Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇലക്ടറൽ വോട്ടെണ്ണലിനുള്ള സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ അറ്റകൈ പ്രയോഗിക്കാൻ ട്രംപിന്റെ വിശ്വസ്തർ; ബൈഡന് വിജയം നൽകിയ സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ എതിർക്കാൻ നീക്കം; നിർണായകമാകുക അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റിന്റെ നിലപാട്; ബൈഡന്റെ ജയം തടയാൻ അധികാരമില്ലെന്ന് ട്രംപിനോട് പെൻസ്

ഇലക്ടറൽ വോട്ടെണ്ണലിനുള്ള സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ അറ്റകൈ പ്രയോഗിക്കാൻ ട്രംപിന്റെ വിശ്വസ്തർ; ബൈഡന് വിജയം നൽകിയ സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ എതിർക്കാൻ നീക്കം; നിർണായകമാകുക അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റിന്റെ നിലപാട്; ബൈഡന്റെ ജയം തടയാൻ അധികാരമില്ലെന്ന് ട്രംപിനോട് പെൻസ്

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൻ: ഇലക്ടറൽ വോട്ടെണ്ണലിനുള്ള സംയുക്ത പാർലമെന്റ് സമ്മേളനം ബുധനാഴ്ച ചേരാനിരിക്കെ ജോ ബൈഡൻ അധികാരത്തിലേറുന്നതു തടയാൻ അറ്റകൈ പ്രയോഗത്തിനൊരുങ്ങി ഡോണൾഡ് ട്രംപിന്റെ വിശ്വസ്തർ. ബുധനാഴ്ച സമ്മേളനം ചേരുമ്പോൾ, ബൈഡനു വിജയം നൽകിയ നിർണായക സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകളെ എതിർക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടിയിലെ 11 സെനറ്റർമാരും നൂറിലേറെ ജനപ്രതിനിധി സഭാംഗങ്ങളും വ്യക്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് സമ്മേളനത്തിന് ആധ്യക്ഷത വഹിക്കുന്നത്.

ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഇലക്ടറൽ വോട്ടുകളുടെ എണ്ണവും അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഈ സമ്മേളനത്തിലാണ്. പാർലമെന്റ് അംഗങ്ങളുടെ അധികാരം വിനിയോഗിച്ച് എതിർപ്പ് ഉന്നയിക്കാനും തെളിവുകൾ മുന്നോട്ടു കൊണ്ടുവരാനുമുള്ള നീക്കമാണ് നടക്കുക. അതേ സമയം യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരത്തിലേറുന്നതു തടയാൻ തനിക്ക് അധികാരമില്ലെന്ന് സെനറ്റ് പ്രസിഡന്റ് കൂടിയായ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പുഫലം തള്ളിക്കളയാൻ പെൻസിന് അധികാരം നൽകണമെന്ന ആവശ്യം യുഎസ് അപ്പീൽ കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. എന്നാൽ ഇലക്ടറൽ കോളജ് സർട്ടിഫിക്കേഷൻ തടയാൻ പെൻസിനു മേൽ കടുത്ത സമ്മർദമാണ് ട്രംപ് ചെലുത്തുന്നത്. തട്ടിപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ നിരസിക്കാൻ വൈസ് പ്രസിഡന്റിന് അധികാരമുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. പെൻസ് അതു ചെയ്യുമെന്ന് ജോർജിയയിൽ നടന്ന റാലിയിലും ട്രംപ് പ്രഖ്യാപിച്ചിരുന്നു. തന്റെ വാക്ക് അനുസരിച്ചില്ലെങ്കിൽ പെൻസിനു രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ നടപടിക്രമം തെറ്റിക്കാൻ തനിക്ക് അധികാരമില്ലെന്ന് വൈറ്റ് ഹൗസ് അഭിഭാഷകർ ഉപദേശം നൽകിയതായി പെൻസ് മറുപടി നൽകി. യോഗത്തിനു ശേഷം പെൻസിനോടു കടുത്ത ദേഷ്യത്തിലാണു ട്രംപ്.

ട്രംപ് ലക്ഷ്യമിടുന്നത്.

ചില സംസ്ഥാനങ്ങളിൽനിന്നുള്ള ഫലം അടിയന്തരമായി ഓഡിറ്റ് ചെയ്യാൻ പാർലമെന്റിന്റെ കമ്മിഷനെ നിശ്ചയിക്കണമെന്നും ഇതിന് 10 ദിവസം സമയം നൽകണമെന്നുമാണ് ടെഡ് ക്രൂസിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ സംഘം ആവശ്യപ്പെടുന്നത്. ബൈഡൻ നിർണായകവിജയം നേടിയ പെൻസിൽവേനിയ (20 ഇലക്ടറൽ വോട്ട്), മിഷിഗൻ (16), ജോർജിയ (16), അരിസോന (11), വിസ്‌കോൻസെൻ (10), നെവാഡ (6) എന്നിവയായിരിക്കും അവർ ഉദ്ദേശിക്കുന്നത്. ഇവയിലെല്ലായിടത്തുമായി 79 ഇലക്ടറൽ സീറ്റുണ്ട്. സംയുക്ത സമ്മേളനത്തിൽ സർട്ടിഫിക്കേഷൻ തടസപ്പെടുത്തി അന്തിമവിജയി ആരാണെന്ന വിഷയം പ്രതിനിധി സഭയിലേക്കോ സുപ്രീം കോടതിയിലേക്കോ എത്തിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.

സംയുക്ത പാർലമെന്റ് സമ്മേളനം - നടപടി ക്രമം ഇങ്ങനെ

ഇലക്ടറൽ വോട്ടെണ്ണലിനുള്ള സംയുക്ത പാർലമെന്റ് സമ്മേളനം 2 മണിക്കൂറാണ് ചേരുന്നത്. അധ്യക്ഷൻ മൈക്ക് പെൻസ്. ഇരുസഭയിലെയും ഓരോ അംഗമെങ്കിലും എതിർപ്പ് ഉന്നയിച്ചാൽ സംയുക്ത സമ്മേളനം പിരിഞ്ഞ് ഇരുസഭകളും വെവ്വേറെ ചേർന്നു ചർച്ച ചെയ്യും. എതിർപ്പ് ഉന്നയിക്കപ്പെട്ട കാര്യങ്ങൾ രണ്ടു സഭയിലും വെവ്വേറെ അംഗീകരിക്കപ്പെടണം. ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണു ഭൂരിപക്ഷം എന്നതിനാൽ റിപ്പബ്ലിക്കൻ നീക്കം പരാജയപ്പെടും. സെനറ്റിൽ റിപ്പബ്ലിക്കൻ മേൽക്കൈ ഉണ്ടെങ്കിലും മിറ്റ് റോംനി ഉൾപ്പെടെ 3 പേരെങ്കിലും ട്രംപിനെതിരെ വോട്ട് ചെയ്യാനാണു സാധ്യത.

നവംബർ 3ലെ വോട്ടെടുപ്പിലൂടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയും സെനറ്റ് അംഗങ്ങളും ചുമതലയേറ്റു കഴിഞ്ഞു. 435 അംഗ ജനപ്രതിനിധി സഭയിൽ അംഗങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ഡമോക്രാറ്റുകൾക്കു തന്നെയാണു ഭൂരിപക്ഷം (222 - 212). ഡമോക്രാറ്റ് നേതാവ് നാൻസി പെലോസി (80) വീണ്ടും സ്പീക്കറുമായി. 100 അംഗ സെനറ്റിൽ നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 50, ഡമോക്രാറ്റുകൾക്ക് 48.

ജോർജിയയിൽ നടക്കുന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് വിജയം നാളെയും ആവർത്തിച്ചാൽ സെനറ്റിലെ മൊത്തം അംഗബലം 50-50 ആകും. ഇതോടെ, നിർണായക വോട്ടെടുപ്പുകളിൽ സെനറ്റ് പ്രസിഡന്റിന്റെ (രാജ്യത്തിന്റെ വൈസ് പ്രസിഡന്റ്) കാസ്റ്റിങ് വോട്ട് നിർണായകമാകും. ഭൂരിപക്ഷമില്ലെങ്കിലും ബില്ലുകൾ പാസാക്കിയെടുക്കാൻ ഭാവിയിൽ ഡമോക്രാറ്റുകൾക്കു സാധിക്കും. മറുവശത്ത് ഒരു സീറ്റെങ്കിലും ജയിച്ചാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു സെനറ്റിൽ കേവല ഭൂരിപക്ഷമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP