Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭ ചേരുന്നതിനു 30 ദിവസം മുമ്പ് മുതലും സഭ പിരിഞ്ഞ് 30 ദിവസംവരെയും സ്പീക്കർക്കെതിരേ നിയമ നടപടിയെടുക്കാൻ ചട്ടപ്രകാരം വിലക്ക്; ഈ മാസം 28 വരെ സഭയുള്ളതിനാൽ ചോദ്യം ചെയ്യൽ മാർച്ചിലേക്ക് നീളാൻ സാധ്യത; പേട്ടയിലെ ഫ്‌ളാറ്റിലെ ബാഗ് കൈമാറ്റ മൊഴിയിൽ നിയമസഭാ സമ്മേളനവും പ്രക്ഷുബ്ദമാകും

നിയമസഭ ചേരുന്നതിനു 30 ദിവസം മുമ്പ് മുതലും സഭ പിരിഞ്ഞ് 30 ദിവസംവരെയും സ്പീക്കർക്കെതിരേ നിയമ നടപടിയെടുക്കാൻ ചട്ടപ്രകാരം വിലക്ക്; ഈ മാസം 28 വരെ സഭയുള്ളതിനാൽ ചോദ്യം ചെയ്യൽ മാർച്ചിലേക്ക് നീളാൻ സാധ്യത; പേട്ടയിലെ ഫ്‌ളാറ്റിലെ ബാഗ് കൈമാറ്റ മൊഴിയിൽ നിയമസഭാ സമ്മേളനവും പ്രക്ഷുബ്ദമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നിയമസഭ ചേരുന്നതിനു 30 ദിവസം മുമ്പ് മുതലും സഭ പിരിഞ്ഞ് 30 ദിവസംവരെയും സ്പീക്കർക്കെതിരേ നിയമ നടപടിയെടുക്കാൻ ചട്ടപ്രകാരം വിലക്കുണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭാനടപടികളിൽ സ്പീക്കർക്കു ചുമതലയുള്ളതിനാലാണ് ഇത്. ഈ സാഹചര്യത്തിൽ ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ചോദ്യം ചെയ്യൽ നീളും. ജനുവരി എട്ട് മുതൽ 28വരെ സഭാ സമ്മേളനം ഉള്ളതു കൊണ്ടാണ് ഇത്. അതായത് മാർച്ച് ആദ്യ വാരം മാത്രമേ സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിയൂ. ആപ്പോഴേക്കും കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് മാറും.

ബജറ്റ് അവതരിപ്പിച്ച് നിയമസഭ പിരിഞ്ഞാലും ചർച്ചയ്ക്കായി വീണ്ടും ചേരാനാകും. നിയമസഭാചട്ടപ്രകാരം സ്പീക്കർക്കു ലഭിക്കുന്ന പരിരക്ഷ ഉപയോഗപ്പെടുത്തിയാൽ രണ്ടുമാസം വരെ ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോകാം. ഇങ്ങനെ ജനുവരി 28ന് ശേഷവും സഭ നീട്ടി കൊ്ണ്ടു പോയാൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലും അതനുസരിച്ച് നീളും. ചോദ്യംചെയ്യലിൽനിന്ന് ഒഴിവാകാൻ ഭരണാഘടനാപദവിയുടെ പരിരക്ഷ ലഭിക്കുമോയെന്നാണു കസ്റ്റംസ് പരിശോധിച്ചത്. പരിരക്ഷാ കാലയളവിൽ അന്വേഷണ ഏജൻസികൾക്കു സ്പീക്കറെ വിളിച്ചുവരുത്താനോ ചോദ്യംചെയ്യാനോ കുറ്റംചുമത്താനോ സാധിക്കില്ല.

ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്കു കൈമാറിയെന്ന മൊഴിയാണു സ്പീക്കർക്കെതിരേയുള്ളത്. അതേസമയം, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്നലെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഇന്ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിലെത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെന്നു മൊഴി നൽകിയതു സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തുമാണ്. ഇവർ മജിസ്ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ ഗുരുതര ആരോപണങ്ങളുണ്ടെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ഡോളർ കടത്തുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നാണു ശ്രീരാമകൃഷ്ണന്റെ നിലപാട്. രണ്ടു മന്ത്രിമാരുടെ പേരും സ്വപ്ന പരാമർശിച്ചിട്ടുണ്ടെന്നാണു സൂചന. എട്ടിനു നിയമസഭ ആരംഭിക്കുമ്പോൾ സ്പീക്കർക്കെതിരായ ആരോപണം പ്രതിപക്ഷം മുഖ്യായുധമാക്കും. അവിശ്വാസത്തിനും സ്പീക്കർക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ സ്പീക്കറുടെ നിലപാടും നിർണ്ണായകമാകും. തദ്ദേശത്തിൽ എല്ലാ ആരോപണവും ജനങ്ങൾ തള്ളിയെന്ന വാദമുയർത്തി സ്പീക്കറെ പ്രതിരോധിക്കാനാണ് ഭരണ പക്ഷത്തിന്റെ ശ്രമം.

സ്വപ്നയും സരിത്തും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ പരാമർശമുണ്ടെന്നാണ് അറിയുന്നത്. ഇതിൽ വ്യക്തതവരുത്താനാണ് സ്പീക്കറെ ചോദ്യംചെയ്യുന്നതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് തിരുവനന്തപുരം ഓഫീസായിരിക്കും സ്പീക്കർക്ക് സമൻസ് നൽകുക. വിദേശത്തേക്ക് ഡോളർ കടത്ത് നടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിനുള്ള തന്ത്രങ്ങളും ആലോചിക്കുന്നുണ്ട്. സ്പീക്കർ ഒരു ബാഗ് തങ്ങൾക്ക് കൈമാറിയെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്. ഡോളർ അടങ്ങിയ ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി ആവർത്തിക്കുകയും ചെയ്തു.

നേരത്തെ, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു ഉന്നതന് റിവേഴ്‌സ് ഹവാല ഇടപാടിൽ പങ്കുണ്ടെന്ന് വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാം നിഷേധിച്ച് സ്പീക്കർ പരസ്യമായി രംഗത്തുവന്നിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് സ്വപ്നയെ പരിചയമുണ്ടെന്നും അവരുടെ ക്രിമിനിൽ പശ്ചാത്തലം മനസിലാക്കിയ ശേഷം ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം. വിദേശത്ത് യാതൊരു കൂടിക്കാഴ്ചയും പ്രതികളുമായി നടത്തിയിട്ടില്ലെന്നും സ്പീക്കർ പദവിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നുമായിരുന്നു ശ്രീരാമകൃഷ്ണന്റെ വാദം.

എന്നാൽ, ശേഖരിച്ച വിവരങ്ങളിൽ സ്പീക്കറുടെ പങ്ക് സംശയിക്കപ്പെടുന്നതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. സരിത്തിനെയും സ്വപ്നയെയും പേട്ടയിലെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കർ വിളിച്ചുവരുത്തി ഡോളർ അടങ്ങിയ ബാഗ് കൈമാറി. അവരോട് കോൺസുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു. സരിത്തിന്റെയും സ്വപ്നയുടെയും മൊഴിയിലും ഇത് ആവർത്തിച്ചിട്ടുണ്ട്. അതേസമയം,ഡോളർകടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കോൺസൽ ജനറലിന്റെ ഡ്രൈവറെയും അറ്റാഷെയുടെ ഡ്രൈവറേയുമാണ് ചോദ്യം ചെയ്യുന്നത്. മൂന്നുവർഷമായി സ്വപ്ന സുരേഷും സരിത്തും സന്ദീപും റിവേഴ്‌സ് ഹവാല ഇടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ ഏജൻസികൾ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യുഎഇയിലേക്കു കടത്തി. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP