്ക്കുന്നതിലും ഈ ഉത്തരേന്ത്യൻ ലോബിയുടെ കൈകളാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

തങ്ങൾക്കൊപ്പം ഒരു ഉത്തരേന്ത്യൻ കുടുംബവും സമാന പ്രശ്നവുമായി എയർ ഇന്ത്യ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു എന്ന് ഹരിദാസ് വ്യക്തമാക്കുന്നു. അവരുടെ 7 വയസ്സുള്ള കുട്ടിക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. അവർക്കും ഉദ്യോഗസ്ഥരുമായി ഏറെ തർക്കിക്കേണ്ടി വന്നെങ്കിലും ചെക്ക് ഇൻ സമയമായപ്പോഴേക്കും അവരെ യാത്ര ചെയ്യാൻ അനുവദിച്ചു. ഇത് ചോദ്യം ചെയ്ത ഹരിദാസിനോട്ഉദ്യോഗസ്ഥർ പറഞ്ഞത് ആ കുടുംബത്തിന്റെ കൈയിൽ സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ്.

സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ആ ഉത്തരേന്ത്യൻ കുടുംബത്തിന് ഉദ്യോഗസ്ഥരുമായി തർക്കിക്കേണ്ടി വന്നത്. ഹീത്രൂ വിമാനത്താവളത്തിൽ അന്ന് പരിശോധന സംവിധാനം ലഭ്യവുമായിരുന്നില്ല. പിന്നെ അവർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരവുമുണ്ടായില്ല. ഇത് വിവേചനത്തിന്റെ വ്യക്തമായ ചിത്രമാണെന്ന് ഹരിദാസ് പറയുന്നു. ഇന്ത്യൻ ഹൈക്കമ്മീഷനുമായി സംസാരിച്ചെങ്കിലും അവരും ഇക്കാര്യത്തിൽ തികഞ്ഞ നിസ്സംഗത പുലർത്തുകയായിരുന്നു എന്നാണ് ഹരിദാസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP