Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹായിച്ചാൽ ബിജെപിക്കൊപ്പമെന്നത് സഭയുടെ നിലപാടല്ല; മുംബൈ മെത്രാപ്പൊലീത്തയുടെ പ്രസ്താവന തള്ളി യാക്കോബായ സഭ; തോമസ് മാർ അലക്സാണ്ട്രിയോസിന്റെ പ്രതികരണം ഔദ്യോഗിക സമിതിയുടെ അംഗീകാരമില്ലാതെ; സഭ സിനഡ് സെക്രട്ടറി വാർത്താക്കുറിപ്പ് ഇറക്കിയത് പ്രസ്താവന ചർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്താൽ

സഹായിച്ചാൽ ബിജെപിക്കൊപ്പമെന്നത് സഭയുടെ നിലപാടല്ല;  മുംബൈ മെത്രാപ്പൊലീത്തയുടെ പ്രസ്താവന തള്ളി യാക്കോബായ സഭ; തോമസ് മാർ അലക്സാണ്ട്രിയോസിന്റെ പ്രതികരണം ഔദ്യോഗിക സമിതിയുടെ അംഗീകാരമില്ലാതെ; സഭ സിനഡ് സെക്രട്ടറി വാർത്താക്കുറിപ്പ് ഇറക്കിയത് പ്രസ്താവന ചർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്താൽ

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന മുംബൈ മെത്രാപ്പൊലീത്ത തോമസ് മാർ അലക്സാണ്ട്രിയോസിന്റെ പ്രസ്താവന തള്ളി യാക്കോബായ സഭ. ഇത് സഭയുടെ നിലപാടല്ല. ഔദ്യോഗിക സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് മാതൃഭൂമി ന്യൂസിലൂടെ മെത്രാപ്പൊലീത്ത പ്രസ്താവന നടത്തിയതെന്നും യാക്കോബായ സഭ പ്രസ്താവന ഇറക്കി.

യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് മെത്രാപ്പൊലീത്തയാണ് വാർത്ത കുറിപ്പിറക്കിയത്. തോമസ് മാർ അലക്സാണ്ട്രിയോസിന്റെ പ്രസ്താവന സഭ അറിഞ്ഞുകൊണ്ടല്ലെന്നാണ് ഇതിലൂടെ പറയുന്നത്. സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയായിരുന്നു യാക്കോബയ സഭ സമര സമിതി കൺവീനർ കൂടിയായ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്തയുടെ പ്രസ്താവന വന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നുവെന്നും സഭാ തർക്കം കേന്ദ്രം പരിഹരിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്നുമായിരുന്നു അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഈ പ്രസ്താവനകൾ ചർച്ചകളിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിപ്പോൾ യാക്കോബായ സഭ. ഇതിന്റെ അടിസ്ഥാനത്തിലാണ് അലക്സാണ്ട്രോയോസ് മെത്രാപ്പൊലീത്തയുടെ പ്രസ്താവന തങ്ങളുടെ നിലപാടല്ലെന്ന് സഭ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചത് വലിയ അനുഗ്രഹമായാണ് കരുതുന്നത്. എന്നാൽ ആദ്യഘട്ട ചർച്ച നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞിരുന്നു.

സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കിയിരുന്നു. സഭാ തർക്കത്തിലെ ബിജെപിയുടെ ഇടപെടലിൽ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

എന്നാൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടു കൂട്ടരും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് പ്രധാനമന്ത്രിയുടെ മധ്യസ്ഥതയ്ക്ക് വഴിയൊരുക്കിയ മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള നേരത്തെ പ്രതികരിച്ചിരുന്നു. അത് ചെയ്താൽ ഇത് തരുമെന്ന നിലപാട് ശരിയല്ല. അത്തരമൊരു നിലപാടിന് പ്രധാനമന്ത്രിക്കും താൽപര്യമുണ്ടാവില്ല. രണ്ട് കൂട്ടരും വൈകാരികമായി വിഷയത്തെ കാണുകയാണെങ്കിൽ പിന്നീട് ചർച്ചയിൽ കാര്യമില്ലെന്നുമാണ് പി.എസ് ശ്രീധരൻ പിള്ള വിഷയത്തിൽ പ്രതികരിച്ചത്. സഭാ തർക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിനോട് താൽപര്യമില്ലെന്നും  ശ്രീധരൻ പിള്ള നിലപാട് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP