Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുതിർന്നവർ നടത്തുന്ന സമരങ്ങളിൽ കുട്ടികളെ പരിചകളായി ഉപയോഗിക്കാൻ പാടില്ല; ഭിന്നശേഷി വിദ്യാർത്ഥിയെ മുൻ നിർത്തി സമരം നടത്തിയവർക്ക് തിരിച്ചടി; മുഹമ്മദ് ആസിമിനെ ഉപരിപഠനത്തിന് വീടിനടുത്ത് ഹൈസ്‌കൂളിൽ ചേർക്കണമെന്ന് ബാലാവകാശ കമ്മീഷൻ

മുതിർന്നവർ നടത്തുന്ന സമരങ്ങളിൽ കുട്ടികളെ പരിചകളായി ഉപയോഗിക്കാൻ പാടില്ല; ഭിന്നശേഷി വിദ്യാർത്ഥിയെ മുൻ നിർത്തി സമരം നടത്തിയവർക്ക് തിരിച്ചടി; മുഹമ്മദ് ആസിമിനെ ഉപരിപഠനത്തിന് വീടിനടുത്ത് ഹൈസ്‌കൂളിൽ ചേർക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ജാസിം മൊയ്തീൻ

കോഴിക്കോട്; ഭിന്നശേഷി വിദ്യാർത്ഥിയെ മുൻനിർത്തി സ്‌കൂൾ അപ്ഗ്രേഡ് ചെയ്യാൻ വേണ്ടി സമരം നടത്തിയവർക്ക് തിരിച്ചടിയായി ബാലവകാശ കമ്മീഷന്റെ ഉത്തരവ്. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ഭിന്നശേഷി വിദ്യാർത്ഥി മുഹമ്മദ് ആസിമിനെ മുൻ നിർത്തി സമരം നടത്തിയവരോട് കുട്ടിയുടെ ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. വീടിന് സമീപത്തെ യു.പി.സ്‌കൂൾ ഹൈസ്‌കൂൾ ആക്കി ഉയർത്തിയാൽ മാത്രമേ മുഹമ്മദ് ആസിമിനെ തുടർപഠനത്തിന് അയയ്ക്കൂ എന്നായിരുന്നു കുട്ടിയുടെ രക്ഷിതാവ് അടക്കമുള്ളവരുടെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലടക്കം കുട്ടിയുമായി രക്ഷിതാവും സമരസമിതിയും സമരം നടത്തിയിട്ടുണ്ട്. ഇതിനെതിരെ രക്ഷിതാവും സമരസമിതി പ്രവർത്തകരും കുട്ടിയെ സമരപരിപാടികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്നും, കുട്ടിയുടെ അവകാശങ്ങൾ ഹനിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മജീദ് താമരശ്ശേരി, പായ്ച്ചിറ നവാസ് എന്നിവരാണ് കമ്മീഷനെ സമീപിച്ചത്. ആസിമിന്റെ പിതാവ് മുഹമ്മദ് ഷഹീദ് ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരുന്നത്. ഈ ഹർജിയിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്.

സമരം കാരണം കുട്ടികൾക്ക് പഠനാവസരം നഷ്ടപ്പെടാൻ പാടില്ലെന്നും കുട്ടികളെ നിർബന്ധിപ്പിച്ചോ പ്രലോഭിപ്പിച്ചോ പ്രക്ഷോഭങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. മുതിർന്നവർ നടത്തുന്ന സമരങ്ങളിൽ കുട്ടികളെ പരിചകളായി ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മീഷൻ അംഗങ്ങളായ കെ.നസീർ, ബി.ബബിത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വെളിമണ്ണ ജി.എം.യു.പി സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിന് ജന്മനാ ഇരുകൈകളുമില്ലാത്ത മുഹമ്മദ് ആസിമിനെ തൽപരകക്ഷികൾ ഉപയോഗപ്പെടുത്തിയെന്ന് കാണിച്ചാണ്് കമ്മീഷന് മുമ്പാകെ ഹർജി നൽകിയത്.

താൻ പഠിച്ച സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യണമെന്ന അംഗപരിമിതനായ കുട്ടിയുടെ ആവശ്യം പ്രശംസനീയമാണെങ്കിലും അത് നടന്നില്ലെന്ന ഒറ്റക്കാരണത്താൽ വിദ്യാർത്ഥിയുടെ പഠനം തടസ്സപ്പെടരുതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മുഹമ്മദ് ആസിമിനെ വീടിന് ഏറ്റവുമടുത്ത ഹൈസ്‌കൂളിൽ ചേർത്ത് രക്ഷിതാവ് തുടർപഠനം ഉറപ്പുവരുത്തണമെന്നും അതിനാവശ്യമായ സൗകര്യങ്ങളും യാത്രാസംവിധാനവും ജില്ലാകളക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർ ഒരുക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. സമരപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വിശദമായ മാർഗരേഖ ആഭ്യന്തരവകുപ്പും, സംസ്ഥാന പൊലീസ് മേധാവിയും പുറപ്പെടുവിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഏറെ കാലമായി കുട്ടിയുടെ രക്ഷിതാവും സാമൂഹിക പ്രവർത്തകരെന്ന പേരിൽ ചിലരും കുട്ടിയെ മുൻ നിർത്തി ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്നുണ്ട്. നേരത്തെ ഇതേ ആവശ്യത്തിന്റെ പേരിലാണ് എൽപി സ്‌കൂളായിരുന്ന വെളിമണ്ണ സ്‌കൂൾ യുപി സ്‌കൂളായി അപ്ഗ്രേഡ് ചെയ്തത്. എന്നാൽ അത് വീണ്ടും പ്രസ്തുത വിദ്യാർത്ഥിക്ക് വേണ്ടി മാത്രം ഹൈസ്‌കൂളായി ഉയർത്തണമെന്നായിരുന്നു ആവശ്യം. സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും ഈ ആവശ്യം തള്ളിക്കളയുകയും ചെയ്തിരുന്നു. ഇരു കൈകളുമില്ലാത്ത വിദ്യാർത്ഥിക്ക് ദൂരെയുള്ള സ്‌കൂളിൽ പോയി പഠിക്കാൻ കഴിയില്ലെന്നായിരുന്നു സമരക്കാർ ഇതിനായി കാരണം പറഞ്ഞിരുന്നത്. എന്നാൽ ഇതേ വിദ്യാർത്ഥി ഡൽഹിയിൽ വരെ പോയി സമരം ചെയ്യുന്നുണ്ടെന്നും കിലോമീറ്ററുകൾ മാത്രം ദൂരമുള്ള തൊട്ടടുത്ത സ്‌കൂളിൽ പോകുന്നതിനാണോ ബുദ്ധിമുട്ട് എന്ന ചോദ്യവും നേരത്തെ തന്നെ നാട്ടുകാരിൽ നിന്ന് ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP