Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടത്ത് പിടിച്ചപ്പോൾ ഒളിവിൽ പോയത് ഒന്നും അറിയില്ലെന്ന സ്വപ്‌നയുടെ വാദം പൊളിക്കും; ഒളിവിൽ ബന്ധപ്പെട്ടവരെ കുടുക്കാനുള്ള വജ്രായുധമായി മാപ്പു സാക്ഷി; ശിവശങ്കറിനെ ലക്ഷ്യമിട്ട് തെളിവ് ശേഖരണം തുടരും; സന്ദീപ് നായരെ വെറുതെ വിടുന്നത് വിവിഐപികളെ കുടുക്കാൻ; പ്രതിയുടെ ബിജെപി ബന്ധം എൻഐഎയ്ക്ക് തലവേദനയും

കടത്ത് പിടിച്ചപ്പോൾ ഒളിവിൽ പോയത് ഒന്നും അറിയില്ലെന്ന സ്വപ്‌നയുടെ വാദം പൊളിക്കും; ഒളിവിൽ ബന്ധപ്പെട്ടവരെ കുടുക്കാനുള്ള വജ്രായുധമായി മാപ്പു സാക്ഷി; ശിവശങ്കറിനെ ലക്ഷ്യമിട്ട് തെളിവ് ശേഖരണം തുടരും; സന്ദീപ് നായരെ വെറുതെ വിടുന്നത് വിവിഐപികളെ കുടുക്കാൻ; പ്രതിയുടെ ബിജെപി ബന്ധം എൻഐഎയ്ക്ക് തലവേദനയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ പ്രധാന പങ്കാളിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയത് സ്വപ്‌നാ സുരേഷ് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പിക്കാൻ. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു സ്വപ്ന സുരേഷ് ആദ്യം സ്വീകരിച്ചത്. എന്നാൽ സ്വർണക്കടത്ത് പിടിച്ചതിനു പിന്നാലെ ഒളിവിൽ പോയതിനാൽ തന്നെ ആ വാദത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായിരുന്നു. ഇവിടെയാണ് സന്ദീപ് നായരുടെ മൊഴി നിർണായകമാകുക. ഒളിവിൽ കഴിയവേ സ്വപ്ന ആരുമായൊക്കെ ബന്ധപ്പെട്ടുവെന്ന് തെളിയിക്കാൻ സന്ദീപിന്റെ മൊഴിയിലൂടെ കഴിയും. സ്വപ്‌നാ സുരേഷ് കേസിൽ പ്രതിസ്ഥാനത്ത് തുടരേണ്ടത് വിവിഐപികളെ കുടുക്കാൻ അനിവാര്യതയാണ്.

പ്രതികൾക്കു സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സമയപരിധിയായ 180 ദിവസത്തിനകമാണ് എൻ.ഐ.എ. ആദ്യ കുറ്റപത്രം നൽകിയിരിക്കുന്നത്. അനുബന്ധ കുറ്റപത്രമുണ്ടാകും. പ്രതികൾക്കെതിരായ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നറിയിച്ച എൻ.ഐ.എ. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും കുറ്റപത്രത്തിൽ പറയുന്നു. ഇതിനൊപ്പം ശിവശങ്കർ അടക്കമുള്ള ഉന്നതർ ഇനിയും കേസിലേക്ക് കടന്നു വരാനുള്ള സാധ്യത ഏറെയാണ്. കസ്റ്റംസും ഇഡിയും ശിവശങ്കറിനെ പ്രധാന പ്രതിയായി കാണുന്നു. എന്നാൽ എൻഐഎ ഈ ഐഎഎസുകാരനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല.

അതുകൊണ്ട് തന്നെ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചതിലൂടെ എൻ.ഐ.എ. നടത്തിയത് തന്ത്രപരമായ നീക്കമാണ്. സ്വർണക്കടത്തിനെക്കുറിച്ച് എല്ലാമറിയുന്ന ആളെ മാപ്പുസാക്ഷിയാക്കിയതിലൂടെ കോടതിയിൽ കേസിന് ബലം നല്കാൻ എൻ.ഐ.എ.ക്ക് കഴിയും. എന്നാൽ സന്ദീപ് ബിജെപിക്കാരനെന്ന വാദം സജീവമാണ്. ബിജെപിക്കാരനെ കേന്ദ്ര ഏജൻസി മാപ്പുസാക്ഷിയെന്ന ആരോപണം ചർച്ചയാക്കാൻ ഇതിലൂടെ സിപിഎമ്മിന് കഴിയും. കേസ് അട്ടിമറിയുടെ ഭാഗമാണെന്ന് വരുത്താനും ഈ ആയുധം ഉപയോഗിക്കപ്പെടും. എന്നാൽ എൻഐഎ പ്രതീക്ഷയോടെയാണ് ഈ നീക്കം നടത്തുന്നത്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ, റമീസ് എന്നിവർ സ്വർണക്കടത്തിലെ ഒരു കണ്ണിയായി പ്രവർത്തിച്ചിരുന്നുവെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്. ഈ കണ്ണിയിൽ നിന്നൊരാളെ അടർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടമായാണ് എൻഐഎ വിലയിരുത്തുന്നത്.

നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ സ്വപ്ന സുരേഷ് ഒളിവിൽ പോയിരുന്നു. അന്ന് സ്വപ്നയോടൊപ്പം സന്ദീപ് നായരും ഉണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് ഇരുവരേയും ഒന്നിച്ചാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ പിന്നാലെയാണ് യു.എ.പി.എ. അടക്കമുള്ള വകുപ്പുകൾ ചുമത്തുന്നത്. എൻ.ഐ.എ.യുടെ കേസിൽ നാലാം പ്രതിയായിരുന്നു സന്ദീപ് നായർ. മജിസ്ട്രേറ്റിനു മുന്നിൽ സന്ദീപ് നായർ നല്കിയ 164 സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരിക്കുന്നത്. ഹവാലാ മാർഗത്തിലൂടെയാണ് സ്വർണക്കടത്തിനുള്ള പണം കേരളത്തിൽനിന്ന് ദുബായിൽ എത്തിച്ചിരുന്നതെന്ന് കുറ്റപത്രത്തിലുണ്ട്. നയതന്ത്ര ബാഗേജിന്റെ മറവിൽ 14.82 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പ്രതികൾ കടത്താൻ ശ്രമിച്ചുവെന്നും കുറ്റപത്രം പറയുന്നു.

2019 ജൂൺ മുതൽ സ്വർണക്കടത്തിനുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു. 2019 നവംബറിനും 2020 ജൂണിനുമിടയിൽ 167 കിലോ സ്വർണം കടത്തി. യു.എ.ഇ.ക്കു പുറമേ ബഹ്റൈൻ, സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്നും സ്വർണക്കടത്തിനു ശ്രമിച്ചു. കോവിഡ് കാലം പ്രയോജനപ്പെടുത്തി പരമാവധി സ്വർണം കടത്താനായിരുന്നു ശ്രമമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഒന്നാംപ്രതി പി.എസ്. സരിത്ത്, രണ്ടാംപ്രതി സ്വപ്നാ സുരേഷ് അടക്കം 20 പേർക്കെതിരേയാണു യു.എ.പി.എ. വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രം. നിർണായക തെളിവുകളായ ദൃശ്യങ്ങളും ശബ്ദസാംപിളുകളും ഡിജിറ്റൽ രേഖകളും ഹാജരാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച എറണാകുളത്തെ എൻ.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിലുള്ള ഫൈസൽ ഫരീദിനെ അറസ്റ്റുചെയ്തു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. ആകെയുള്ള 33 പ്രതികളിൽ 21 പേരെയാണ് എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നത്. സ്വർണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ശ്രമിച്ചു, രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ്, അഖണ്ഡത എന്നിവ തകർക്കാൻ ശ്രമിച്ചു, സ്വർണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നീ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP