Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുഎസ് പാർലമെന്റ് മന്ദിരത്തിന് തീയിട്ട് ട്രംപ് പടിയിറങ്ങുമ്പോൾ അമേരിക്ക നാണക്കേടിന്റെ പടുകുഴിയിൽ; പാർലമെന്റ് പോലും സംരക്ഷിക്കാൻ കഴിയാത്തവരാണോ ലോക പൊലീസ് എന്ന ചോദ്യം എമ്പാടും; പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും നന്നായി നടത്താൻ ആവാത്തത്‌‌ എന്തുകൊണ്ട്?

യുഎസ് പാർലമെന്റ് മന്ദിരത്തിന് തീയിട്ട് ട്രംപ് പടിയിറങ്ങുമ്പോൾ അമേരിക്ക നാണക്കേടിന്റെ പടുകുഴിയിൽ; പാർലമെന്റ് പോലും സംരക്ഷിക്കാൻ കഴിയാത്തവരാണോ ലോക പൊലീസ് എന്ന ചോദ്യം എമ്പാടും; പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും നന്നായി നടത്താൻ ആവാത്തത്‌‌ എന്തുകൊണ്ട്?

എം മാധവദാസ്

'മാന്യന്മാരുടെ ക്ലബിൽ ഒരു തെമ്മാടി പ്രസിഡന്റായാൽ പിന്നെ പുരപ്പുറത്ത് ഛർദിൽ കഷ്ണങ്ങൾ കാണാം' എന്ന ഒരു ഐറിഷ് പഴമൊഴിയാണ്, അമേരിക്കയിലെ തോറ്റ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാക്രമങ്ങളെക്കുറിച്ച് ന്യൂയോർക്ക് ടൈസ് എഴുതുന്നത്. അമേരിക്ക ഒരിക്കലും ഇത്രയും അപകടകാരിയും ജനാധിപത്യവിരുദ്ധനുമായ ഒരു പ്രസിഡന്റിനെ അർഹിച്ചിരുന്നില്ല. ജനാധിപത്യത്തോടും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാകുന്നതിലും വലിയ ശ്രദ്ധയുള്ളവർ ആയിരുന്നു അമേരിക്കയുടെ മൂൻകാല ഭരണാധികാരികൾ. എന്തിനാണ് ഇത്രയും സങ്കീർണ്ണമായ തെരഞ്ഞെടുപ്പ് പക്രിയ എന്ന് ചോദിക്കുമ്പോൾ, അമേരിക്കൻ ഭരണഘടനാ വിദഗ്ദ്ധർ പറയുക അത് ജനാധിപത്യത്തിന്റെ സൗന്ദര്യം ആണെന്ന് ആയിരുന്നു. അപ്പോഴൊന്നും അവർ കരുതിയിട്ടുണ്ടാവില്ല എന്തിലും ലൂപ്പ്ഹോൾ കണ്ടെത്തുന്ന ഒരു ക്രിമിനൽ തങ്ങളുടെ പ്രസിഡന്റായി വരുമെന്ന്. പക്ഷേ അത് സംഭവിച്ചു. ഡൊണാൾഡ് ട്രംപിലൂടെ. ഹിലരി ക്ലിന്റന്റെ തോൽവിക്ക് അമേരിക്ക വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ് ആരാണ് എന്ന ചോദ്യത്തിന് ബ്രസീലിയൻ പ്രസിഡന്റ് ജെയ് ബൊൾസാനാരോയുടെ പേരാണ് പല സർവേകളും എടുത്തുപറയാറുള്ളത്. അമസോണിന്റെ അന്തകൻ എന്ന് അറിയപ്പെടുന്ന, സ്ത്രീ വിരുദ്ധനും, ശാസ്ത്രവിരുദ്ധനും പരിസ്ഥിതി വിരുദ്ധനുമായ ഈ വിടുവായൻ പക്ഷേ ഇപ്പോൾ ട്രംപിന്റെ ചെയ്തികൾ വെച്ചു നോക്കുമ്പോൾ ഒന്നുമല്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തുന്ന പ്രസിഡന്റ്, കൗണ്ടിങ്ങ് സ്റ്റേഷനുമുന്നിൽ തോക്കു ധരിച്ച റിപ്പബ്ലിക്കൻ ഗുണ്ടകളെ വിടുന്നത്, ഫലം അംഗീകരിക്കാതെ കോടതിയിൽ പോയത്. ഒടുവിൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ സ്വന്തം പാർലമെന്റ് മന്ദിരത്തിന് അനുയായികളെ കൊണ്ട് തീയിടിക്കുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ കഥയൊന്നും ട്രംപിന് മുന്നിൽ ഒന്നുമല്ല.

അമേരിക്കയെ തീർത്താൽ തീരാത്ത നാണക്കേടിന് മുന്നിലിട്ടാണ് ട്രംപ് സ്ഥാനം ഒഴിയുന്നത്. സ്വന്തം പാർലമെന്റ് മന്ദിരം പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു രാജ്യം എങ്ങനെയാണ് ലോകത്തെ സംരക്ഷിക്കുക എന്നാണ് ഇന്ന് പലരും ചോദിക്കുന്നത്. അതുപോലെ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും മര്യാദക്ക് നടത്താൻ കഴിയാത്ത ദുർബല രാഷ്ട്രമാണോ അമേരിക്കയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

യുഎസിനെ ഞെട്ടിച്ച കാപ്പിറ്റോൾ കലാപം

ഒരുപക്ഷേ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം ലോക മാധ്യമങ്ങളൊന്നാകെ ക്യാമറക്കണ്ണുകൾ യുഎസിലേക്കു തുറന്നു വച്ചത് ഇപ്പോഴായിരുന്നിരിക്കണം. യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ ഇരച്ചു കയറിയ സംഭവം അത്രയേറെ ഞെട്ടിക്കുന്നതായിരുന്നു. ലോക പൊലീസ് എന്ന് അവകാശപ്പെടുന്ന യുഎസിന് നാണക്കേടിന്റെ പുതുവർഷവും സമ്മാനിച്ചു ഈ അതിക്രമം.

ഹൗസ് ഓഫ് ചേംബറിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുയായികളെ നേരിടാൻ പൊലീസിന് ബലപ്രയോഗം മാത്രമല്ല വെടിവയ്പ് ഉൾപ്പെടെ നടത്തേണ്ടി വന്നുവെന്നതും യാഥാർഥ്യം. സംഭവം നിയന്ത്രണ വിധേയമായെങ്കിലും, ഇന്ത്യൻ സമയം രാവിലെ 11നുള്ള റിപ്പോർട്ട് പ്രകാരം നാലു പേർ മരിച്ചു, 52 പേർ അറസ്റ്റിലായി. നവംബറിലെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പൊട്ടലും ചീറ്റലുമായി നിന്നിരുന്ന ട്രംപ് അനുയായികൾ സ്ഫോടനാത്മകമായി പ്രതികരിക്കുന്ന കാഴ്ചയാണ് കാപ്പിറ്റോൾ മന്ദിരത്തിൽ കണ്ടത്. അവിടെയുണ്ടായ വെടിവയ്പും സ്ഫോടന വസ്തുക്കൾ കണ്ടെത്തിയതും സുരക്ഷാവീഴ്ചയും വരുംനാളുകളിലും വൻ ചർച്ചകൾക്കു വഴിയൊരുക്കുമെന്നതിലും സംശയമില്ല.

ലോകസമാധാനത്തിന് സൈന്യത്തെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന യുഎസിന് സ്വന്തം പാർലമെന്റ് മന്ദിരം സ്വന്തം ജനങ്ങളിൽനിന്നു പോലും രക്ഷിക്കാനാകുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം നിറഞ്ഞുകഴിഞ്ഞു. ജോ ബൈഡനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള അന്തിമ നടപടിയിലേക്കു കടക്കും മുൻപായിരുന്നു പാർലമെന്റ് മന്ദിരത്തിലേക്കുള്ള കടന്നുകയറ്റം. കാപ്പിറ്റോൾ മന്ദിരത്തിനകത്തെ സംഘർഷത്തിനിടെ ആദ്യം ഒരു വനിത കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വന്നത്. ചേംബറിലെ കോണിപ്പടികൾക്കു സമീപമായിരുന്നു ഇവരുടെ മൃതദേഹം.

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോയിൽ ഈ വനിതയുടെ മൃതദേഹം കാണിക്കുന്നുണ്ട്. പശ്ചാത്തലത്തിൽ വെടിവയ്ക്കുന്നതിന്റെ ശബ്ദവും. മൃതദേഹത്തിനു സമീപത്ത് തോക്കുമായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ വനിതയുടെ സമീപത്തേക്ക് ഓടിയെത്തി ആശുപത്രിയിലേക്കു മാറ്റാൻ സഹായിക്കുകയും ചെയ്തു. എന്നാൽ എന്തുകൊണ്ട് വെടിവച്ചു, ആരു വെടിവച്ചു തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല. ശബ്ദായമാനമായ ഒരു പ്രതിഷേധ പ്രകടനത്തിൽനിന്ന് ഇത്തരമൊരു അട്ടിമറി ശ്രമത്തിലേക്ക് എങ്ങനെ സമരമെത്തി എന്നതും അന്വേഷണ വിധേയമാകും.

ഇരച്ചെത്തിയ പ്രതിഷേധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതോടെയാണു കലാപത്തിന്റെ തുടക്കം. പിന്നീട് ബാരിക്കേഡുകൾ മറികടന്ന് ഇവർ മുന്നോട്ടു കുതിച്ചു. ജനൽച്ചില്ലുകൾ തകർത്ത് കെട്ടിടത്തിലേക്കു കയറി. പ്രതിഷേധക്കാരിലൊരാൾ പൊലീസിന്റെ റയട്ട് ഷീൽഡ് ഉപയോഗിച്ചാണ് ജനൽച്ചില്ലുകൾ തകർത്തത്. ഇതുവഴിയാണ് പ്രതിഷേധക്കാരിലേറെയും കാപ്പിറ്റോൾ മന്ദിരത്തിലേക്കു കടന്നത്. പുറത്ത് സംഘർഷം നിയന്ത്രണാതീതമായതോടെ സെനറ്റും സഭയും നിർത്തിവച്ച് കോൺഗ്രസ് അംഗങ്ങളെ ഓഫിസുകളിലേക്കും സുരക്ഷാ മുറികളിലേക്ക് അടിയന്തരമായി മാറ്റി.

പ്രതിഷേധക്കാരെ നേരിടാൻ ഡമോക്രാറ്റ്റിപബ്ലിക്കൻ പ്രതിനിധികൾ ഒരുമിച്ചു നിന്നതും ശ്രദ്ധേയമായി. ഡമോക്രാറ്റ് പ്രതിനിധി ജേസൻ ക്രോ, റിപബ്ലിക്കൻ പ്രതിനിധി മാർക്ക്വെയ്ൻ മള്ളിൻ എന്നിവർ മുൻ സൈനികരും കായികാഭ്യാസ വിദഗ്ധരുമാണ്. ഇരുവരും പ്രതിഷേധക്കാരെ നേരിടാൻ രംഗത്തിറങ്ങിയിരുന്നു. മുൻ മറീൻ കൂടിയായ ഡമോക്രാറ്റ് അംഗം റൂബൻ ഗല്ലിഗോയാണ് മറ്റ് അംഗങ്ങളോട് എങ്ങനെ ഗ്യാസ് മാസ്‌ക് ധരിക്കണമെന്നു പറഞ്ഞുകൊടുത്തത്. ഈ കാഴ്ചകളെല്ലാം ഫോട്ടോകളായും വിഡിയോകളായും പകർത്തപ്പെടുന്നുണ്ടായിരുന്നു. വൈകാതെതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

'ബനാന റിപബ്ലിക്' ഉണ്ടാകുന്നത്

കാപ്പിറ്റോൾ മന്ദിരത്തിന്റെ ഇടനാഴികളിലൂടെ പതാകകളും മറ്റുമായി ഒട്ടേറെ പ്രതിഷേധക്കാർ യാതൊരു തടസ്സവുമില്ലാതെ നടക്കുന്നതിന്റെ വിഡിയോകളും വൈറലായി. സ്പീക്കർ നാൻസി പെലോസിയുടെ ഓഫിസിനകത്തുനിന്നാണ് ഒരാൾ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തത്. ഒരാൾ സ്പീക്കറുടെ മേശയിൽ കാൽകയറ്റിവച്ചായിരുന്നു ചിത്രമെടുത്തത്. പ്രസംഗപീഠം വാഹനമായി സങ്കൽപിച്ചായിരുന്നു മറ്റൊരാളുടെ പ്രകടനം. ഇത് പകർത്താൻ ചെന്ന മാധ്യമ പ്രവർത്തകനു നേരെ ഗോഷ്ഠി കാണിക്കുകയും ചെയ്തു. സ്പീക്കറുടെ മുറിയിൽ 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. പ്രതിഷേധ വിവരം പൊലീസ് അറിയിച്ചതോടെ ചിലർ സുരക്ഷാ സ്ഥാനത്തേക്കു നീങ്ങി. മറ്റു ചിലർ വിവിധ ഓഫിസുകളിലും അഭയം പ്രാപിച്ചു.

ഒരു ഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ പ്രതിഷേധക്കാരെത്തി. ഒരു കൂട്ടർ ഫയർ എക്സ്റ്റ്‌വിംഗിഷർ വലിച്ചെറിഞ്ഞാണ് സംഘർഷം സൃഷ്ടിച്ചത്. ചുറ്റിലും പുക പരന്നതും ആശങ്കയ്ക്കിടയാക്കി. പ്രതിഷേധക്കാരിൽ ചിലർ സഭാംഗങ്ങളെ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സ് ചേംബറിനകത്തുനിന്ന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വാതിലിൽ ആഞ്ഞടിച്ച ഇവർ രക്ഷാകവാടങ്ങളും ഉപരോധിച്ചു. ചേംബറിന്റെ വാതിലിനു പിന്നിൽ ഫർണിച്ചറുകൾ കയറ്റിവച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. തോക്കു ചൂണ്ടി വിരട്ടുകയും ചെയ്തു.

ചേംബറിനകത്തുണ്ടായിരുന്നവർ ഇടയ്ക്കിടെ പുറത്ത് സ്ഫോടന ശബ്ദവും കേട്ടതോടെ നിലത്തു കിടന്നാണ് അഭയം തേടിയത്. വലിയ സ്ഫോടനമല്ല ചെറു പൊട്ടിത്തെറികളാണുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. 15 മിനിറ്റ് നേരത്തെ ഭീകരാവസ്ഥയ്ക്കു ശേഷം ഒരു വിധത്തിൽ ചേംബറിനു പുറത്തേക്ക് സഭാംഗങ്ങളെ കൊണ്ടു വരികയും തുരങ്കങ്ങളിലൂടെ സുരക്ഷാസ്ഥാനത്ത് എത്തിക്കുകയുമായിരുന്നു. പുറത്ത് സംഘർഷമുണ്ടാക്കുന്നവരുമായി സുരക്ഷാ വിഭാഗം ഏറ്റുമുട്ടൽ തുടർന്നതോടെ മണിക്കൂറുകളോളമാണ് സഭാംഗങ്ങൾക്ക് സുരക്ഷാ സ്ഥാനത്തു കഴിയേണ്ടി വന്നത്. ഡമോക്രാറ്റിക്, റിപബ്ലിക് അംഗങ്ങൾ ഒരുപോലെ അമേരിക്കൻ ജനാധിപത്യത്തിനു വേണ്ടി പ്രാർത്ഥിച്ചു എന്നാണ് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ഉൾപ്പെടെ മിനിറ്റുകൾക്ക് മുൻപ് സുരക്ഷാസ്ഥാനത്തേക്കു മാറ്റിയതിനാൽ സെനറ്റ് ഗാലറിയിലേക്ക് ഇരച്ചുകയറിയെത്തിയ പ്രതിഷേധക്കാരിൽനിന്നു തലനാരിഴയ്ക്കു രക്ഷിക്കാനായി. അർധനഗ്നരായി വരെ പലരും ചേംബറിനകത്തുനിന്ന് ചിത്രങ്ങൾ പകർത്തുകയും അട്ടഹസിക്കുകയും ചെയ്തു. വിസ്‌കോൻസെനിൽനിന്നുള്ള റിപബ്ലിക്കൻ പ്രതിനിധി മൈക്ക് ഗല്ലാഗെറിനു വരെ താൻ ഓഫിസിൽ സുരക്ഷിതനാണെന്ന വിഡിയോ സന്ദേശം നൽകേണ്ടി വന്നു. രാജ്യം രാഷ്ട്രീയപരമായി അസ്ഥിരപ്പെട്ടുവെന്നു സൂചിപ്പിക്കുന്ന 'ബനാന റിപബ്ലിക്' എന്ന പദമാണ് കാപ്പിറ്റോൾ മന്ദിരത്തിലെ സംഘർഷത്തെ വിശദീകരിച്ച് അദ്ദേഹം പ്രയോഗിച്ചത്. പ്രശ്നങ്ങളെല്ലാം അടങ്ങി സഭാ നടപടികൾ പുനരാരംഭിച്ചെങ്കിലും കാപ്പിറ്റോൾ മന്ദിരത്തിന്റെ ചുറ്റിലും ആയുധങ്ങളുമായി പലരും ചുറ്റിക്കറങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്‌കൗൺഡ്രൽ!

പൊളിറ്റികസ് ഈസ് ദ ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്‌കൗൺഡ്രൽ' എന്ന പഴമൊഴി പഠിപ്പിക്കുമ്പോൾ ഇനി അദ്ധ്യാപകർക്ക് അധികം ഉദാഹരണം ഒന്നും കാണിക്കേണ്ട കാര്യമില്ല. ഡൊണാൾഡ് ട്രംപിനെ ഒന്ന് ചൂണ്ടിക്കാണിച്ചാൽ മതി. ജീവിതത്തിന്റെ നല്ലൊരു ഭാഗവും തട്ടിപ്പും തരികിടയുമായി കഴിഞ്ഞ ഒരു മനുഷ്യൻ എങ്ങനെ അമേരിക്കൻ പ്രസിഡന്റായി എന്നതാണ് മാധ്യമ വിദ്യാർത്ഥികളും സാമൂഹിക ശാസ്ത്രജ്ഞന്മാരും പഠിക്കേണ്ടത്.

'കാശ് കുന്നുകൂടി ശ്വാസംമുട്ടിയ കോടീശ്വരന്റെ അതിമോഹം'. അമേരിക്കയുടെ പ്രസിഡന്റാകാൻ മൽസരത്തിനു ഞാനുമുണ്ട് എന്ന് 2016ൽ ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചപ്പോൾ ലോകം അത്രയേ കണക്കാക്കിയുള്ളൂ. ഭരണപരിചയമില്ല, രാഷ്ട്രീയ പാരമ്പര്യമില്ല, സാമൂഹികസേവന രംഗങ്ങളിൽ സാന്നിധ്യവുമില്ല. അയാൾ ലോകത്തെ ഏറ്റവും കരുത്തേറിയ രാജ്യത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു ഹാസ്യകഥാപാത്രമായി ഒടുങ്ങുമെന്നു പലരും കരുതി. എന്നാൽ, ലോകത്തെ ഞെട്ടിച്ചു കൊണ്ട് അയാൾ പ്രസിഡന്റായി. ഇപ്പോഴിതാ തോൽക്കുമെന്ന് കണ്ടാൽ സ്റ്റമ്പ് വലിച്ചൂരിയെറിഞ്ഞ് ബഹളമുണ്ടാക്കുന്ന കുട്ടികളെപ്പോലെ തോൽവി അംഗീകരിക്കാതെ അയാൾ അമേരിക്കയെ നാണം കെടുത്തുന്നു.

വംശീയത, സ്ത്രീവിരുദ്ധത, സ്വജനപക്ഷപാതം, താൻ പോരിമ, ധിക്കാരം, തുടങ്ങി, ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യങ്ങളുടെ കൂമ്പാരമാണ് അമേരിക്കയിലെ 'തോറ്റ പ്രസിഡന്റ്' ഡോണാൾഡ് ട്രംപ്. നാൽപ്പതോളം സ്ത്രീകളാണ് അദ്ദേഹത്തിൽനിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ്. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പേരിൽ ഉണ്ടായിരുന്നത് നാലായിരത്തോളം കേസുകളാണ്. മാധ്യമങ്ങൾ പറയുന്നപോലെ കോടീശ്വരനല്ല, അഞ്ചു തവണ പാപ്പരായ വ്യക്തിയാണ്. എന്നിട്ടും ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് എങ്ങനെയാണ് അയാൾക്ക് അമേരിക്കൻ പ്രസിഡന്റ് ആവാൻ കഴിഞ്ഞത്. സമാനകളില്ലാത്ത ക്രിമിനൽ സ്റ്റോറിയാണ്, ഇപ്പോൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ അമേരിക്കയെ നാണക്കേടിലാക്കിയ ഡൊണാൾഡ് ട്രംപിന്റെ ജീവിതം.

'കിൽ മുസ്ലിംസ്, ഐ ഹേറ്റ് ഇസ്ലാം, മെക്‌സിക്കൻ എമിഗ്രൻസ് ആർ ഡെവിൾസ്'- അമേരിക്കയിൽ ഗൂഗിൾ ട്രൻഡ് ഡാറ്റ പരിശോധിക്കുമ്പോൾ ഈ കീ വാക്കുകൾ കയറി വരുന്നത് ഹാർവാഡിൽ നിന്നും ഡോകടറ്റേ് എടുത്ത മാധ്യമ നിരീക്ഷകൻ കൂടിയായ സേത്ത് സ്റ്റീഫൻസ് ഡേവിഡോവിറ്റ്‌സ് എന്ന അനലിസ്റ്റിന്റെ ശ്രദ്ധയിൽപെട്ടത് 2016 മധ്യത്തോടെയാണ്. അമേരിക്കയിൽ പതിവില്ലാത്ത വിധം റേസിസ്റ്റ് തമാശകൾ, റേസിസ്റ്റായ കീവേഡ് സേർച്ചുകളും വരുന്നത് ആദ്യം അദ്ദേഹം അവഗണിച്ചു. ഏതാനും കുബുദ്ധികളുടെയും വഷളന്മാരുടെയും പണി എന്നാണ് സ്റ്റീഫൻസ് കരുതിയത്. പക്ഷേ ഓരോ ദിവസം കൂടുന്തോറും ഈ കീ വാക്കുകൾ സേർച്ച് ചെയ്യുന്നവരുടെ എണ്ണം കൂടിക്കുടി വന്നു. അത് പതിനായിരങ്ങളും ലക്ഷങ്ങളും ആവാൻ ദിവസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. അപ്പോൾ അദ്ദേഹത്തിന് മനസ്സിലായി കൃത്യമായി ചിലർ പടച്ചുവിടുന്ന, സൃഷ്ടിക്കപ്പെട്ട സോഷ്യൽ എഞ്ചിനീയറിങ്ങ് ആണ് ഇതെന്ന്. അതിന്റെ ഫലം മാരകമായിരുന്നു. ഹിലരി ക്ലിന്റണെ തോൽപ്പിച്ച് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി. ആരും പ്രതീക്ഷിക്കാത്തജയം.

തുടർന്നാണ് ഇത് വിശദമായി പഠിക്കാൻ സ്റ്റീഫൻസ് തയ്യാറാവുന്നത്. അങ്ങനെ അദ്ദേഹം എഴുതിയ പുസ്‌കമാണ് ലോകത്ത് ബെസ്റ്റ് സെല്ലർ ആയി മാറിയ 'എവരിബഡി ലൈസ്' എന്ന പുസ്തകം. കൃത്യമായ വംശവെറിയും വർഗവെറിയും സോഷ്യൽ മീഡിയയിലൂടെ സൃഷ്ടിച്ച്, വലതുപക്ഷത്തിന്റെ വോട്ട് വൈകാരികമായി ഉയർത്തി, ഇവരാണ് നമ്മുടെ ശത്രുവെന്ന അപരവത്ക്കരണത്തിലൂടെയും, അമേരിക്കൻ പ്രൈഡ് എന്ന ഭൂതകാലക്കുളിര് സൃഷ്ടിച്ചുമാണ് ട്രംപ് പ്രസിഡന്റായതെന്ന് ആ പുസ്തകം സമർഥിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നുണകളുടെ സൃഷ്ടിയാണ് ഡൊണാൾഡ് ട്രംപ്. ഉച്ചിതൊട്ട് ഉള്ളംകാൽവരെ നുണയിൽ പടുത്തെടുത്ത രാഷ്ട്രീയം.

മില്ല്യണറെ അവർ എഴുതി ബില്ല്യണർ ആക്കി

കോടീശ്വരനായ ഫ്രഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ചെറുപ്പത്തിലേ തന്നെ ഓവർസ്മാർട്ടും പ്രശ്‌നക്കാരനും ആയിരുന്നു. അതുകൊണ്ട് ശല്യം തീർക്കാനും അച്ചടക്കം പഠിപ്പിക്കാനുമാണ് അവനെ സൈനിക സ്‌കൂളിൽ ചേർത്തിയത്. അവിടെ നിന്നും ട്രംപിന് അടിയുണ്ടാക്കിയതിന് പലതവണ പ്രശനമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പല പരീക്ഷകൾ ട്രംപ് പാസായതും കോപ്പിയടിച്ച് ആയിരുന്നു. ആം വയസ്സിൽ സൈനിക കോളജിൽനിന്ന് ഡിഗ്രി എടുത്തപ്പോഴും ട്രംപിന്റെ കുബുദ്ധി വർക്കൗട്ടായി. നിർബന്ധ സൈനിക സേവനത്തിൽനിന്ന് അയാൾ രക്ഷപെട്ടത് വ്യാജ മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കിക്കൊണ്ടായിരുന്നു. അതിനുശേഷം പെൻസിൽവവാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇക്കണോമികസിൽ ഡിഗ്രി എടുത്തു. നേരെ പിതാവിന്റെ ബിസിനസിലേക്കാണ് ട്രംപ് കടന്നത്. താൻ ഒരു സെൽഫ് മേഡ് മാൻ എന്നാണ് ട്രംപ് പറയാറ്. പക്ഷേ ഇത് ശുദ്ധ തട്ടിപ്പാണ്. പിതാവിന്റെ കൈയിൽനിന്ന് ഒരു മില്യൺ ഡോളർ വാങ്ങിയാണ് അയാൾ ബിസിനസ് തുടങ്ങിയത്.

ആദ്യഘട്ടത്തിൽ വൻ വിജയമായിരുന്നു ട്രംപ്. ഹോട്ടലും കാസിനോയും നടത്തി അയാൾ വൻവിജയമായി. എന്ത് പ്രാജകറ്റും വിജയിപ്പിക്കാൻ അയാൾക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. 33 വയസായപ്പോൾ ട്രംപിന്റെ ആസ്തി കോടികൾ കടന്നു. പക്ഷേ 1979ൽ തുടങ്ങിയ ട്രംപ് ടവർ എന്ന 58 നിലയുള്ള കെട്ടിടം പണിതതാണ് ട്രംപിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് ആ ടവർ മാധ്യമങ്ങളിൽ നിറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ചാൽ തന്റെ ബ്രാൻഡിങ്ങ് നന്നായി നടക്കുമെന്ന് അറിയുന്ന ട്രംപ് പിന്നെ ടാബ്ലോയിഡുകളെ കൂട്ടുപിടിച്ചു. അക്കാലത്ത് ടാബ്ലോയിഡുകൾ ആയിരുന്നു ഒരാളുടെ സെലിബ്രിറ്റിയാക്കിയിരുന്നത്. അന്ന് ന്യയോർക്കിലെ പ്രശസ്തമായ ന്യൂഡ് ഡേ എന്ന ടാബ്ലോയിഡിനെയും അതിന്റെ ലേഖകൻ എ. ജെ. ബെൻസിനെയുമാണ് ട്രംപ് കൂട്ടുപിടിച്ചതെന്ന് മാധ്യമ പ്രവർത്തകർ വെളിപ്പെടുത്തുകയുണ്ടായി. ട്രംപ് ടാബ്ലോയിഡുകാരോട് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. 'എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണർ എന്ന വാക്കും വരണം'. അങ്ങനെയാണ് ട്രംപ് ദ ബില്ല്യണർ എന്ന വാക്ക് പ്രശസ്തമാവുന്നത്. ട്രംപ് എന്ന പേര് വല്ലാത്തൊരു ബ്രാൻഡ് ആവുന്നത്. സത്യത്തിൽ മില്ല്യണർ അല്ലാതെ ബില്ല്യണർ ആയിട്ടില്ലായിരുന്നു ട്രംപ്. പക്ഷേ ആവർത്തിച്ച് പറഞ്ഞ് അത് അങ്ങനെയാക്കാൻ ട്രംപിന് ആയി.

1990 മെയ് 2-ന് ഫോബ്‌സ് മാസികയുടെ കവർ ചിത്രം ട്രംപിന്റൊയിരുന്നു. 'ഹൗ മച്ച് ഇസ് ഡോണാൾഡ് ട്രംപ് റിയലി വർത്ത്' എന്നായിരുന്നു തലക്കെട്ട്. ട്രംപിന്റെ ആസ്തികളെക്കുറിച്ച് അക്കാലത്ത് നിറം പിടിപ്പിച്ച കഥകൾ ആണ് പുറത്തുവന്നത്. ട്രംപ് ടവറിന്റെ വിജയത്തിനുശേഷം അദ്ദേഹം ശരിക്കും ഒരു ബ്രാൻഡായി. കടം കൊടുക്കാൻ ബാങ്കുകൾ മൽസരിച്ചു. അറിഞ്ഞതും അറിയാത്തതും ബിസിനസ് മേഖലയിലൊക്കെ ട്രംപ് കൈവെച്ചു. അത് അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കവും ആയിരുന്നു.

പാപ്പരായ കോടീശ്വരൻ

80കളിൽ ഉണ്ടാക്കിയത് അത്രയും ട്രംപിന് 90 കളിൽ ഒലിച്ചുപോവുകയായിരുന്നു. ട്രംപ് ടവറിന്റെ വിജയത്തെ തുടർന്ന് അദ്ദേഹം വിവിധ ബിസിനസുകൾ ചാടി ഏറ്റെടുത്തു. അത്‌ലാന്റിക്ക് സിറ്റിയിലെ താജ്മഹൽ എന്ന കാസിനോ വമ്പൻ നഷ്ടത്തിലായി. കോടികൾ മുടക്കിയായിരുന്നു അത് ട്രംപ് ഏറ്റെടുത്തിരുന്നത്. ഇതിന് പുറമേ, ട്രംപ് ഷട്ടിൽ എന്ന എയർലൈൻ കമ്പനിയും അദ്ദേഹം തുടങ്ങി. ഫുട്‌ബോൾ ടീം, ടൈസന്റെ ബോക്‌സിങ്ങ് മൽസരം, ലോക സുന്ദരീ മൽസരം എന്നിങ്ങനെ സകലതും ഏറ്റെടുത്ത് നടത്തി. പക്ഷേ അറിയാത്ത ബിസിനസുകൾ ഏറ്റെടുത്തതിന്റെ തിക്തഫലങ്ങൾ വൈകാതെ കണ്ടു.

എയർലൈൻസ് നഷ്ടത്തിലായി. പല കാസിനോകളും ഒന്നിന് പിറകെ ഒന്നായി പൂട്ടി. ട്രംപിന്റെ ബാങ്ക് കടം കൂടി. ഒരു മില്യൻ ഡോളർവരെ പലിശ ഉയർന്നു. ബാങ്ക് നടപടി തുടങ്ങി. വൈകാതെ ട്രംപ് പാപ്പരായി. പക്ഷേ അപ്പോഴും ആ ബ്രാൻഡ് വാല്യു നിലനിൽക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലം ട്രംപ് പിടിച്ചുനിന്നത്. അങ്ങനെയാണ്. അതായത് ലോകത്ത് എവിടെയുള്ള കെട്ടിടങ്ങൾക്ക് ഒരു നിശ്ചിത തുക കൊടുത്താൽ ട്രംപ് എന്ന പേര് കൊടുക്കാം. അങ്ങനെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ട്രംപ് ടവറുകൾ ഉയർന്ന് വന്നത്. അവക്ക് പലതിനും ഡൊണാൾഡ് ട്രംപുമായി പുലബന്ധം പോലുമില്ല. ഇന്ത്യയിൽപ്പോലും അഞ്ച് ട്രംപ് ബിൽഡിങ്ങുകൾ ഉണ്ട്. എന്നാൽ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് അദ്ദേഹം അപ്പോഴും കോടീശ്വരനായി ഭാവിച്ചു. 90 കളിൽ അഞ്ചു തവണയാണ് ട്രംപ് പാപ്പർ സ്യൂട്ട് അടിച്ചത്. ട്രംപ് യൂണിവേഴ്‌സിറ്റിയെന്ന പേരിലും ഒരു സാധനം തുടങ്ങി നൂറുകണക്കിന് നിക്ഷേപകർക്ക് പണം പോയി. അവർ ബന്ധപ്പെട്ടപ്പോൾ ട്രംപ് പറഞ്ഞത് അത് ഫ്രാഞ്ചേസി മാത്രമാണെന്നും തനിക്ക് അതുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ്. ഈ കേസ് ഇപ്പോഴും കോടതിയിലാണ്.

പിന്നെ ട്രംപ് അമേരിക്കയുടെ സജീവ ശ്രദ്ധയിലേക്ക് വരുന്നത് 2003ൽ എൻബിസിയിൽ 'ദ അപ്രന്റീസ്' എന്ന പേരിൽ അദ്ദേഹം ആങ്കർ കം പ്രാഡ്യുസർ ആയിവന്ന റിയാലിറ്റി ഷോയിലൂടെയാണ്. സെറ്റിട്ട സമർഥമായ ഒരു തട്ടിപ്പ് ആയിരുന്നു അത്. അപ്രന്റീസ് ആയി എത്തുന്ന ഉദ്യോഗാർഥികളെ ട്രംപ് നേരിട്ട് ഇൻർവ്യൂ ചെയ്ത് തന്റെ കമ്പനിയിൽ ജോലിക്ക് എടുക്കും എന്നായിരുന്നു വാഗ്ദാനം. ഇത് കണ്ട ഭൂരിഭാഗം പേരും കരുതിയത് ഇതുപോലെ ചിട്ടയിലും അങ്ങേയറ്റം പ്രൊഫഷണലും ആയാണ് ട്രംപിന്റെ പ്രവർത്തനം എന്നാണെന്നാണ്. പക്ഷേ എല്ലാം സെറ്റിട്ടതായിരുന്നു. പക്ഷേ ഷോ വൻ വിജയമായി. പലപ്പോഴും അത് ട്രൻഡിങ്ങായി. തുടർച്ചായി 13 വർഷമാണ് ആ ഷോ മുന്നോട് പോയത്. അതും ട്രംപിന്റെ വിപണി മൂല്യം വല്ലാതെ ഉയർത്തി. അങ്ങനെയാണ് ട്രംപ് ആദ്യതവണ അത്ഭുതകരമായി ജയിക്കുന്നത്.

മേക്ക് അമേരിക്ക ഗ്രേറ്റ്

പക്ഷേ ട്രംപിന്റെ തുറപ്പുചീട്ട് ഇതൊന്നുമല്ല. ദ ഗാർഡിയൻ പത്രത്തിൽ പ്രശസ്ത എഴുത്തുകാരൻ നോം ചോംസ്‌ക്കി നിരീക്ഷിച്ചപോലെ, 'അമേരിക്കൻ പ്രൈഡ്' എന്ന ടിപ്പിക്കൽ വലതുപക്ഷ സാധനത്തിലാണ് അദ്ദേഹത്തിന്റെ കളി. മുപ്പതുശതമാനം വരുന്ന അമേരിക്കയിലെ യഥാസ്ഥിതിക മത വിശ്വാസികൾ ആണ് അദ്ദേഹത്തിന്റെ വോട്ട് ബാങ്ക്. അമേരിക്കയെ താൻ ഉന്നതിയിൽ എത്തിക്കുമെന്നും, രാജ്യത്തിന് ലാഭമില്ലാത്ത ഒരു കച്ചവടത്തിനും കൂട്ടു നിൽക്കുകയുമില്ല എന്ന തോന്നൽ ഉണ്ടാക്കാൻ ട്രംപിന് കഴിഞ്ഞു. ഈ വലതുപക്ഷ യാഥാസ്ഥിതികർ പക്ഷേ നിശബ്ദരാണ്. അവർ തെരുവിൽ ഇറങ്ങില്ല. ഒരു അഭിപ്രായ സർവേയിലും പങ്കെടുക്കില്ല. പക്ഷേ ഇവരെ ആവേശം കൊള്ളിക്കാനുള്ള വകുപ്പുകൾ ഇടക്കിടെ ട്രംപ് ഇട്ടുകൊടുക്കും, കുടിയേറ്റ വിരുദ്ധതതയും മുസ്ലിം വിരുദ്ധതയും. അത് സോഷ്യൽ മീഡിയ മാനേജർമാർ വഴി കൃത്യമായി സൃഷ്ടിച്ച് എടുക്കാനും ട്രംപിന് കഴിഞ്ഞു. ന്യൂയോർക്ക് ടൈംസ് എഴുതുന്നത്, കുടിയേറ്റക്കാർ ഉയർത്തുന്ന പ്രശ്‌നങ്ങളും, ഇസ്ലാം ഉയർത്തുന്ന പ്രശ്‌നങ്ങളും നിഷ്പക്ഷമായി വിലയിരുത്താൻ ട്രംപിന്റെ എതിരാളികൾ ആയ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞില്ല എന്നതാണ്. അവർ ഒരു പക്ഷം പിടിച്ചപ്പോൾ മറുപക്ഷത്ത് ധ്രുവീകരണം ഉണ്ടായി. (ഇന്ത്യയിൽ അടക്കം മതധ്രുവീകരണത്തിന് വഴിയിട്ടതും ഇതേ പക്ഷം പിടിക്കൽ ആണ്)

അമേരിക്കയിലും ഉണ്ട് മതം ഒരുഘടകമാക്കി സ്വാധീനിക്കുന്ന രീതി. പക്ഷേ ട്രംപ് പരോക്ഷമായി ആ വിദ്യയിലും മിടുക്കനാണ്. കഴിഞ്ഞ തവണ ഇവാഞ്ചലിക്കൽ സ്റ്റേകളിൽനിന്ന് വിജയിച്ച് കയറിത് മതം പതുക്കെ ഇൻജക്ട് ചെയ്തുകൊണ്ടായിരുന്നു. ഇത്തവണ നോക്കുക, കോവിഡ് കാലത്ത് പള്ളികൾ തുറക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചത് വ്യാപകമായി വിമർശിക്കപ്പെട്ടു. വിവിധ സ്റ്റേറ്റ് ഗവർണർമാർ ട്രംപ് പറയുന്നത് കേൾക്കാതെ ലോക്ഡൗണുമായി മുന്നോട്ടുപോയപ്പോളാണ് ട്രംപ് പള്ളിയുടെയും വിശ്വാസത്തിന്റെയും കാര്യം എടുത്തിട്ടത്. അതുപോലെ ഈ തെരഞ്ഞെടുപ്പുകാലത്തും സമാനമായ ഒരു പ്രസ്താവന അദ്ദേഹം നടത്തി 'എനിക്ക് മുകളിൽ ക്രിസ്തുവാണെന്നും കാര്യങ്ങൾ തീരുമാനിക്കുക അവിടെ നിന്നാണെന്നും'. ഒരു അമേരിക്കൻ പ്രസിഡന്റൂം ഇങ്ങനെയൊന്നും പറയാറില്ല. ഇതും തെരഞ്ഞെടുപ്പ് കാലത്ത് വിമർശിക്കപ്പെട്ടെങ്കിലും മറുഭാഗത്ത് ട്രംപിന് അനുകൂലമായി ധ്രുവീകരണം സംഭവിക്കയാണ്.

ഇത്തവണ ട്രംപിന്റെ പ്രചരണത്തിന്റെ വജ്രായുധം ആയിരുന്നു, കമലാ ഹാരീസ് കമ്യുണിസ്റ്റാണെന്നും ജോ ബൈഡൻ അധികാരത്തിൽ കയറിയാൽ കമ്യുണിസ്റ്റുകളുടെ ഭരണമാണ് ഉണ്ടാവുക എന്നതും. ശീതയുദ്ധം അടക്കമുള്ള പതിറ്റാണ്ടുകൾ നീണ്ട സംഘർഷങ്ങളുടെ ഭാഗമായി അമേരിക്കൻ ജനതയുടെ രക്തത്തിൽ അലിഞ്ഞുപോയതാണ് കമ്യൂണിസ്റ്റ് വിദ്വേഷം. പുറമെനിന്ന് നോക്കുമ്പോൾ ട്രംപിന്റെ മറ്റൊരു വിടുവായത്തം എന്ന് നമുക്ക് തോന്നാമെങ്കിലും അമേരിക്കയിലെ നിശബ്ദ വലതുപക്ഷത്തിൽ ഇത് വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. അവസാനം നൽകിയ ഒരു അഭിമുഖത്തിലുടനീളം കമലാ ഹാരിസിനെ കമ്മ്യൂണിസ്റ്റെന്നാണ് ട്രംപ് വിളിക്കുന്നത്. 'അവർ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ ഒരു സോഷ്യലിസ്റ്റല്ല. അവർ ഒരു സോഷ്യലിസ്റ്റിനപ്പുറമാണ്. അവരുടെ കാഴ്ചപ്പാടുകൾ നോക്കൂ. അതിർത്തി തുറന്ന് കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവരാഗ്രഹിക്കുന്നത്' ട്രംപ് കൂട്ടിച്ചേർത്തു. പക്ഷേ എന്തൊകൊണ്ടോ ഇത്തവണ അതൊന്നും ഏശിയില്ല. അവർ ട്രംപിനെ പുറന്തള്ളി.

പക്ഷേ ലോകത്ത് ഞെട്ടിക്കുന്നത് മറ്റൊന്നാണ്. ഇത്രയധികം തട്ടിപ്പുകളിൽ പെട്ട ഒരാൾ എങ്ങനെ അമേരിക്കൻ പ്രസിഡന്റായി? അതാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും സൃഷ്ടിക്കുന്ന പ്രതിച്ഛായ മിനുക്കലിന്റെ കഴിവ്. ബൈഡൻ പ്രസിഡന്റ് ആവുന്നതോടെ ട്രംപ് ജയിലിൽ ആകാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അധികാരം പോയാൽ ജയിലിലേക്കോ?

ജയിലിൽ കിടന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡന്റ്. ഡോണാൾഡ് ട്രംപിനെ കാത്തിരിക്കുന്നത് ആ ദയനീയ വിധിയാണോ? തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ, ട്രംപിനെ കാത്തിരിക്കുന്നത് കേസുകളുടെ നൂലാമാലകളാണെന്നാണ് ന്യൂയോർക്ക് ടൈംസ്പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്തുവിലകൊടുത്തും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ട്രംപ് ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ. നികുതിവെട്ടിപ്പ് തൊട്ട് സ്ത്രീപീഡനം വരെയുള്ള വിവിധ കേസുകൾ ഡെമോക്രാറ്റുകൾ വിചാരിച്ചാൽ കുത്തിപ്പൊക്കാൻ കഴിയും. കാരണം ഈ തെരഞ്ഞെുടുപ്പിൽ ട്രംപ് വാക്കുകൾ കൊണ്ട് അവരെ അത്രയേറെ ഉപദ്രവിച്ചിട്ടുണ്ട്. കള്ള കമ്യൂണിസ്റ്റ് എന്നാണ് ട്രംപ് കമലാ ഹാരീസിനെ അധിക്ഷേപിച്ചത്. ബൈഡനെ ഉറക്കംതൂങ്ങിയെന്നും. ബൈഡന്റെ മകൻ ചൈനയിൽനിന്ന് കോടികൾ കൊള്ളയടിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. എന്നാൽ ട്രംപിനെതിരെ നിരവധി കേസുകളാണ് അധികാരമൊഴിഞ്ഞാൽ കാത്തിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല.

ജോ ബൈഡന്റെ വിജയം വലിയ തലവേദനകളാണ് ട്രംപിന് ഉണ്ടാക്കുന്നത്. അത് വൈറ്റ് ഹൗസിലെ വെസ്റ്റ് വിങ് എത്രയും പെട്ടെന്ന് ബൈഡനും സംഘത്തിനും ഒഴിഞ്ഞു കൊടുക്കുക എന്നതിൽ ഒതുങ്ങില്ല എന്നുമാത്രം. ഒന്നിനുപിന്നാലെ ഒന്നായി നിരവധി ക്രിമിനൽ അന്വേഷണങ്ങൾക്ക് ഈ സ്ഥാനനഷ്ടം വഴിയൊരുക്കും. അതിൽ ഏറ്റവും ഗുരുതരമായത്, മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപ് ഓർഗനൈസേഷനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ക്രിമിനൽ അന്വേഷണമാണ്. അനവധി ആരോപണങ്ങൾ അറ്റോർണിയുടെ അന്വേഷണത്തിന്റെ പരിധിയിൽ വരും. ബാങ്ക് തട്ടിപ്പ്, ഇൻഷുറൻസ് തട്ടിപ്പ്, ക്രിമിനൽ ടാക്സ് തട്ടിപ്പ്, വ്യാജ ബിസിനസ് രേഖകളുടെ നിർമ്മാണം തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഉണ്ട് ട്രംപിനും സംഘത്തിനും എതിരായി. ട്രംപിന്റെ അക്കൗണ്ടിങ് സ്ഥാപനം കഴിഞ്ഞ എട്ടു വർഷമായി നടത്തുന്ന സകല ഇടപാടുകളും, ആദായനികുതി റിട്ടേണുകളും ഒക്കെ ഇതോടെ അന്വേഷണത്തിന്റെ പരിധിയിൽ വരും. ട്രംപ് സെവൻ സ്പ്രിങ്സ്, ട്രംപ് നാഷണൽ ഗോൾഫ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ നികുതി ഇളവുകളും അന്വേഷിക്കപ്പെടും.

നികുതിവെട്ടിപ്പ് കേസിലും ഡെമോക്രാറ്റുകൾ ട്രംപിന് വലവരിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ പത്തുവർഷമായി ട്രംപ് ആകെ നികുതി അടച്ചത് വെറും 750 ഡോളർ ആണ്. ലാഭത്തേക്കാൾ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. നൂറുകണക്കിന് കോടി ഡോളറിന്റെ ആസ്തിയുള്ള കോടീശ്വരനായ ട്രംപിന് നിരവധി ബിസിനസുകൾ ഉണ്ടെന്ന് ഓർക്കണം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും അല്ലാതെ ഡോണൾഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

അതുപോലെ ട്രംപിനെതിരെ നിരവധി ലൈംഗിക ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ രേഖാമൂലം പരാതി കിട്ടിയാൽ നടപടി ഉറപ്പാണ്. ഇത്രയും കാലമായി ട്രംപ് പ്രസിഡന്റ് പദവിയിൽ ഇരുന്നിരുന്നു എന്നതുകൊണ്ടുമാത്രം അന്വേഷണം നടത്തപ്പെടാതെ പോയിരുന്ന പല കേസുകളിലും ഇനി ബൈഡൻ പാളയത്തിന്റെ കൂടി ഉത്സാഹത്തിൽ ത്വരിതഗതിയിൽ അന്വേഷണങ്ങൾ ഉണ്ടാകും. ഈ അന്വേഷണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ട്രംപിന് സാധിക്കുമോ, ഡൊണാൾഡ് ട്രംപ് എന്ന മുൻ പ്രസിഡന്റിന് കാരാഗൃഹവാസം അനുഭവിക്കേണ്ട ദുര്യോഗമുണ്ടാവുമോ എന്നൊക്കെ കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

'തോറ്റാലും ഞാനിവിടെ ഉണ്ടാവും'

ഒടുവിൽ യുഎസ് ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ ഡോണാൾഡ് ട്രംപ്. സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. കാപ്പിറ്റോൾ മന്ദിരത്തിൽ കടന്നുകയറി റിപബ്ലിക്കൻ അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിന്റെ നാണക്കേടിനു പിന്നാലെ യുഎസ് കോൺഗ്രസ് ഡമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചിരുന്നു. ഇതോടെയാണ്, നേരത്തെ തോൽവി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.ബൈഡന്റെ വിജയം അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണു ട്രംപ് പ്രസ്താവനയിറക്കിയത്. 'ക്രമപ്രകാരമുള്ള കൈമാറ്റം' ഉറപ്പാക്കുമെന്നു പറഞ്ഞ ട്രംപ്, രാഷ്ട്രീയത്തിന്റെ മുൻനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണു അദ്ദേഹത്തിന്റെ വാക്കുകൾ.

'തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള നമ്മുടെ പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.' പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.

മണിക്കൂറുകൾ നീണ്ട അക്രമങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും പിന്നാലെ ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായി യുഎസ് കോൺഗ്രസ് അംഗീകരിച്ചത്. റിപ്ലബിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏറെ വിവാദമായ 2020 പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും പൂർത്തിയായി.

ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിനു ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്. 306 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റ് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയായ ബൈഡന് ലഭിച്ചത്. 232 വോട്ടുകളാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ലഭിച്ചു.പെൻസിൽവാനിയയിലെയും അരിസോണയിലെയും വോട്ടുകൾക്കെതിരെ ഉയർന്ന എതിർപ്പ് സൈനറ്റും ഹൗസ് ഓഫ് റപ്രസന്റേന്റീവ്‌സും നിരസിച്ചതിനെ തുടർന്നാണ് ഇലക്ട്രൽ വോട്ടുകൾ അംഗീകരിച്ചത്.

എന്തായാലും ട്രംപ് പുറത്താവുമ്പോൾ അമേരിക്കയെപ്പോലെ ലോകവും ആശ്വസിക്കയാണ്. ഇനിയും ഇതുപോലെ ഒരു പ്രസിഡന്റ് ഉണ്ടാവരുതേ എന്നാവും ഏവരും ആഗ്രഹിക്കുന്നത്. ട്രംപിനെ കൊണ്ട് തുലഞ്ഞതോടെ ഇത്ര സങ്കീർണ്ണമായ തെരഞ്ഞെടുപ്പ് നടപടികൾ ഇല്ലാതാക്കണമെന്നതും തൊട്ട് പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറക്കണം എന്നുവരെ അമേരിക്കയിൽ ചർച്ച പുരോഗമിക്കുന്നുണ്ട്. നോം ചോസ്‌ക്കി ചോദിച്ചപോലെ ഒരു ഭ്രാന്തൻ അമേരിക്കൻ പ്രസിഡന്റായാൽ നാം എന്തുചെയ്യും?

പുനർവിചാരണ

'സർക്കാർ കുടുംബത്തോടൊപ്പം ഉണ്ട് എന്ന് പറയുകയാണ്..പക്ഷെ പ്രവൃത്തിയിലതില്ല; സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടാവണമെങ്കിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണം'; വാളയാർ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം; കുടുംബത്തിന്റെ നീക്കം പുനർവിചാരണക്കുള്ള കോടതി ഉത്തരവിന് പിന്നാലെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP