Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ഡോക്ടർമാരോട് പൊലീസുകാർക്ക് ബഹുമാനക്കുറവെന്ന് വനിതാ ഡോക്ടർ; പൊലീസുകാർ സല്യൂട്ട് ചെയ്യണം എന്നാവശ്യവുമായി ഡോ. നീന; പൊലീസുകാർ ആരുടെയും അടിമകളെല്ലെന്ന് സാമൂഹിക നിരീക്ഷകർ; സല്യൂട്ട് പരസ്പര ബഹുമാനത്തിന്റെ രൂപമെന്ന് പൊലീസുകാരും

സർക്കാർ ഡോക്ടർമാരോട് പൊലീസുകാർക്ക് ബഹുമാനക്കുറവെന്ന് വനിതാ ഡോക്ടർ; പൊലീസുകാർ സല്യൂട്ട് ചെയ്യണം എന്നാവശ്യവുമായി ഡോ. നീന; പൊലീസുകാർ ആരുടെയും അടിമകളെല്ലെന്ന് സാമൂഹിക നിരീക്ഷകർ; സല്യൂട്ട് പരസ്പര ബഹുമാനത്തിന്റെ രൂപമെന്ന് പൊലീസുകാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള പൊലീസ് ഡോക്ടർമാരെ സല്യൂട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോക്ടർ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവം വിവാദമാകുന്നു. സംസ്ഥാന സർക്കാർ സർവീസിലെ വനിതാ ഡോക്ടറായ ഡോ. നീനയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ഹർജിക്കാരന് ഉചിതമായ മറുപടി നൽകണം എന്നാവശ്യപ്പെട്ട് കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാൽ ഡോക്ടറുടെ ആവശ്യം തീർത്തും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സാമൂഹിക നിരീക്ഷകർ. കേരള പൊലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

സല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ 'വൺവേ' ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ സല്യൂട്ട് ചെയ്യുമ്പോൾ, ഉയർന്ന റാങ്കിൽ ഉള്ളവർ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്. കൂടാതെ രാജ്യത്തെ ഭരണകർത്താക്കൾ, ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരേയും സല്യൂട്ട്E ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്.

കൂടാതെ ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങൾ അതാത് വിഭാഗങ്ങളുടെ പതാകകളേയും സല്യൂട്ട് നൽകി ആദരിക്കാറുണ്ട്. അതുപോലെ, മൃതശരീരങ്ങളെ ആദരിക്കുന്ന സംസ്കാരവും നമ്മുടെ സേനാവിഭാഗങ്ങൾക്ക് ഉണ്ട്. യൂണിഫോമിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരു മൃതദേഹം കണ്ടാൽ ആ മൃതശരീരത്തേയും സല്യൂട്ട് നൽകി ആദരിക്കുന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു.

പൊലീസുകാരിൽ നിന്ന് സല്യൂട്ടും ബഹുമാനവും വിധേയത്വവും ആ​ഗ്രഹിക്കുന്നവരിൽ ഡോക്ടർമാർ മാത്രമല്ലെന്നും മറ്റ് സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും വരെ ഉൾപ്പെടുന്നെന്നും സാമൂഹ്യ പ്രവർത്തകർ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ഇത്തരം ബാലിശമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ മുന്നിൽ. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പോലും പൊലീസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കാറുണ്ട്. ചിലയി‌ങ്ങളിൽ പൊലീസ് നിശബ്ദം സഹിക്കുമ്പോൾ മറ്റിടങ്ങളിൽ നിയമം ചൂണ്ടിക്കാട്ടി രേഖാമൂലം മറുപടി നൽകാനും പൊലീസ് തയ്യാറാകാറുണ്ട്.

പൊലീസുകാർ എന്നത് ആർക്കും കയറി മേയാവുന്ന ചെണ്ടകളല്ലെന്ന് നിരീക്ഷകർ പറയുന്നു. സമീപ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൊലീസ് നൽകിയ മറുപടികളാണ് ഇവർ ഇക്കാര്യത്തിൽ മികച്ച ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. സമീപകാലത്ത് നിലമ്പൂർ മുൻസിപ്പൽ സെക്രട്ടറി, നിലമ്പൂർ പൊലീസിന് അവകാശികളില്ലാത്ത മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ന‌ടക്കുന്നെന്നും അവകാശികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോ​ഗമിക്കുന്നു എന്നും പൊലീസ് സബ് ഇൻസ്പെക്ടർ രേഖാമൂലം അറിയിക്കുകയും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് നൽകുകയോ സംസ്കരിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം മുൻസിപ്പാലിറ്റിക്കാണെന്നും അദ്ദേഹം നിയമത്തിന്റെ പിൻബലത്തോടെ സെക്രട്ടറിയെ ബോധ്യപ്പെടുത്തുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ കാർത്തികപ്പള്ളി ​ഗ്രാമപഞ്ചായത്ത് സെക്രട്ടറി തൃക്കുന്നപ്പുഴ പൊലീസിന് നൽകിയ കത്തിന് സ്റ്റേഷൻ ഹൗസ് ഓഫീസർ നൽകിയ മറുപടിയും തദ്ദേശ സ്ഥാപനങ്ങളു‌ടെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയായിരുന്നു. അവശനിലയിൽ കണ്ടെത്തിയ വയോധികന്റെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളമമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി പൊലീസിന് നൽകിയ കത്ത്. എന്നാൽ, ഇയാളെ ഏറ്റെടുക്കാൻ അ​ഗതി മന്ദിരങ്ങൾ തയ്യാറാകുന്നത് വരെ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാൻം ഉപയോ​ഗിച്ചും മറ്റ് ആരോ​ഗ്യ സംവിധാനങ്ങളും ഉപയോ​ഗിക്കണമെന്നും പൊലീസ് രേഖാമൂലം മറുപടി നൽകുകയായിരുന്നു.

ഡോക്ടർ നീന സല്യൂട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചതോടെയാണ് പൊലീസിന്റെ അധികാരങ്ങളും സേവന മേഖലകളും സംബന്ധിച്ച് ചർച്ചകൾ സജീവമായിരിക്കുന്നത്. സേനാംഗങ്ങൾ വലിയ മൂല്യം നൽകുന്ന ആചാരമാണ് സല്യൂട്ട് എന്ന് പൊലീസുകാരും ചൂണ്ടിക്കാട്ടുന്നു. അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമാണെന്നും അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്നുമാണ് ഡോക്ടറുടെ ഹർജിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP